പാലാ : രാമപുരത്ത് ഏഷ്യയിലെ ഏറ്റവും വലിയ ദേവാലയമൊരുങ്ങി. ആഗസ്തീനോസ് പുണ്യവാളന്റെ മാദ്ധ്യസ്ഥം തേടി ആയിരങ്ങൾ പ്രാർത്ഥനയ്‌ക്കെത്തുന്ന രാമപുരം സെന്റ് അഗസ്റ്റ്യൻസ് പള്ളി ഇരുപത് കോടിയിൽപ്പരം രൂപ ചെലവഴിച്ചാണ് പുതുക്കി പണിതത്.
മൂന്ന് നിലകളിലുള്ള അതിമനോഹരമായ ദേവാലയത്തിന്റെ മുൻവശം ഗ്രീക്ക്, പോർച്ചുഗീസ്, ജർമ്മൻ കലകളുടെ സങ്കലനമാണ്. അൾത്താര സ്ഥിതി ചെയ്യുന്ന ''അതിവിശുദ്ധയിടം'' ഭാരതത്തിലെ പഴയകാല ദേവാലയങ്ങളുടെ ശിൽപ്പഭംഗിയിലാണ്. വിശുദ്ധ അൾത്താരയിൽ ബലിയർപ്പണം നടക്കുമ്പോൾ സ്വർഗ്ഗം അത് വീക്ഷിക്കുന്നു, ബലിയർപ്പണം അനന്തതയിലേക്ക് പോകുന്നു എന്ന സങ്കല്പത്തോട് ചേരാനായി 35 അടിയോളം ഉയരമുള്ള 'തോറ' തയ്യാറാക്കിയിട്ടുള്ളത് ഈ പള്ളിയുടെ പ്രത്യേകതയാണെന്ന് വികാരി റവ. ഡോ. ജോർജ് ഞാറക്കുന്നേൽ പറഞ്ഞു.
മൂന്ന് നിലകളിലായുള്ള ദേവാലയത്തിന്റെ അടിയിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ മ്യൂസിയമാണ്. രണ്ടാംനില വിവിധ ഭക്ത സംഘടനകളുടെ ഓഫീസും പാരീഷ് കൗൺസിലിന്റെ യോഗശാലയുമായും പ്രവർത്തിക്കും ഇൻഡ്യയിലെ മറ്റൊരു ദേവാലയത്തിലും നിലവിൽ ഇല്ലാത്ത സ്ഥിരം മീഡിയാ റൂമും രണ്ടാംനിലയിലുണ്ടാവും. ഇതോടൊപ്പം അഞ്ച് വിശാലമായ അതിഥി മുറികളുമുണ്ട്.
രാമപുരം ഇടവകയിലെ കുടുംബങ്ങൾ, ഇവിടെനിന്നും വിദേശങ്ങളിൽ പോയവർ തുടങ്ങിയവരുടെ സാമ്പത്തിക സഹകരണത്തോടെയാണ് കൂറ്റൻ ദേവാലയം പണിതുയർത്തിയിട്ടുള്ളത്. പള്ളി ഹാളിലും മോണ്ടളത്തിലുമായി അയ്യായിരം പേർക്ക് ഒരേസമയം ഇവിടെ പ്രാർത്ഥനയിൽ പങ്കുകൊള്ളാൻ കഴിയും. മുതിർന്ന പൗരൻമാർക്കും രോഗികൾക്കുമായി ബലിപീഠത്തിന്റെ ഇരുവശത്തും പ്രത്യേകം ഇരിപ്പിടങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് വികാരി പറഞ്ഞു.
പുതുവർഷത്തിൽ നടക്കുന്ന പള്ളികൂദാശ കർമ്മത്തിൽ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി, കർദ്ദിനാൾ ക്ലീമിസ് മാർ ബസേലിയോസ്, പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജേക്കബ് മുരിക്കൻ, മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ തുടങ്ങിയവർ മുഖ്യകാർമ്മികത്വം വഹിക്കും. ഇരുപത്തഞ്ചോളം ബിഷപ്പുമാരും നൂറുകണക്കിന് വൈദികരും പങ്കെടുക്കും. 2009ൽ റവ. ഡോ. ജോർജ്ജ് ഞാറക്കുന്നേൽ രാമപുരം പള്ളി വികാരിയായി ചുമതലയേറ്റതിന് ശേഷമാണ് പുതിയ ദേവാലയമെന്ന ആശയം ഉരുത്തിരിഞ്ഞത്. തുടർന്ന് ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടത്തിയ നിരന്തര പരിശ്രമങ്ങളുടെ ഫലമാണിപ്പോൾ സഫലമായിട്ടുള്ളത്.
പരിപാടികളുടെ നടത്തിപ്പിനായി ഡോ. സെബാസ്റ്റ്യൻ നടുത്തടം, ഫാ. മൈക്കിൾ കിഴക്കേപ്പറമ്പിൽ, ഫാ. ജോസഫ് വയാലിൽ, ഫാ. ജോർജ്ജ് പറമ്പിത്തടത്തിൽ, ജോണി വാലുമ്മേൽ, ജോജോ മണ്ണാപറമ്പിൽ, ബെന്നി കച്ചിറമറ്റം, അഗസ്റ്റിൻ കക്കൊഴയിൽ എന്നിവരുടെയും നേതൃത്വത്തിൽ വിപുലമായ കമ്മറ്റി പ്രവർത്തിച്ചുവരുന്നു.