സ്ത്രീപ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധി വന്നതിന് ശേഷം മാസപൂജയ്ക്കായി നട തുറന്ന ശബരിമലയിൽ സംഘർഷഭരിതമായ ദിനങ്ങളാണ് കടന്ന് പോയത്. ഭക്തിയുടെയും ആചാരങ്ങളുടെയും വിശ്വാസങ്ങൾ മുറുകെ പിടിച്ച് ആയിരങ്ങളാണ് യുവതീ പ്രവേശനം തടയാനായി പമ്പമുതൽ സന്നിധാനം വരെ അണിനിരന്നത്. ശരണവിളികളാൽ മുഖരിതമായ പ്രതിഷേധത്തെ കായികമായി നേരിടാതെ കേരള പൊലീസും സംയമനം പാലിച്ചിരുന്നു. എന്നാൽ നടതുറന്നതിന്റെ അവസാന ദിവസം എല്ലാവരുടെയും ശ്രദ്ധ അയ്യപ്പ സന്നിധിയിൽ നിറകണ്ണുകളോടെ തൊഴുത് പ്രാർത്ഥിച്ച ശ്രീജിത് ഐ.പി.എസിലായിരുന്നു. സർക്കാർ ഉത്തരവ് പാലിച്ച് സ്ത്രീ പ്രവേശനത്തിൽ സുരക്ഷ നൽകാൻ ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥൻ നിറകണ്ണുകളുമായി അയ്യപ്പനോട് മാപ്പിരക്കുകയായിരുന്നുവെന്ന രീതിയിലാണ് ഈ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്. എന്നാൽ ശരിക്കും ശ്രീജിത് ഐ.പി.എസിന്റെ ഭക്തിയെ തുറന്ന് കാട്ടി സുഹൃത്തായ അഡ്വ. സംഗീത ലക്ഷ്മണയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നതിന് ശേഷമാണ് അദ്ദേഹത്തിന്റെ ഭക്തിയെ കുറിച്ച് ആഴത്തിൽ പൊതുജനത്തിന് മനസിലാവുന്നത്.
മൂകാംബിക ദേവിയുടെ ഉത്തമ ഭക്തനാണ് ശ്രീജിത് ഐ.പി.എസ് എന്നും അദ്ദേഹം എല്ലാ മാസവും മുടങ്ങാതെ അവിടെ പ്രാർത്ഥനയ്ക്കായി എത്തുമെന്ന് തന്നോട് പറഞ്ഞിട്ടുണ്ടെന്നും സംഗീത ലക്ഷ്മണ പറയുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിലുള്ളവരും ക്ഷേത്രദർശനത്തിൽ അതീവ തത്പരരാണ്. ഇത്തവണയും മൂകാംബികയിലേക്ക് യാത്ര തിരിക്കാൻ തയ്യാറെടുക്കുന്നതിനിടെയാണ് ശബരിമല ഡ്യൂട്ടി ലഭിച്ചത്.
ഐ.പി.എസ് ലഭിക്കും മുൻപ് കസ്റ്റംസ് ഉദ്യോഗസ്ഥനായും,ആകാശവാണിയിൽ ആർട്ടിസ്റ്റായി ശ്രീജിത് ഐ.പി.എസ് പ്രവർത്തിച്ച കാലവും ഫേസ്ബുക്ക് പോസ്റ്റിൽ സംഗീത ലക്ഷ്മണ വിവരിക്കുന്നു.