letter-to-the-editor

കല്ലും മുള്ളുമായി ചർച്ച അലസി എന്ന ശീർഷകത്തിൽ കേരളകൗമുദി കഴിഞ്ഞ 17 ന് പ്രസിദ്ധീകരിച്ച വാർത്തയാണ് ഈ ലേഖനത്തിന് പ്രചോദനം. ശബരിമലയിൽ സ്ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയാണല്ലോ ഇപ്പോൾ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന സമരങ്ങൾക്കും കോലാഹലങ്ങൾക്കും കാരണം. ലോകം കണ്ടതിൽ വച്ച് ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഭാരതം. അതിന് കാരണം ലിഖിതവും ശക്തവുമായ ഭരണഘടനയും ആ ഭരണഘടനയെ കണ്ണിലെ കൃഷ്ണമണി പോലെ കാത്തു സൂക്ഷിക്കാൻ കഴിവും ബാധ്യസ്ഥവുമായ നീതിന്യായ വ്യവസ്ഥിതിയും ആണ്. അതുകൊണ്ടാണല്ലോ എക്സിക്യൂട്ടീവ് പരാജയപ്പെടുന്നിടത്ത് പോലും സുപ്രീംകോടതി വിധി വരട്ടെ എന്ന് പറയുന്നത്. പരമോന്നത നീതിപീഠത്തിലെ ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷ ജഡ്ജിമാരും ഉഭയകക്ഷികളുടെ വാദപ്രതിവാദങ്ങൾക്കു ശേഷം പുറപ്പെടുവിച്ച ഉത്തരവ് അത് ഹിതമായാലും അഹിതമായാലും അംഗീകരിച്ചേ മതിയാകൂ. കോടതി കാണുന്നതാണ് ന്യായം. അല്ലാതെ ആരുടെയും താത്പര്യമല്ല.


കോടതി വിധി അംഗീകരിക്കാതിരുന്നാൽ അവിടെ ഭരണഘടന പ്രതിസന്ധിയുണ്ടാകും. എവിടെ നിയമ വ്യവസ്ഥിതി പരാജയപ്പെടുന്നുവോ അവിടെ അധർമ്മവു ം അരാജകത്വവും സുനിശ്ചിതം. അത് ജനാധിപത്യത്തെ തന്നെ പിടിച്ചു കുലുക്കും. പ്രത്യേകിച്ചും പല സുപ്രധാന വിധികൾ വരാനിരിക്കെ. അമ്പത് ശതമാനം സ്ത്രീസംവരണം നിലവിലുള്ളപ്പോൾ എന്തിന്റെ പേരിലായാലും മറിച്ചൊരു വിധിയെഴുതാൻ നീതിപീഠത്തിന് ആവില്ല തന്നെ. ഈ വിധി സ്ത്രീ വിവേചനത്തിനു മാത്രമാണ് വിലക്കെന്നും അല്ലാതെ എല്ലാ സ്ത്രീകളും പ്രായഭേദമന്യേ ഇഷ്ടമാണെങ്കിലും അല്ലെങ്കിലും ആർത്തവദിവസങ്ങളിലും അല്ലാത്തപ്പോഴും ശബരിമലയിൽ പോയേ തീരൂ എന്നല്ല ഇതെഴുതുന്നയാൾ മനസിലാക്കുന്നത്. പരമോന്നത കോടതിയല്ല സാക്ഷാൽ മണികണ്ഠൻ നേരിട്ടു വന്നു വിളിച്ചാൽ പോലും അത്തരം ദിവസങ്ങളിൽ സ്ത്രീകൾ മലയിൽ പോകാറില്ല. ഇത്തരം നിബന്ധനകൾ തന്നെയാണ് ദൈവിക വിശ്വാസത്തിന്റെയും ആചാരത്തിന്റെയും നട്ടെല്ല്. എന്തിന് ആർത്തവദിവസങ്ങളിൽ സ്വന്തം വീട്ടിൽ അന്തിത്തിരിപോലും അവർ കൊളുത്തില്ല. ആരും വിലക്കിയിട്ടല്ല. അതാണ് സ്ത്രീകളുടെ മഹത്വം.


സമാനതകളില്ലാത്ത ഒരു പ്രളയത്തിൽ മുങ്ങി നിൽക്കുന്ന കേരളത്തെ ഒരു കര എത്തിക്കണമെങ്കിൽ അനേകായിരം കോടി രൂപ തന്നെ വേണ്ടിവരും. അപ്പോഴാണ് ശബരിമല സമരം ആർത്തിരമ്പിയെത്തിയിരിക്കുന്നത്. എന്തിനു പറയുന്നു, പണ്ടെ ദുർബല അതിലൂടെ ഗർഭവും എന്ന പരുവത്തിലാണ് കേരള സർക്കാർ. കേരളത്തെ പൂർവസ്ഥിതിയിൽ എത്തിക്കേണ്ടത് ഓരോ കേരളീയന്റെയും കടമയും കർത്തവ്യവുമാണ്. ആ കാര്യം ഗൗരവത്തോടെ ഉൾക്കൊണ്ട് പരമകാരുണ്യവാനായ ശ്രീ അയ്യപ്പന്റെ പേരിൽ നടക്കുന്ന ഈ സമരം ഇനിയും നീട്ടികൊണ്ടു പോകാതെ അയ്യപ്പ ഭക്തൻമാരും രാഷ്ട്രീയ പാർട്ടികളും സർക്കാരും ഒരു സമവായത്തിൽ എത്തണമെന്നും പരിപാവനമായ അയ്യപ്പന്റെ പൂങ്കാവനത്തെ ഒരു യുദ്ധഭൂമി ആക്കരുതെന്ന് അഭ്യർത്ഥിച്ചുകൊണ്ടും ഒരു അയ്യപ്പഭക്തൻ. ആർക്കും വിലക്കില്ല ആരിലും ഭ്രഷ്ടില്ല ആരണ്യ വാസന്റെ സന്നിധിയിൽ ആർക്കും വണങ്ങിടാം അഭിഷേകമർപ്പിക്കാം .
അനുപമ രവീന്ദ്രൻ,
കാരുണ്യ ഫൗണ്ടേഷൻ ചെയർമാൻ
വെടിവെച്ചാൻകോവിൽ