ചണ്ഡിഗഢ്: രാജ്യത്തെ നടുക്കിയ അമൃതസർ ട്രെയിൻ ദുരന്തത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട മുഴുവൻ കുട്ടികളെയും ദത്തെടുക്കുമെന്ന് പഞ്ചാബ് മന്ത്രി നവജ്യോത് സിംഗ് സിദ്ദു പറഞ്ഞു. 61 പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തിൽ അനാഥരായ കുട്ടികളെ താനും ഭാര്യയും ചേർന്ന് ഏറ്റെടുക്കുമെന്നും അവർക്ക് മികച്ച വിദ്യാഭ്യാസവും തുടർന്നുള്ള എല്ലാ ചെലവുകളും വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ദുരന്തത്തിൽ ഭർത്താക്കൻമാർ നഷ്ടപ്പെട്ട സ്ത്രീകൾക്ക് സാമ്പത്തിക സഹായം അനുവദിക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, 5 ലക്ഷം രൂപ വീതം ഇരുപത്തിയൊന്നു കുടുംബങ്ങൾക്ക് 1.05 കോടി രൂപ പഞ്ചാബ് സർക്കാർ ആദ്യ ഘട്ട സഹായമായി നൽകിയിരുന്നു. സാമ്പത്തിക സഹായം ലഭിക്കാത്ത കുടുംബങ്ങൾക്ക് അടുത്ത രണ്ടു ദിവസങ്ങൾക്കുള്ളിൽ ലഭ്യമാക്കുമെന്ന് ആരോഗ്യ മന്ത്രി ബ്രഹ്മ മഹീന്ദ്ര പറഞ്ഞു. സർക്കാർ ദുരന്തബാധിതർക്കൊപ്പമാണെന്നും മുഖ്യമന്ത്രിയുടെ പ്രത്യേക നിർദ്ദേശപ്രകാരം പുനരധിവാസ കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നതിന് അമൃത്‌സറിൽ ക്യാമ്പ് ചെയ്യുകയാണെന്നും ബ്രഹ്മ മഹീന്ദ്ര വ്യക്തമാക്കി.