വിഷാദവും പ്രശ്നങ്ങളും എല്ലാവരുടെയും ജീവിതത്തിലുണ്ടാകും. പക്ഷേ, അതിൽ തളർന്നിരുന്നാൽ പ്രശ്നങ്ങൾക്കൊക്കെ പരിഹാരമാകുമോ? പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ടത് ഊർജവും ഉന്മേഷവുമാണ്. ജീവിതം പോസ്റ്റീവാക്കാൻ ഏഴു വഴികളിതാണ്.
1. ഉണരുന്നത് ഉത്സാഹത്തോടെ
രാവിലെ എത്ര സന്തോഷത്തോടെ ഉണരുന്നു എന്നതിനനുസരിച്ചിരിക്കും അന്നത്തെ ദിവസം. അലാറത്തെ പഴിച്ചുകൊണ്ട് എണീറ്റാൽ തന്നെ മടുപ്പിലായിരിക്കും തുടക്കം. ചെയ്യാനുള്ള ജോലികൾ കൃത്യസമയത്ത് ചെയ്തു തീർക്കാൻ വേണ്ടിയാണ് അലാറം സെറ്റുചെയ്യുന്നത് എന്ന ബോധ്യം ആദ്യം മനസിലുണ്ടാവണം.
2. രാവിലെ അല്പം വ്യായാമം
വ്യായാമം നൽകുന്ന മാനസിക സന്തോഷം വളരെ വലുതാണ്. ഏറെ സമയമൊന്നും വേണ്ട ഇതിന്. 1030 മിനിറ്റ് വ്യായാമം പതിവാക്കുക. ധ്യാനം, യോഗ, നടത്തം, സൂര്യനമസ്‌കാരം, ഏതും നല്ലതുതന്നെ. ഇവയൊക്കെ ജീവിതത്തിന്റെ ഭാഗമാകുമ്പോൾ തന്നെ മനസിനും ശരീരത്തിനും കൈവരുന്ന ഊർജം മനസിലാകും.
3. വേദനകൾക്ക് വിട
നമ്മുടെ മനസ് സത്യത്തിൽ നമുക്ക് ഇനിയും പിടികിട്ടിയില്ലാത്ത ഒന്നാണ്. എന്തൊക്കെ കാര്യങ്ങളാണ് മനസിനെ ബാധിക്കുന്നതെന്ന് പറയാൻ പറ്റില്ല. ചിലപ്പോഴൊക്കെ നമ്മൾ പോലും അറിയാതെയാകും മനസ് പെട്ടെന്ന് താഴേക്ക് ആവുക. അതുകൊണ്ട് അനാവശ്യകാര്യങ്ങൾക്ക് മനസിനകത്ത് സ്ഥാനം കൊടുക്കാതിരിക്കുകയാണ് നല്ലത്. ഓർത്തിരുന്നതുകൊണ്ട് സങ്കടങ്ങൾ കുറയില്ല.
4. ഭക്ഷണം ശരീരമറിഞ്ഞ്
ജീവിതത്തിന്റെ പ്രധാന ഉദ്ദേശ്യങ്ങളിലൊന്ന് ഭക്ഷണം തന്നെ. പക്ഷേ, ശരീരമറിയാതെ കഴിച്ച് തുടങ്ങിയാൽ പണി വരുന്ന വഴിയറിയില്ല. ഇഷ്ടങ്ങൾ പലതുണ്ടാകും. എന്നുവച്ച് എല്ലാം ഒരുദിവസം കഴിച്ച് തീർക്കാമെന്ന് കരുതരുത്. ഇനിയെങ്കിലും ഭക്ഷണത്തിന്റെ കാര്യത്തിൽ സ്വയം ഒരു നിയന്ത്രണം കൊണ്ടുവരാൻ നോക്കൂ. പുറമെ നിന്നുള്ള ആഹാരങ്ങൾ പരമാവധി ഒഴിവാക്കുകയാണ് ഇതിനുള്ള പരിഹാരം.
