തിരുവനന്തപുരം: ക്ഷേത്രങ്ങൾ ദേവസ്വം ബോർഡിന്റെ സ്വത്താണെന്നും അതിന്മേൽ ആരും തെറ്റായ അവകാശവാദം ഉന്നയിക്കേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സ്ത്രീകൾ പ്രവേശിച്ചാൽ ശബരിമല നട അടച്ചിടുമെന്ന് പറഞ്ഞ തന്ത്രിയേയും മുഖ്യമന്ത്രി രൂക്ഷമായി വിമർശിച്ചു. ശബരിമല ക്ഷേത്രത്തിലെ പൂജാകാര്യങ്ങൾ തീരുമാനിയ്ക്കാൻ തന്ത്രിയ്ക്ക് അവകാശമുണ്ട്. പക്ഷേ ഭരണപരമായ തീരുമാനങ്ങളെടുക്കാനുള്ള അവകാശം ദേവസ്വം ബോർഡിനാണ്. വിശ്വാസികൾ കടക്കുന്നത് തടയുകയല്ല, അവരെ പ്രവേശിപ്പിക്കുക എന്ന ഉത്തരവാദിത്തമാണ് ബോർഡിനും തന്ത്രിയ്ക്കുമുള്ളത്. അത് മറന്ന്, ക്ഷേത്രം അടച്ചിടുമെന്ന് പ്രഖ്യാപിച്ച്, സുപ്രീം കോടതി വിധി അട്ടിമറിയ്ക്കാൻ തന്ത്രിയും പരികർമികളും ശ്രമിച്ചത് അംഗീകരിക്കാനാവില്ല. സ്ത്രീകളെ തടയുന്നതിന് വേണ്ടി പരികർമികൾ പതിനെട്ടാം പടിക്ക് താഴെ സത്യാഗ്രഹമിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ അഞ്ച് വർഷമായി സർക്കാർ ശബരിമലയിൽ ചെലവഴിച്ചത് 302 കോടി രൂപയാണ്. ദേവസ്വം ബോർഡിന്റെ ചില്ലിക്കാശ് പോലും സർക്കാർ എടുത്തിട്ടില്ല. 1949ലെ കവനന്റ് അനുസരിച്ച് അവകാശമുണ്ടെന്നാണ് ഇപ്പോഴത്തെ വാദം. ആ കവനന്റ് പ്രകാരം തിരുവിതാകൂർ കൊച്ചി രാജാക്കന്മാരും കേന്ദ്രസർക്കാരിനെ പ്രതിനിധീകരിച്ച് വി.പി.മേനോനുമാണുണ്ടായിരുന്നത്. രണ്ട് കാര്യങ്ങളാണ് അതിൽ പറയുന്നത്. ഒന്ന് തിരു - കൊച്ചി ലയനം. തിരുവിതാംകൂറിന് കീഴിലുള്ള ക്ഷേത്രങ്ങൾ തിരുവിതാംകൂർ ദേവസ്വത്തിനു കീഴിലും കൊച്ചി രാജാവിന് കീഴിലുള്ള ക്ഷേത്രം കൊച്ചി ദേവസ്വം ബോർഡിന് കീഴിലും കൊണ്ടുവരണം എന്നതാണ് അതിലെ പ്രധാന വ്യവസ്ഥ. പന്തളം രാജാവ് ഇതിൽ കക്ഷിയായിരുന്നില്ല. പന്തളം രാജാവ് അധികാരം തിരുവിതാംകൂർ രാജാവിന് നേരത്തെ തന്നെ അടിയറ വച്ചിരുന്നു. ആദ്യം തിരുവിതാംകൂർ രാജാവിന്റെയും പിന്നീട് തിരു- കൊച്ചി സംസ്ഥാനത്തിന്റെയും സ്വത്തായിരുന്ന ശബരിമല പിന്നീട് ഐക്യകേരളം രൂപീകരിക്കപ്പെട്ടപ്പോൾ സംസ്ഥാനത്തിന്റെ സ്വത്തായി മാറുകയായിരുന്നു. പിന്നീട് ഹിന്ദു ക്ഷേത്രങ്ങൾ ഭരിയ്ക്കാൻ രൂപീകരിച്ച ദേവസ്വം ബോർഡിന്റെ കീഴിലായി ശബരിമല. അങ്ങനെ നോക്കിയാൽ ശബരിമലയുടെ നിയമപരമായ അവകാശി ദേവസ്വം ബോർഡ് മാത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.