ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സമർപ്പിച്ച പുതിയ ഹർജികൾ നവംബർ 13ന് പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട് മൂന്ന് റിട്ട് ഹർജികളാണ് അടുത്ത മാസം 13ന് വൈകീട്ട് മൂന്ന് മണിക്ക് പരിഗണിക്കുകയെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് അറിയിച്ചു. ഹർജിക്കാർ ഉന്നയിച്ച വാദങ്ങൾ പൂർണമായും പരിശോധിക്കുമെന്നും ഏത് ബെഞ്ചിനെ ഏൽപ്പിക്കും എന്നുൾപ്പെടയുള്ള കാര്യങ്ങൾ ഉടൻ തീരുമാനിച്ച് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
സുപ്രീം കോടതിയുടെ ഭരണഘടന ബെഞ്ച് പുറപ്പെടുവിച്ച സുപ്രധാന വിധിക്കെതിരെ 19 പുന:പരിശോധന ഹർജികളും സമർപ്പിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാ കേസുകളും തുറന്നകോടതിയിലാണ് വാദം കേൾക്കുക. നവംബർ 16 മണ്ഡലകാലത്തിന് നട തുറക്കാനിരിക്കെയാണ് ആ മാസം 13ന് കേസ് പരിഗണിക്കാൻ സുപ്രീം കോടതി തീരുമാനിക്കുന്നത്.
അതേസമയം, നേരത്തേ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെ തിരുത്തണമെങ്കിൽ കേസ് ഇനി ഏഴംഗ ഭരണഘടനാബെഞ്ചിലേക്ക് മാറ്റേണ്ടി വരും. അയ്യപ്പഭക്തരുടെ മൗലികാവകാശം സംരക്ഷിക്കാത്തതാണ് സുപ്രീംകോടതി വിധിയെന്ന് ചൂണ്ടിക്കാട്ടി അയ്യപ്പഭക്തരുടെ കൂട്ടായ്മയും അയ്യപ്പ ധർമ പ്രചാര സഭയും വി.എച്ച്.പിയുമാണ് റിട്ട് ഹർജികൾ നൽകിയിരിക്കുന്നത്.