തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാട് സർക്കാർ കടുപ്പിച്ചു. ശബരിമലയെ അക്രമികളുടെ താവളമാക്കാമെന്ന് ഏതെങ്കിലും ശക്തികൾ വ്യാമോഹിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ക്രിമിനലുകളെ അവിടെ കേന്ദ്രീകരിക്കാൻ അനുവദിക്കില്ല. അവരെ പുറത്താക്കും. വിശ്വാസികൾക്ക് സമാധാനപരമായി കടന്നുചെല്ലാനുള്ള സാഹചര്യമൊരുക്കുക എന്ന ബാദ്ധ്യത സർക്കാർ നിറവേറ്റും. സന്നിധാനത്ത് അതിന്റേതായ പവിത്രതയും ശാന്തിയും സമാധാനവും നിലനിൽക്കണം. അക്രമികൾക്ക് അഴിഞ്ഞാടാനുള്ള കേന്ദ്രമല്ല അത്.
യുവതീപ്രവേശനമനുവദിക്കുന്ന സുപ്രീംകോടതി വിധി നടപ്പാക്കേണ്ടത് ഏത് സർക്കാരായാലും ഭരണഘടനാപരമായ ഉത്തരവാദിത്വമാണ്. അതിനുള്ള നടപടികളാണ് സർക്കാരെടുക്കുന്നത്. വിധി നടപ്പാക്കുമ്പോഴും വിശ്വാസികളുടെ വിശ്വാസത്തെ സർക്കാർ മാനിക്കും. ഭരണഘടനാ ബെഞ്ച് വിധിച്ച രീതിയിൽ എല്ലാ വിശ്വാസികൾക്കും സമാധാനപരമായി ദർശനം നടത്താനുള്ള സംവിധാനമാണ് സർക്കാരുദ്ദേശിക്കുന്നത്. മണ്ഡലകാലത്ത് ആളുകളെത്തുമ്പോൾ എല്ലാ സൗകര്യങ്ങളുമൊരുക്കും. തിരുപ്പതി മോഡലിൽ ഓൺലൈൻ ബുക്കിംഗ് നേരത്തേതന്നെ ആലോചിച്ചിട്ടുണ്ട്. അതനുസരിച്ച് ബുക്ക് ചെയ്ത് എത്രയാളുകൾക്കും വന്ന് പോകാം. ഏറെ സമയം അവിടെയാളുകൾക്ക് നിൽക്കാനാവില്ല. വന്നവർ സമയം കഴിഞ്ഞ് ഒഴിഞ്ഞുപോകണം. ഭക്തരുടെ സഹകരണം ഇക്കാര്യത്തിൽ പ്രതീക്ഷിക്കുന്നു.
മാസാദ്യം നട തുറക്കാറുള്ള ശബരിമലയെ ഇത്തവണ നട തുറക്കുന്നതിന് മുമ്പേ കലാപഭൂമിയാക്കാനാണ് സംഘപരിവാർ ശ്രമിച്ചത്. അതിന് ഗൂഢമായ പദ്ധതികൾ സംഘപരിവാർ തയാറാക്കി. സർക്കാരോ പൊലീസോ ഒരു വിശ്വാസിയെയും തടയാനോ എതിർക്കാനോ തയാറായിട്ടില്ല. പ്രതിഷേധത്തിന്റെ പേരിൽ പന്തൽ കെട്ടി സമരം ചെയ്യുന്നതിനെയും എതിർത്തിട്ടില്ല. എന്നാൽ സമരക്കാരുടെ പരിശോധന കഴിഞ്ഞേ അയ്യപ്പഭക്തരെ ശബരിമലയിലേക്ക് കടത്തിവിടൂ എന്ന നില വന്നു. വിധിയനുസരിച്ച് ദർശനത്തിനെത്തിയ ചില യുവതികൾക്ക് നേരേ ആക്രമണമുണ്ടായി. സാധാരണ ഭക്തരെയും മാദ്ധ്യമപ്രവർത്തകരെയും വലിയതോതിൽ ആക്രമിച്ചു. തങ്ങൾ പറയുന്ന രീതിയിൽ റിപ്പോർട്ട് ചെയ്തില്ലെങ്കിൽ ആക്രമിക്കുമെന്ന നിലയായി. രാജ്യത്ത് നിലനിൽക്കുന്ന എല്ലാ മര്യാദകളെയും ലംഘിച്ച് നിയമം കൈയിലെടുക്കുന്ന നിലയാണ് സംഘപരിവാറുകാരുടെ ഭാഗത്ത് നിന്നുണ്ടായത്. ഇത്തരമൊരു ഘട്ടത്തിൽ ഭക്തർക്ക് സുരക്ഷയൊരുക്കുകയെന്ന ഉത്തരവാദിത്വമാണ് പൊലീസ് നിറവേറ്റിയത്.
ദർശനത്തിനെത്തിയ വനിതകൾക്ക് കല്ലേറും വലിയതോതിലുള്ള മാനസിക പീഡനങ്ങളുമേൽക്കേണ്ടി വന്നു. സ്ത്രീകളെ തടഞ്ഞത് ഭക്തരാണെന്ന് സംഘപരിവാറുകാർ പറഞ്ഞെങ്കിലും നടന്നത് അതല്ല. സംഘപരിവാറിന്റെ അജൻഡയാണ് നടപ്പാക്കിയത്. വന്ന സ്ത്രീകളുടെ വിവരങ്ങൾ മനസ്സിലാക്കി മുൻകൂട്ടി അവരുടെ വീടാക്രമിക്കാൻ പദ്ധതികൾ തയാറാക്കി. സ്ത്രീകളുടെ നീക്കങ്ങൾ അപ്പപ്പോൾ അറിഞ്ഞ് മറ്റ് സ്ഥലങ്ങളിലുള്ളവർക്ക് എത്തിച്ചുനൽകി. അയ്യപ്പഭക്തരെന്ന് തോന്നിപ്പിക്കുന്ന വേഷത്തിൽ ശബരിമലയിലെത്തണമെന്ന സംഘപരിവാറിന്റെ ശബ്ദസന്ദേശങ്ങൾ പുറത്തുവന്നു. 10- 50 പ്രായപരിധിയിൽ പെടാത്ത ആന്ധ്രയിലെയും കർണാടകയിലെയും ഭക്തകൾക്ക് കല്ലേറ് കൊണ്ട് കണ്ണീരോടെ സന്നിധാനം വിടേണ്ടി വന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.