boy

തൃക്കാക്കര: പത്തുവയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതികളായ കുട്ടിയുടെ മാതാവ് ആശാമോൾ കുര്യക്കോസ്, സുഹൃത്തായ ഡോ.ആദർശ് എന്നിവർ ഒളിവിൽ പോയി. ഇന്നലെ കുട്ടിയുടെ മൊഴി എടുത്തശേഷം വീട്ടിലും ഡോ.ആദർശ് ജോലി ചെയ്യുന്ന എറണാകുളത്തെ സർക്കാർ ആശുപത്രിയിലും പൊലീസ് അന്വേഷിച്ചെങ്കിലും ഇവരെ കണ്ടെത്താനായില്ല. ഇന്നലെ രാവിലെ പതിനൊന്നോടെ പീഡനവിവരം പുറത്തായതോടെ ഇരുവരും വീട് പൂട്ടി ഒളിവിൽ പോയതായാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

ആശാമോൾ കുര്യക്കോസും ഡോ.ആദർശും ആറുമാസമായി ഒരുമിച്ചായിരുന്നു താമസം. പ്രതികൾ പോകാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ അന്വേഷണം വ്യാപിപ്പിച്ചതായി തൃക്കാക്കര പൊലീസ് പറഞ്ഞു.

ഞായറാഴ്ച രാത്രിയാണ് പീഡനം സഹിക്കാനാകാതെ വിദ്യാർത്ഥി വീടിന് നൂറുമീറ്റർ അകലെയുള്ള വീട്ടിൽ അഭയം തേടിയത്. അസമയത്ത് വെള്ളം ചോദിച്ചെത്തിയ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ വിവരം തിരക്കിയപ്പോഴാണ് കുട്ടി നേരിടേണ്ടിവന്ന കൊടിയ പീഡന കഥ പുറത്തായത്. ഉടൻ പ്രദേശവാസികളുടെ സഹായത്തോടെ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയായിരുന്നു.

സ്ഥലത്തെത്തിയ പൊലീസ് രാത്രിയായതിനാൽ കുട്ടിയെ വീട്ടുകാരോട് സംരക്ഷിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ ചൈൽഡ് ലൈൻ അംഗം വിജയ് യുടെ നേതൃത്വത്തിൽ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി തൃക്കാക്കര പൊലീസിന്
കൈമാറി. സംഭവത്തിൽ ആശാമോൾ കുര്യക്കോസ്, ഡോ.ആദർശ് എന്നിവർക്കെതിരെ കേസെടുത്തതായി തൃക്കാക്കര എസ്.ഐ എ.എൻ.ഷാജു പറഞ്ഞു.

സംഭവ ദിവസം രാത്രി ഡോ.ആദർശ് കുട്ടിയെ തല്ലുകയും കരഞ്ഞ കുട്ടിയുടെ മുഖം മാതാവ് മാന്തി വേദനിപ്പിക്കുകയും ചെയ്തിരുന്നു. മുറിയിൽ പൂട്ടിയിട്ടിരിക്കെ മറ്റൊരു താക്കോൽ ഉപയോഗിച്ച് വാതിൽ തുറന്നാണ് രക്ഷപ്പെട്ടതെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. വീട്ടിൽ നിന്നും ഇറങ്ങുന്നത് കണ്ട ഇരുവരും തന്റെ പിന്നാലെ വന്നതായും കുട്ടി പറഞ്ഞു.നാലാം ക്ലാസ് വിദ്യാർത്ഥിയായ കുട്ടിയെ സ്‌കൂളിൽ വിടാൻ പോലും ഇവർ തയ്യാറായിരുന്നില്ല. കുട്ടിയെ തൃപ്പുണിത്തുറ സർക്കാർ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.