excise

കോട്ടയം: സംസ്ഥാന എക്‌സൈസ് കലാകായിക മേളയ്ക്കായി ജീവനക്കാരിൽ നിന്നടക്കം ലക്ഷങ്ങൾ പിരിച്ചിട്ട് പണവുമില്ല, മേളയുമില്ല എന്ന അവസ്ഥയെന്ന് ജീവനക്കാർക്കിടയിൽ മുറുമുറുപ്പ്. മേള നവംബർ 9, 10, 11 തീയതികളിൽ കോട്ടയത്ത് നടത്താനായിരുന്നു തീരുമാനം. എന്നാൽ, പ്രളയത്തിന്റെ പേര് പറഞ്ഞ് മേള മാറ്റിവച്ചു. പകരം എന്ന് നടത്തുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഡിസംബർ ഒന്നിന് ക്രിസ്തുമസിനോടനുബന്ധിച്ചുള്ള എക്‌സൈസ് സ്‌പെഷ്യൽ ഡ്രൈവ് ആരംഭിക്കും. ഇത് ജനുവരി അഞ്ചുവരെ നീളും. ഈ വർഷം മേള നടത്തുന്നുണ്ടെങ്കിൽ ഡിസംബറിന് മുമ്പ് വേണം. ഇതുവരെ ജില്ലാ മേളകൾപോലും നടക്കാത്ത സ്ഥിതിക്ക് മേള അനിശ്ചിതത്വത്തിലായെന്നാണ് ജീവനക്കാർക്കിടയിലെ സംസാരം. അതിനിടെയാണ് പിരിച്ച ലക്ഷങ്ങളെക്കുറിച്ചുള്ള സംശയവും ജീവനക്കാർ പങ്കുവയ്ക്കുന്നത്. ജീവനക്കാരിൽ നിന്ന് മാത്രമല്ല, മേളയ്ക്കായി ബാർ, കള്ള് ഷാപ്പുകളിൽ നിന്നും വൻ തോതിൽ പണപ്പിരിവ് നടത്തിയെന്നും ആക്ഷേപമുണ്ട്. ബിവറേജസ് ഔട്ട്‌ലെറ്റുകൾക്കടുത്തുള്ള ചെറുകടകളിൽ നിന്ന് പോലും പിരിവ് നടത്തിയത്രേ. പിരിച്ച തുക നിക്ഷേപിക്കാൻ പ്രത്യേക അക്കൗണ്ട് ഇല്ലാത്ത സ്ഥിതിക്ക് എത്ര തുക പിരിച്ചു എന്ന് വ്യക്തമായിട്ടില്ലെന്നും ജീവനക്കാർ പറയുന്നു. മേള അനിശ്ചിതത്വത്തിലായതോടെ പണം തിരികെ നൽകണമെന്ന ആവശ്യം ചില ജീവനക്കാർ ഉന്നയിക്കുന്നുണ്ട്.


നടത്തിപ്പിന് സമിതി
കലാ കായിക മേളകളുടെ നടത്തിപ്പിനായി എല്ലാ ജില്ലകളിലും അഞ്ച് പേരടങ്ങുന്ന സ്‌പോർട്സ് സമിതി രൂപീകരിച്ചിട്ടുണ്ട്. സ്റ്റാഫ് അസോസിയേഷനെ പ്രതിനിധീകരിച്ച് ജില്ലാ പ്രസിഡന്റും സെക്രട്ടറിയും ഓഫീസേഴ്സ് അസോസിയേൻ പ്രതിനിധിയും ചിലപ്പോൾ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറും ജില്ലാ സമിതികളിൽ അംഗമാകും. സ്പോർട്സ് കൺവീനറുടെ നേതൃത്വത്തിലാണ് ധനശേഖരണം. പിരിക്കുന്ന തുകയുടെ 60 ശതമാനം സംസ്ഥാന മേള നടത്താൻ സെൻട്രൽ സ്പോർട്സ് കമ്മിറ്റിക്ക് നൽകണം. ബാക്കിയുള്ള 40 ശതമാനം ഉപയോഗിച്ച് വേണം ജില്ലാ മേളകൾ നടത്താൻ. അതേസമയം, മേള ഉടൻ നടത്താനുള്ള നീക്കമുണ്ടെന്നും സൂചനയുണ്ട്. ജനുവരിയിൽ മേള നടത്തുന്നതിനെക്കുറിച്ചും ആലോചന നടക്കുന്നുണ്ടെന്ന് ഇതുമായി ബന്ധപ്പെട്ട ചില ഉദ്യോഗസ്ഥർ സൂചന നൽകി.


