കൊച്ചി: മുൻ കാമുകിയെ വീട്ടിൽ നിന്നും തല്ലിയിറക്കിയ ശാന്തിക്കാരൻ റിമാൻഡിൽ. പള്ളിപ്പുറം വട്ടാശ്ശേരി റിബിൻ (31) ആണ് ഇന്നലെ രാത്രിയോടെ റിമാൻഡിലായത്. പ്രണയം നടിച്ച് വഞ്ചിച്ച് രണ്ടാമതൊരു വിവാഹത്തിനൊരുങ്ങിയ മുൻ കാമുകനെ തേടിയെത്തിയ എളമക്കര സ്വദേശിനിയ്ക്കാണ് മർദ്ദനമേറ്റത്.
യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുനമ്പം പൊലീസ് പ്രതിയെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കാമുകന്റെ വീട്ടിലെത്തിയ പരാതിക്കാരി ഇവിടെ വച്ച് റിബിനുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് റിബിൻ മുൻ കാമുകിയെ വീട്ടിൽ നിന്നും തല്ലിയിറക്കുകയും അസഭ്യ വർഷം നടത്തുകയുമായിരുന്നു. തുടർന്നാണ് മുനമ്പം പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്.
ഇന്നലെ ചെറായിയിൽ വച്ചാണ് പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ഇയാൾക്കെതിരെ കേസെടുത്തത്. നേരത്തെ ഏലൂരിൽ വച്ച് പ്രേതബാധ ഒഴിപ്പിക്കാൻ എത്തിച്ചപ്പോഴാണ് ശാന്തിക്കാരനായ റിബിൻ പരാതിക്കാരിയായ യുവതിയുമായി ആദ്യം അടുക്കുന്നത്. തുടർന്ന് ഇയാൾ വിവാഹവാഗ്ദാനം നൽകി. അടുത്തിടെ ഈ ബന്ധത്തിൽ മാറി യുവാവ് മറ്റൊരു യുവതിയുമായി വിവാഹം ഉറപ്പിച്ചു. ഇതാണ് മുൻ കാമുകിയെ ചൊടിപ്പിച്ചത്.