ന്യൂഡൽഹി: സി.ബി.ഐയിലെ ഉന്നത ഉദ്യോഗസ്ഥർ തമ്മിലുള്ള ചേരിപ്പോര് ശമനില്ലാതെ തുടരുന്നതിനിടെ തനിക്കെതിരായ കൈക്കൂലി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താന ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. കേസിൽ ഏകപക്ഷീയമായ തീരുമാനം എടുക്കരുതെന്നും അസ്താന കോടതിയിൽ അഭ്യർത്ഥിച്ചു.
രണ്ട് കോടി രൂപ കൈക്കൂലി നൽകിയെന്ന വ്യവസായിയുടെ പരാതിയിലാണ് അസ്താനയ്ക്കെതിരെ കേസെടുത്തത്. വ്യവസായി മോയിൻ ഖുറേഷിയുമായി ബന്ധപ്പെട്ട അഴിമതിക്കേസ് അസ്താനയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കവെ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് അസ്താനയെ ഒന്നാം പ്രതിയാക്കി കേസെടുത്തത്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഹൈദരാബാദിലെ വ്യവസായി സതീഷ് സന അറസ്റ്റിലായതോടെയാണ് അസ്താനയ്ക്കെതിരെ ആരോപണമുയരുന്നത്. ഖുറേഷിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ പ്രതിയാകാതിരിക്കാൻ രാകേഷ് അസ്താനയ്ക്ക് രണ്ട് കോടി രൂപ കൈക്കൂലി നൽകിയെന്ന് സന മൊഴി നൽകുകയായിരുന്നു. 2017 ഡിസംബർ മുതൽ 10 മാസമായാണ് തുക നൽകിയത്.ദുബായ് കേന്ദ്രീകരിച്ചുള്ള ഇടനിലക്കാരനായ മനോജ് പ്രസാദ് വഴിയാണ് ഇടപാട് നടന്നത്. സനയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മനോജ് പ്രസാദിനെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു.
ഡയറക്ടർ അലോക് വർമ്മയെ കുടുക്കാനായി വ്യാജമൊഴി രേഖപ്പെടുത്തിയതിന് ഡിവൈ.എസ്.പി ദേവേന്ദർകുമാറിനെ സി.ബി.ഐ ഇന്നലെ അറസ്റ്റുചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ സ്വന്തം ആസ്ഥാനത്ത് റെയ്ഡും നടത്തി. രാകേഷ് അസ്താനയുമായി അടുപ്പമുള്ള മുതിർന്ന ഓഫീസർമാരുടെ മുറിയിലാണ് റെയ്ഡ് നടന്നത്.