jds
മാത്യു ടി തോമസ് കെ.കൃഷ്ണൻ കുട്ടി

തിരുവനന്തപുരം: ജനതാദൾഎസ് നേതൃത്വത്തിൽ നാളുകളായി തുടരുന്ന ശീതസമരത്തിനൊടുവിൽ മന്ത്രിസ്ഥാനത്തുനിന്ന് സംസ്ഥാന ജലവിഭവ മന്ത്രി മാത്യു.ടി. തോമസിന് പുറത്തേക്കുള്ള വഴി തുറക്കുന്നു. പാർട്ടി അഖിലേന്ത്യാ നേതൃത്വവും കൃഷ്ണൻകുട്ടി വിഭാഗത്തെ അനുകൂലിച്ചതോടെയാണ് മന്ത്രിസഭയിൽ ഒരു മാറ്റത്തിന് കളമൊരുങ്ങുന്നത്. ഒരു മാസത്തിനകം ജനതാദൾഎസിന്റെ പുതിയ മന്ത്രി ചുമതലയേൽക്കുമെന്നാണ് വിവരം. പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ. കൃഷ്ണൻകുട്ടിയ്ക്കാകും സാധ്യത. മാത്യു.ടി. തോമസ് മാറുമ്പോൾ പിണറായി വിജയൻ മന്ത്രിസഭയിലെ നാലാമത്തെ മന്ത്രിമാറ്റമാണ് നടക്കുക. ബന്ധുനിയമനക്കേസ് വിവാദത്തിൽ ഇ.പി. ജയരാജൻ ആണ് ആദ്യം രാജിവച്ചത്. പിന്നാലെ പെൺകെണി കേസിൽപെട്ട് മന്ത്രി എ.കെ. ശശീന്ദ്രൻ തെറിച്ചു. പകരം തോമസ് ചാണ്ടി മന്ത്രിയായെങ്കിലും ഭൂമി വിവാദത്തിൽ കുരുങ്ങി അദ്ദേഹത്തിനും പുറത്ത് പോകേണ്ടി വന്നു. കേസിൽ കുറ്റവിമുക്തനായി ശശീന്ദ്രൻ ആദ്യം തിരിച്ചെത്തി. പിന്നീട് ബന്ധുനിയമനക്കേസിൽ നിന്നും കുറ്റവിമുക്തനായ ഇ.പി. ജയരാജനും തിരിച്ചെത്തി.

എന്നാൽ, ഈ മുൻകാല മാറ്റങ്ങളിൽ നിന്ന് വ്യത്യസ്തമായി ആരോപണത്തിന്റെ പേരിലല്ല മാത്യു.ടി മാറാനൊരുങ്ങുന്നത്. ആദർശ പരിവേഷവും മികച്ച പ്രതിച്ഛായയുമുള്ള മന്ത്രിയുമാണ് മാത്യു.ടി. തോമസ്. എന്നാൽ പാർട്ടിക്കുള്ളിലെ ചേരിപ്പോര് വിനയായെന്ന് മാത്രം.ദീർഘനാളായി പാർട്ടി സംസ്ഥാന പ്രസിഡന്റ് കെ. കൃഷ്ണൻകുട്ടിയും മാത്യു.ടി. തോമസും തമ്മിൽ ശീതസമരത്തിലാണ്. സർക്കാർ രണ്ടര വർഷം പൂർത്തിയാക്കുന്ന വേളയിൽ മന്ത്രിസ്ഥാനം മാറേണ്ടതായിരുന്നു എന്നാണ് കൃഷ്ണൻകുട്ടി വിഭാഗത്തിന്റെ വാദം. എന്നാൽ മന്ത്രിസഭ അധികാരമേൽക്കുമ്പോൾ അങ്ങനെയൊരു ധാരണയില്ലായിരുന്നുവെന്ന് മാത്യു.ടി അനുകൂലികൾ പറയുന്നു. അഖിലേന്ത്യാ പ്രസിഡന്റ് എച്ച്.ഡി. ദേവഗൗഡയുമായി ബന്ധപ്പെട്ടപ്പോഴും അങ്ങനെ ധാരണയില്ലായിരുന്നു എന്നാണ് അറിയാനായത് എന്നാണ് ഇവരുടെ വാദം. തുടക്കത്തിൽ മാത്യു.ടിയുടെ ഒപ്പമായിരുന്നു അഖിലേന്ത്യാ പ്രസിഡന്റും നേതൃത്വവും എങ്കിലും സമീപകാലത്തായി ഇവർ നിലപാട് മാറ്റിയതാണ് മാത്യു.ടിക്ക് വിനയായത് എന്നാണ് വിവരം. മന്ത്രി മാറ്റം വേണ്ടെന്ന നിലപാട് അഖിലേന്ത്യാ നേതൃത്വം ഇപ്പോൾ തിരുത്തിയിരിക്കുകയാണ്.

കൃഷ്ണൻകുട്ടിക്കും മാത്യു.ടി. തോമസിനും പുറമേ സി.കെ. നാണു ആണ് ജനതാദൾഎസിലെ മറ്റൊരു എം.എൽ.എ. കൃഷ്ണൻകുട്ടിയാണോ നാണു ആണോ മന്ത്രിസ്ഥാനത്തേക്കെത്തുക എന്ന ചോദ്യവും അണികളിലുയരുന്നുണ്ടെങ്കിലും കൃഷ്ണൻകുട്ടിക്ക് തന്നെയാണ് സാദ്ധ്യതയെന്നാണ് വിലയിരുത്തൽ.കൃഷ്ണൻകുട്ടിയുടെ പേഴ്സണൽ അസിസ്റ്റന്റ് മന്ത്രിക്കെതിരെ വർഗീയധ്വനി പരത്തുന്ന വാട്സ് ആപ്പ് സന്ദേശം പ്രചരിപ്പിച്ചത് വൻ കോളിളക്കത്തിന് വഴിയൊരുക്കിയിരുന്നു. 2009ൽ ലോക്സഭാ സീറ്റിനെ ചൊല്ലി പാർട്ടിയിലെ വീരേന്ദ്രകുമാർ വിഭാഗം ഇടതുമുന്നണി വിട്ടപ്പോൾ ആ വിഭാഗത്തോടൊപ്പമായിരുന്നു കൃഷ്ണൻകുട്ടിയും. പിന്നീട് അവരോട് തെറ്റി അദ്ദേഹം ജെ.ഡി.എസിൽ തിരിച്ചെത്തുകയായിരുന്നു. സംസ്ഥാന പ്രസിഡന്റായിരുന്ന മാത്യു.ടി. തോമസ് മന്ത്രിയായപ്പോഴാണ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതും കൃഷ്ണൻകുട്ടി ആ സ്ഥാനത്തെത്തിയതും.