dileep

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ആരോപിതനായ നടൻ ദിലീപിന്റെ രാജി ചോദിച്ചു വാങ്ങിയെന്ന താരസംഘടനയായ 'അമ്മ'യുടെ പ്രസിഡ‌ന്റ് മോഹൻലാലിന്റെ നിലപാട് തള്ളി ദിലീപ് തന്നെ രംഗത്ത്. തന്റെ പേരിൽ അമ്മ തകരാതിരിക്കാനും വിവാദങ്ങൾ അവസാനിപ്പിക്കുന്നതിനും വേണ്ടി മോഹൻലാലുമായുള്ള ചർച്ചയ്ക്ക് ശേഷം താൻ സ്വമേധയാ രാജി സമർപ്പിക്കുകയായിരുന്നുവെന്ന് ദിലീപ് അമ്മയ്ക്ക് നൽകിയ കത്തിൽ വ്യക്തമാക്കി.

അമ്മയുടെ ബൈലോപ്രകാരം ഒരാളെ പുറത്താക്കാൻ ജനറൽ ബോഡിയിൽ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോദ്ധ്യമുണ്ട്. എന്നാൽ,​ എന്നെ ചൊല്ലി അമ്മ എന്ന സംഘടന തകരാതിരിക്കാൻ വേണ്ടിയാണ് രാജിക്കത്ത് നൽകിയത്. രാജിക്കത്ത് സംഘടന സ്വീകരിച്ചാൽ അത് രാജിയാണ്, പുറത്താക്കലല്ല - ദിലീപ് പറഞ്ഞു.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ചില തൽപര കക്ഷികൾ വിവാദം സൃഷ്ടിക്കാൻ തുടങ്ങിയപ്പോൾ തന്നെ സംഘടനയുടെ നന്മയെ കരുതി,​ കോടതിയുടെ തീർപ്പുണ്ടാകുന്നത് വരെ സംഘടനയുമായി ചേർന്ന് പ്രവർത്തിക്കില്ലെന്ന് ചൂണ്ടിക്കാട്ടി അമ്മയ്ക്ക് കത്ത് നൽകിയിരുന്നു. എന്നാൽ അതിനുശേഷവും തന്നേയും അമ്മയേയും അപകീർത്തിപ്പെടുത്താൻ ശ്രമം തുടരുകയായിരുന്നു. എന്റെ പേര് പറഞ്ഞ് സംഘടനയെ ഇല്ലായ്മ ചെയ്യാനാണ് ശ്രമം. എന്നെ അമ്മയിൽ നിന്ന് പുറത്താക്കണം എന്ന ആവശ്യമുന്നയിച്ച് സംഘടനയിൽ വിവാദവും ഭിന്നിപ്പും സ‌ൃഷ്ടിക്കാനുള്ള സംഘടിത നീക്കം ചില അംഗങ്ങളുടെ നേതൃത്വത്തിൽ ഇപ്പോഴും തുടരുന്നുണ്ട്. അത് ഇനി അനുവദിക്കരുത്. അതിനാൽ തന്നെ ഇത് തന്റെ രാജിക്കത്തായി പരിഗണിക്കണമെന്നും അമ്മയുടെ അംഗത്വത്തിൽ നിന്ന് ഒഴിവാക്കണമെന്നും ദിലീപ് കത്തിലൂടെ അഭ്യർത്ഥിച്ചു.

ഒരു ജനറൽ ബോഡി കൈക്കൊണ്ട തീരുമാനം മാറ്റാൻ മറ്റൊരു ജനറൽ ബോഡിക്ക് മാത്രമേ അവകാശമുള്ളൂവെന്ന് നിയമാവലിയിൽ പറയുന്നുണ്ട്. എന്നാൽ ഒരംഗത്തിന് വിശദീകരണത്തിന് പോലും അവസരം നൽകാതെ പുറത്താക്കാനാകില്ലെന്ന് അറിയാമിയിരുന്നിട്ടും സംഘനടയിലെ ചിലരുടെ നേതൃത്വത്തിൽ തന്നെ പത്രദൃശ്യ മാദ്ധ്യമങ്ങളിലൂടെ അമ്മയെ സമ്മർദ്ദത്തിലാക്കുന്നതിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയുണ്ട്. ഇത്തരക്കാരുടെ ഉപജാപങ്ങളിൽ അമ്മ തകരരുതെന്നും ദിലീപ് പറഞ്ഞു.