കൊച്ചി: ശബിമലയിലും പരിസരപ്രദേശങ്ങളിലെയും സ്ഥിതി അതീവ ഗുരുതരമാണെന്ന് സ്പഷ്യൽ കമ്മിഷണർ ഹൈക്കോടതിയെ അറിയിച്ചു. ശബരിമലയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിധി നടപ്പാക്കുന്നതിനെതിരെ സന്നിധാനത്ത് സംരക്ഷകരെന്ന പേരിൽ കുറച്ചാളുകളും നിലയുറപ്പിച്ചിരിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ടെന്നും ശബരിമല സ്‌പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയെ അറിയിച്ചു.
മണ്ഡലകാലത്തിനായി അടുത്ത മാസം നടതുറന്നാൽ അക്രമത്തിലും തിക്കിലും തിരക്കിലും പെട്ട് തീർത്ഥാടകർക്കും പൊലീസിനും ജീവാപായം ഉണ്ടാകാം. തുലാമാസ പൂജയ്ക്കായി കഴിഞ്ഞ ആഴ്ച നട തുറന്നപ്പോൾ 50 വയസിന് മുകളിലുള്ള സ്ത്രീകളെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കാത്ത അവസ്ഥ ഉണ്ടായിരുന്നു. മണ്ഡലകാലത്ത് നട തുറക്കുമ്പോഴും പ്രതിഷേധക്കാരുടെ സാന്നിദ്ധ്യമുണ്ടാകും. കൂടാതെ എരുമേലി, നിലയ്ക്കൽ, പമ്പ, ശബരിമല എന്നിവിടങ്ങളിൽ ബഹളങ്ങൾക്ക് സാദ്ധ്യതയുണ്ട്. സംഭവത്തെ തുടർന്ന് പതിനാറ് ക്രിമിനൽ കേസുകൾ റജിസ്റ്റർ ചെയ്തതായും സ്‌പെഷൽ കമ്മിഷണർ ഹൈക്കോടതിയിൽ റപ്പോർട്ട് നൽകി.
അതേസമയം, ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചതിനെതിരെ അവിടെ നടന്ന പ്രതിഷേധങ്ങൾക്ക് പിന്നിൽ ആർ.എസ്.എസിന്റേയും സംഘപരിവാറിന്റേയും ആസൂത്രിത ഗൂഢാലോചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശബരിമലയെ അക്രമികളുടെ കേന്ദ്രമാക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
അക്രമികൾക്ക് അഴിഞ്ഞാടാനുള്ള വേദിയായി ശബരിമലയെ മാറ്റാൻ സർക്കാർ അനുവദിക്കില്ല. സ്ത്രീ പ്രവേശനകാര്യത്തിൽ സർക്കാരിന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയതാണ്. വിശ്വാസികളുടെ വിശ്വാസത്തെയും സർക്കാർ മാനിക്കുന്നു. ശബരിമല ഒരു ആരാധനാ സ്ഥലമാണ്. അതിന് ആവശ്യമായ ശാന്തിയും സമാധാനവുമാണ് വേണ്ടത്. ശബരിമലയെ ഒരു സംഘർഷ ഭൂമിയാക്കുക സർക്കാരിന്റെ ഉദ്ദേശമല്ലെന്നും പിണറായി വ്യക്തമാക്കി.