pinarayi

തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചതിനെതിരെ അവിടെ നടന്ന പ്രതിഷേധങ്ങൾക്ക് പിന്നിൽ ആർ.എസ്.എസിന്റേയും സംഘപരിവാറിന്റേയും ആസൂത്രിത ഗൂഢാലോചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശബരിമലയെ അക്രമികളുടെ കേന്ദ്രമാക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അക്രമികൾക്ക് അഴിഞ്ഞാടാനുള്ള വേദിയായി ശബരിമലയെ മാറ്റാൻ സർക്കാർ അനുവദിക്കില്ല. സ്ത്രീ പ്രവേശനകാര്യത്തിൽ സർക്കാരിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. വിശ്വാസികളുടെ വിശ്വാസത്തെയും സർക്കാർ മാനിക്കുന്നു. ശബരിമല ഒരു ആരാധനാ സ്ഥലമാണ്. അതിന് ആവശ്യമായ ശാന്തിയും സമാധാനവുമാണ് വേണ്ടത്. ശബരിമലയെ ഒരു സംഘർഷ ഭൂമിയാക്കുക സർക്കാരിന്റെ ഉദ്ദേശമല്ല. സുപ്രീംകോടതി വിധിയനുസരിച്ച് വിശ്വാസികൾക്കെല്ലാം ശബരിമലയിൽ പോയി ആരാധിക്കാനുള്ള അവകാശമുണ്ട്. അതിനുള്ള സൗകര്യമൊരുക്കുക എന്നതാണ് സർക്കാരിന്റെ ചുമതല.

ശബരിമലയെ കലാപഭൂമിയാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് സംഘപരിവാർ നടത്തുന്നത്. അതിന് ഗൂഢമായ പദ്ധതിതന്നെ സംഘപരിവാർ തയ്യാറാക്കി. ശബരിമലയിൽ സർക്കാരോ പൊലീസോ ഒരു വിശ്വാസിയേയും തടയുന്നതിനോ എതിർക്കുന്നതിനോ തയ്യാറായിട്ടില്ല. അവിടെ പന്തംകൊളുത്തി സമരം നടന്നപ്പോൾ പോലും സർക്കാർ എതിർത്തില്ല. സന്നിധാനത്തെത്തുന്ന വിശ്വാസികളെ പരിശോധനയ്ക്ക് ശേഷമേ കടത്തിവിടൂ എന്ന സ്ഥിതിയാണ് സംഘപരിവാർ സ്വീകരിച്ചത്. കുറേ ഭക്തർക്ക് നേരെ ആക്രമണവുമുണ്ടായി. ശബരിമലയിലേക്ക് പോകുന്ന സാധാരണ ഭക്തർക്കും തടസം സൃഷ്ടിച്ചു.

മാദ്ധ്യമപ്രവർത്തകർക്ക് നേരെയും ആക്രമണമുണ്ടായി. ഇത് കേരളത്തിൽ പുതിയൊരു രീതിയാണ്. തങ്ങൾക്ക് ഇഷ്ടമുള്ളത് റിപ്പോർട്ട് ചെയ്തില്ലെങ്കിൽ ആക്രമിക്കുമെന്ന് മാദ്ധ്യമപ്രവർത്തകരെ പരസ്യമായി വെല്ലുവിളിച്ചു. അയ്യപ്പഭക്തർ ശബരിമലയിലെത്തുന്നതിനെ സമരം, നിയമം കൈയിലെടുക്കുന്ന സമരം ഇതൊക്കെയാണ് നടന്നത്. ദർശനത്തിനെത്തിയവർക്കുനേരെ കല്ലേറുണ്ടാവുകയും അവരെ മാനസിമായി പീഡിപ്പിക്കുകയും ചെയ്തു. ഇത്തരം ഘട്ടത്തിൽ അവിടെയെത്തുന്നവർക്ക് സംരക്ഷണം ഒരുക്കുക എന്നതാണ് പൊലീസിന്റെ കടമ.

വനിതകൾക്കുനേരെ ശബരിമലയിൽ ആക്രമണം നടത്തിയ അതേസമയം തന്നെ അവരുടെ വീടുകളും ആക്രമിച്ചു. വനിതകളെ ആക്രമിച്ചത് അയ്യപ്പഭക്തരാണെന്നാണ് സംഘപരിവാർ പറഞ്ഞത്. എന്നാൽ അവർ യഥാർത്ഥത്തിൽ ഭക്തരല്ല. ശബരിമലയിലെത്തുന്ന സ്ത്രീകളെ നേരത്തെ മനസിലാക്കുകയും കേരളത്തിലെവിടെയാണെങ്കിലും അവരുടെ വീടുകയറി ആക്രമിക്കാനുമാണ് മുൻകൂട്ടി പദ്ധതി തയ്യാറാക്കിയിരുന്നത്. അക്രമികളുടെ കേന്ദ്രമായി ശബരിമലയെ മാറ്റാമെന്ന് ഏതെങ്കിലും ശക്തികൾ വ്യാമോഹിക്കുന്നുണ്ടെങ്കിൽ അത് നടക്കില്ല. ശാന്തിയും സമാധാനവും തിരികെ കൊണ്ടുവരാൻ അവിടെ കേന്ദ്രീകരിച്ചിരിക്കുന്ന ക്രിമിനലുകളെ പുറത്താക്കും. വിശ്വാസികൾക്ക് കടന്നു ചെല്ലാവുന്ന സാഹചര്യം സർക്കാരുണ്ടാക്കും.

പത്ത് മുതൽ 50 വയസ് വരെയുള്ള സ്ത്രീകളെ തടയുമെന്നാണ് ഇക്കൂട്ടർ പറഞ്ഞിരുന്നത്. എന്നാൽ ആ പരിധിക്ക് അപ്പുറവും ഇപ്പുറവും പ്രായമുള്ളവരെയും തടഞ്ഞു. സമരക്കാർക്കൊപ്പം ചില ദേവസ്വം ജീവനക്കാരും വരുന്ന അവലോകന യോഗത്തിലെത്തിയ സ്ത്രീകളെ തടഞ്ഞു എന്ന വാർത്തകളുണ്ടായിരുന്നു. ഇത് ദേവസ്വം ബോർഡ് ഗൗരവമായി പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.