ബീജിംഗ്: സാങ്കേതികവിദ്യകളിലും വികസനവിഷയങ്ങളിലുമൊക്കെ മറ്റുരാജ്യങ്ങൾ ചൈനയെ മാതൃകയാക്കാറുണ്ട്. ഇത്തവണ ചൈന ലോകത്തിന് പരിചയപ്പെടുത്തുന്നത്, കരയിലും വെള്ളത്തിലും ''പറക്കുന്ന" ഏറ്റവും വലിയ വിമാനമാണ്. എജി600 എന്ന ഭീമൻവിമാനം ഇന്നലെയാണ് അതിന്റെ പരിശീലനപ്പറക്കൽ വിജയകരമായി പൂർത്തിയാക്കിയത്. ചൈനയുടെ വിമാനനിർമ്മാണ കമ്പനിയായ ഏവിയേഷൻ ഇൻഡസ്ട്രി കോർപ്പറേഷനാണ് ഈ വിമാനവും നിർമ്മിച്ചിരിക്കുന്നത്. വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന വിമാനം ഹുബെയ് പ്രവിശ്യയിലെ ജിംഗ്മെനിലെ തടാകത്തിലാണ് പറന്നിറങ്ങിയത്.
കുംഗ്ലോംഗ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന വിമാനത്തെ നയിക്കാനായി നാല് ജീവനക്കാരാണുള്ളത്. വെള്ളത്തിൽ 145 കിമി വേഗത്തിൽ വരെ കുംഗ്ലോംഗിന് സഞ്ചരിക്കാൻ കഴിയും. 12 മണിക്കൂർ തുടർച്ചയായി .പ്രവർത്തിക്കുന്ന നാല് എൻജിനുകളാണ് ഇതിനുള്ളത്.
കടലിലെ രക്ഷാപ്രവർത്തനം, കാട്ടുതീ, സമുദ്രനിരീക്ഷണം തുടങ്ങിയ ആവശ്യങ്ങൾക്കായാണ് കുംഗ്ലോംഗ് ഉപയോഗിക്കപ്പെടുക. ഇക്കഴിഞ്ഞമാസമാണ് അവസാനവട്ട പരിശോധനകളും കഴിഞ്ഞ് കുംഗ്ലോംഗ് പറക്കലിനായി തയാറെടുത്തത്.