ബംഗളൂരു: ഇന്ത്യക്കാർക്ക് അത്രപരിചിതമല്ലാത്ത കായിവിനോദമാണ് സർഫിംഗ്. പ്രത്യേകിച്ച് ദക്ഷിണേന്ത്യക്കാർക്ക്. പക്ഷേ, കർണാടകയിൽനിന്നൊരു 18കാരി പെൺകുട്ടി തൻവി ജഗദീഷ് സർഫിംഗിൽ അന്താരാഷ്ട്ര മെഡലുകൾ വാരിക്കൂട്ടുന്ന തിരക്കിലാണ്.
മാത്രമല്ല, അടുത്തമാസം 17, 18 തീയതികളിലായി നടക്കുന്ന സിംഗപ്പൂർ ഓഷ്യൻ കപ്പിലും ഡിസംബറിൽ പാരീസിൽ നടക്കുന്ന മത്സരത്തിലും പങ്കെടുക്കുന്നതിനുള്ള കഠിനപരിശീലനത്തിലുമാണ്. സിംഗപ്പൂർ ഓഷ്യൻ കപ്പിൽ മത്സരിക്കുന്ന ഒരേയൊരു ഇന്ത്യാക്കാരിയാണ് തൻവി. പാരീസിൽ ഒപ്പം പോകാൻ ഒരാൾ കൂടിയുണ്ടാകും. ഇതുവരെ ആറ് അന്താരാഷട്ര മെഡലുകളാണ് തൻവി സ്വന്തം പേരിൽ കുറിച്ചിരിക്കുന്നത്. 2024 ൽ നടക്കാനിരിക്കുന്ന സർഫിംഗ് വേൾഡ് കപ്പാണ് തൻവിയുടെ സ്വപ്നങ്ങളിൽ തൊട്ടടുത്തുള്ളത്.
അതിരാവിലെ 3.30നാണ് തൻവിയുടെ ഒരുദിവസം ആരംഭിക്കുന്നത്. ഒരു മണിക്കൂർ നേരത്തെ മെഡിറ്റേഷനും ധ്യാനവും. 5.30 ഓടെ തുടങ്ങുന്ന സർഫിംഗ് പ്രാക്ടീസ്. പരിശീലനത്തിന് കൂടുതൽ സമയം കിട്ടാനായി മന്ത്ര സർഫിംഗ് ക്ലബിൽ നിന്ന് 10 മിനുട്ട് മാത്രം ദൂരമുള്ള കർണാടകയിൽ മുൾകിയിലേക്ക് താമസംമാറുകയും ചെയ്തു.
ദിവസവും 4, 5 മണിക്കൂർ തുടർച്ചയായി വെള്ളത്തിൽ ചെലവഴിക്കാനും തൻവിക്ക് മടിയൊന്നുമില്ല. സർഫിംഗിൽ ലോകത്തെമ്പാടും ശിഷ്യരുള്ള ഹെയ്ഡൻ റോഡ്സ് ആണ് ഇപ്പോൾ തൻവിയുടെ പരിശീലകൻ. പക്ഷേ, നിലവിൽ ഇന്ത്യയിൽ സർഫിംഗിന് സ്പോൺസർമാരെ കിട്ടാത്തതാണ് ഈ രംഗത്ത് തുടരാനാഗ്രഹിക്കുന്നവരുടെ വെല്ലുവിളി.