5.വെള്ളം കുടിക്കാൻ മറക്കരുതേ
ഇന്ന് മിക്ക ആരോഗ്യപ്രശ്നങ്ങൾക്കും കാരണം ആവശ്യത്തിന് വെള്ളം കുടിക്കാത്തതാണ്. ഏത് പ്രായത്തിലുള്ള ആളാണെങ്കിലും വെള്ളം കുടിക്കാൻ വലിയ മടിയാണ്. സ്‌കൂളിലേക്ക് പോകുമ്പോൾ കുപ്പിയിൽ വെള്ളം നിറച്ച് കൊടുത്തു വിട്ടാൽപോലും എടുക്കാത്ത വിരുതന്മാരുണ്ട്. ഓഫീസിലേക്ക് പോകുന്ന പുരുഷ, മഹിളാരത്നങ്ങളുടെ കാര്യവും മറിച്ചല്ല. വെള്ളംകുടിയുടെ കാര്യത്തിൽ ഉപേക്ഷ പാടില്ല. ദിവസവും രണ്ട് ലിറ്ററിൽ കുറയാതെ വെള്ളം കുടിക്കുക. ദഹനപ്രക്രിയയ്ക്കും ശരീരത്തിനും മനസിനും ഉന്മേഷം നിലനിർത്തുന്നതിനുമെല്ലാം അടിസ്ഥാനപരമായി വേണ്ടത് വെള്ളം തന്നെയാണ്.
6.ചിന്തകളെ പോസിറ്റിവാക്കൂ
ചെയ്തു തീർക്കേണ്ട സമയത്ത് ജോലികൾ തീർന്നില്ലെന്നുകരുതി ടെൻഷനടിക്കേണ്ട കാര്യമേ ഇല്ല. ടെൻഷൻ നിങ്ങളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുക മാത്രമേ ഉള്ളൂ, അല്ലാതെ ജോലിഭാരം കുറക്കില്ല. കൃത്യസമയത്തുതന്നെ തീർക്കാൻ പരമാവധി ശ്രമിക്കുക. കയ്യിൽ നിൽക്കുന്നതിലും കൂടുതലാണെങ്കിൽ വിട്ടേക്കൂ. അതോർത്ത് വെറുതേ ടെൻഷനടിക്കേണ്ട. നമ്മളെ കൊണ്ട് കഴിയുമെന്ന് ഉറച്ച് വിശ്വസിക്കുക. എന്നിട്ട്, അത് ഭംഗിയായി ചെയ്ത് ടെൻഷൻ ഒഴിവാക്കൂ, മനസിലെ ചിന്തകൾ താനേ പോസിറ്റീവ് ആയിക്കോളും.
7.കൂട്ടുകാർക്കൊപ്പം പങ്കിടാം
സങ്കടങ്ങളിലെന്നും തുണയാകുന്നത് കൂട്ടുകാർ തന്നെയാകും. വീട്ടുകാരുമായി പങ്കുവയ്ക്കാൻ കഴിയുന്നതാവില്ല എല്ലാ പ്രശ്നങ്ങളും. കൂട്ടുകാരുമായുള്ള ബന്ധം എന്നും നിലനിർത്തണം. ആവശ്യത്തിനുമാത്രമാകരുത് കൂട്ടുകാരെ ആശ്രയിക്കുന്നത്. ജോലി മാത്രം എന്നും സന്തോഷം നൽകില്ല. അതിനോടൊപ്പം സുഹൃത്തുക്കളും കുടുംബവും എല്ലാം വേണം. അവർക്കൊപ്പമുള്ള കറക്കവും ഒരുമിച്ചുള്ള സൊറപറച്ചിലും തരുന്ന സന്തോഷം വളരെ വലുതാണ്. ഒഴിവുദിവസങ്ങളിൽ അല്പസമയം അവർക്കുവേണ്ടിയും ചെലവിടൂ. ജീവിതത്തിൽ സൗഹൃദങ്ങൾക്ക് സ്ഥാനം നൽകാൻ മറക്കരുത്.