കോഴിക്കോട്: ശബരിമലയിൽ യുവതികളെ കയറ്റാതിരിക്കുന്നത് വ്യക്തമാക്കുന്നത് കേരളത്തിന്റെ മനസാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കാര്യങ്ങൾ ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ പിണറായി വിജയന് ചൊവ്വയിലേക്ക് പോകേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു.സ്ത്രീകൾ ചൊവ്വയിലേക്ക് പോകുന്ന കാലത്താണ് ശബരിമലയിലെ സ്ത്രീ പ്രവേശനത്തെച്ചൊല്ലി ചിലർ പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
തൊണ്ണൂറ്റി ഒമ്പത് ശതമാനം വിശ്വാസികളും ശബരിമലയിലെ സ്ത്രീ പ്രവേശത്തിന് എതിരാണ്. അത് മനസിലാക്കാൻ സർക്കാരിന് കഴിയുന്നില്ല. ഏത് മതവിഭാഗമാണെങ്കിലും അവരുടെ വിശ്വാസങ്ങൾ വ്രണപ്പെടുത്തുന്ന നടപടികൾ ശരിയല്ല എന്നതാണ് യു.ഡി.എഫിന്റെ നിലപാട്. സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി ശരിയല്ലെന്ന് തന്നെയാണ് നിലപാട്. ജഡ്ജിമാരെ വിമർശിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഭരണഘടനയുടെ ആർട്ടിക്കിൾ 26 ബി അനുസരിച്ച് ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമേ നിലവിലെ സുപ്രീം കോടതി വിധി മറികടക്കാനാകൂ. ഇതിന് മുൻകൈ എടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും ഓർഡിനൻസ് കൊണ്ടുവരാൻ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻപിള്ള കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്താത്തത് എന്തുകൊണ്ടാണന്നും അദ്ദേഹം ചോദിച്ചു.
വിഷയത്തിൽ ശ്രീധരൻപിള്ള ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ശബരിമല തീർത്ഥാടനം ഭരണഘടന അനുസരിച്ച് കൺകറന്റ് ലിസ്റ്റിൽപെട്ട വിഷയമാണ്. അതിനാൽ ഇക്കാര്യത്തിൽ സംസ്ഥാനത്തിനും കേന്ദ്രത്തിനും നിയമ നിർമാണം നടത്താം. ഇക്കാര്യത്തിൽ ബി.ജെ.പി ഒളിച്ചുകളിക്കുകയാണ്. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും കള്ളക്കളികൾ തുറന്നു കാണിക്കുന്നതിനായാണ് കോൺഗ്രസ് വമ്പിച്ച പ്രചാരണ പരിപാടികൾ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തിൽ പുന:പരിശോധനാ ഹർജി നൽകുമെന്ന ദേവസ്വം ബോർഡിന്റെ നിലപാട് പരിഹാസ്യമാണ്. ഒരു നിലപാടിൽ ഉറച്ച് നിൽക്കാൻ ദേവസ്വം ബോർഡിന് കഴിയുന്നില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.