രസീത് നൽകാതെ പിരിവ്
പ്രളയാനന്തര കേരളത്തിന്റെ പുനർനിർമിതിക്കായി സാലറി ചലഞ്ച് നടത്തിയ മാസംതന്നെയാണ് വ്യാപകമായ പിരിവ് നടത്തിയതെന്ന് ജീവനക്കാർ പറയുന്നു. സിവിൽ എക്‌സൈസ് ഓഫീസർ മുതൽ അസി. കമ്മിഷണർ വരെ 350 മുതൽ 750 രൂപ വരെ പിരിക്കാനായിരുന്നു എക്‌സൈസ് വകുപ്പിന്റെ ഉത്തരവ്. എന്നാൽ രസീത് പോലും നൽകാതെ ജീവനക്കാരിൽ നിന്ന് ആയിരവും രണ്ടായിരവും നിർബന്ധപൂർവം ഈടാക്കിയെന്നും ആക്ഷേപമുണ്ട്. മേളയുടെ നടത്തിപ്പിനായി സാധാരണ സർക്കാർ ഫണ്ട് നൽകാറുണ്ട്. കഴിഞ്ഞ വർഷം ആറ് ലക്ഷം രൂപയാണ് നൽകിയത്. എന്നാൽ പ്രളയത്തിന് ശേഷം സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ സർക്കാർ ഇത്തവണ ഫണ്ട് അനുവദിച്ചില്ല. ഇതിന്റെ മറവിൽ വ്യാപകമായി ചില ഉദ്യോഗസ്ഥർ പണപ്പിരിവ് നടത്തിയെന്നാണ് ആരോപണം.ഓഫീസർമാർ ഉൾപ്പെടെ അയ്യായിരത്തിനടുത്ത് ജീവനക്കാരാണ് എക്‌സൈസ് വകുപ്പിലുള്ളത്.

മേള ഉപേക്ഷിച്ചിട്ടില്ല
മേള നടത്താൻ നിശ്ചയിച്ചിരുന്ന കോട്ടയം ജില്ലയിലടക്കം പ്രളയം ബാധിച്ചതിനാലാണ് മാറ്റിവച്ചത്. മേള ഉപേക്ഷിച്ചിട്ടില്ല. ജനുവരി 18, 19, 20 തീയതികളിൽ നടത്തിയേക്കും. നടത്തിപ്പ് ചുമതല എക്‌സൈസ് വകുപ്പിനാണ്. അസോസിയേഷന് ചുമതലകളൊന്നുമില്ല.

കെ.രാമകൃഷ്ണൻ, സംസ്ഥാന സെക്രട്ടറി, എക്‌സൈസ് സ്റ്റാഫ് അസോസിയേഷൻ

പുറത്തുനിന്ന് പിരിച്ചിട്ടില്ല
സർക്കാർ ഉത്തരവ് അനുസരിച്ച് ഉദ്യോഗസ്ഥരിൽ നിന്ന് മാത്രമാണ് പണം പിരിച്ചിട്ടുള്ളത്. പുറത്ത് ഒരിടത്ത് നിന്നും പണം പിരിക്കാൻ ഉദ്യോഗസ്ഥർക്കാവില്ല. മേള ഉപേക്ഷിച്ചിട്ടില്ല. ജനുവരി അവസാനമോ ഫെബ്രുവരിയിലോ മേള നടത്തും.

മുഹമ്മദ് സിയാദ്, അഡി. എക്‌സൈസ് കമ്മിഷണർ, അഡ്മിനിസ്‌ട്രേഷൻ