-pinarayi-vijayan-

വടകര: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി ഇടത് സർക്കാർ ചോദിച്ചുവാങ്ങിയതാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനത്ത് വർഗീയ വികാരം ഇളക്കിവിടുകയാണെന്നും ശബരിമലയിൽ അവർണരും സവർണരും എന്ന വ്യത്യാസമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളം ഭരിക്കുന്ന ഇടത് സർക്കാർ തീക്കൊള്ളി കൊണ്ട് തല ചൊറിയുകയാണെന്നും മുഖ്യമന്ത്രിക്കെതിരെ കോൺഗ്രസ് കോടതിയെ സമീപിക്കുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. അക്രമരഹിത വടകര' എന്ന പേരിൽ കോൺഗ്രസ് നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.

സ്ത്രീപ്രവേശനം വിലക്കിയിട്ടുള്ള സ്ഥലമല്ല ശബരിമല. ഒരു പ്രത്യേകപ്രായപരിധിയിലുള്ള സ്ത്രീകൾക്ക് മാത്രമാണ് അവിടെ പ്രവേശനത്തിന് വിലക്കുള്ളത്. വിശ്വാസവും അനാചാരവും രണ്ടും രണ്ടാണ്. ശബരിമലയിലേത് വിശ്വാസം മാത്രമാണ്. അതുപോലെത്തന്നെ സുന്നിപ്പള്ളികളിൽ സ്ത്രീകൾ കയറണോ വേണ്ടയോ എന്ന് തീരുമാനിയ്‌ക്കേണ്ടത് കെ.ടി.ജലീലും കോടിയേരിയുമല്ലെന്നും വിശ്വാസികളാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം, ശബരിമലയിൽ യുവതികളെ കയറ്റാതിരിക്കുന്നത് വ്യക്തമാക്കുന്നത് കേരളത്തിന്റെ മനസാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കാര്യങ്ങൾ ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കിൽ പിണറായി വിജയന് ചൊവ്വയിലേക്ക് പോകേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു.സ്ത്രീകൾ ചൊവ്വയിലേക്ക് പോകുന്ന കാലത്താണ് ശബരിമലയിലെ സ്ത്രീ പ്രവേശനത്തെച്ചൊല്ലി ചിലർ പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.