novel

അഷറഫ് പേടിയോടെ തന്റെ ഒപ്പം ഉളളവരെ ഇടം കണ്ണിട്ടു നോക്കി.
അവർ നിസ്സംഗ ഭാവത്തിൽ നിൽക്കുകയായിരുന്നു.
എസ്.പി അരുണാചലം ആദ്യത്തെ ചോദ്യം തൊടുത്തു.

''സത്യന്റെ മരണം ഒരു ക്വട്ടേഷൻ വർക്ക് ആയിരുന്നു. അല്ലേ?'
അഷറഫ് മിണ്ടിയില്ല.
അയാളുടെ തോളിൽ എസ്.പിയുടെ വിരലുകൾ ഒന്നുകൂടി അമർന്നു.
''ഹാ...' അഷറഫ് വാ പിളർന്നു പോയി.

''പറയെടാ...' എസ്.പിയുടെ കത്തുന്ന മുഖം അല്പം കൂടി മുന്നോട്ടടുത്തു.
''എനിക്കറിയത്തില്ല...'

അഷറഫ് പറഞ്ഞു നിർത്തും മുൻപ് അരുണാചലത്തിന്റെ ചുരുട്ടിയ കൈത്തലം ചീറിവന്നു.
ഇടിയേറ്റത് അഷറഫിന്റെ അടിവയറ്റിൽ....
കുടയും പോലെ അഷറഫ് ഒന്നു വളഞ്ഞു നിവർന്നുതാണു.

''ഇനി തല്ലല്ലേ സാറേ..'
അയാൾ നിലവിളിച്ചു.

''കസ്റ്റഡിയിൽ എടുക്കുന്ന പ്രതികളെ തല്ലിക്കൂടാ എന്ന് കർശന നിർദ്ദേശം മുകളിൽ നിന്ന് ഉണ്ട് അഷറഫേ. പ്രത്യേകിച്ചും വിപ്ലവ പാർട്ടി ഭരിക്കുന്നതുകൊണ്ട്. പക്ഷേ എന്തുചെയ്യാനാ... രാഷ്ട്രീയത്തിന്റെ പിൻബലം ഉണ്ടെന്നു പറഞ്ഞ്ഏത് ഞാഞ്ഞൂലും പത്തിപൊക്കി നിൽക്കുമ്പോൾ ഞങ്ങൾ പോലീസുകാര് എന്തുചെയ്യാനാ?'
എസ്.പി ഒന്നു നിർത്തി. അഷറഫിന്റെ കണ്ണുകളിലേക്കു നോട്ടം നട്ടു.

''നിനക്ക്ഞാൻ രണ്ട് പെഗ്ഗും ചിക്കൻ കുഴിമന്തിയും അതിശയപ്പത്തിരിയും വാങ്ങിത്തന്നിട്ട് മോനേ അഷറഫേ... സത്യം പറയെടാ' എന്നു പറഞ്ഞാൽ നീ പറയുമോ? പല്ലിനിട കുത്തിക്കൊണ്ട് നീ എന്നെ പല്ലിളിച്ചു കാട്ടും. ശരിയല്ലേ?'

അഷറഫ് മിണ്ടിയില്ല.
എസ്.പി തുടർന്നു:
''അപ്പപ്പിന്നെ ഞങ്ങൾക്ക് കേസ് തെളിയിക്കാൻ പറ്റുമോടാ... നീയൊക്കെയും കൂടി ചേർന്ന്'കൊലയാളിയെ കണ്ടെത്തുക' എന്ന പ്ലക്കാർഡും തൂക്കി സമരത്തിനു വരത്തില്ലേ? എന്റെ ഓഫീസിലേക്ക്?'

അഷറഫിനു വായിൽ ചോരയുടെ രുചി അനുഭവപ്പെട്ടു. അയാൾ ഉമിനീർ വിഴുങ്ങി.
''സത്യം പറഞ്ഞില്ലെങ്കിൽ ഇന്നിനി ഇടിയുടെ പൂരമായിരിക്കും. നീ ചത്താൽ അതും ഞാൻ ''കൽക്കി'യുടെ അക്കൗണ്ടിലാക്കും. ചത്തുമലച്ചു കിടപ്പില്ലേ നിങ്ങളിൽ ഒരുത്തൻ? അവന്റെ കൂടെ നിന്നെയും പോസ്റ്റുമോർട്ടം ടേബിളിൽ കിടത്തി ഉളിയും ചുറ്റികയും കൊണ്ട് തല്ലിക്കീറും. അതു വേണോടാ?'

എസ്.പിയുടെ ഗർജ്ജനം അടച്ചിട്ട ആ മുറിയിൽ ഇടിമുഴക്കം തീർത്തു.
വല്ലാതെ ഭയന്നുപോയി അഷറഫ്. ''വേണ്ട സാറേ... ഞാൻ പറയാം.'
അയാൾ മന്ത്രിച്ചു.

എസ്.പി അയാളുടെ തോളിൽ നിന്നു കൈ എടുത്തു.
''എങ്കിൽ പറ... സത്യന്റെ മരണം നിങ്ങൾ ഏറ്റെടുത്ത ക്വട്ടേഷനല്ലേ?'
''അതെ സാർ...'
അഷറഫ് സമ്മതിച്ചു.
''ആര് തന്ന ക്വട്ടേഷൻ?'
''അത്മാത്രം അറിയത്തില്ല. സാജേട്ടനാണ് ക്വട്ടേഷൻ എടുത്തത്...'
അയാൾ കരയും പോലെയായി.

എസ്.പിയുടെ നെറ്റി ചുളിഞ്ഞു.
''ഏത് സാജൻ?'
''മരിച്ച ആൾ.. ടയർ സാജൻ..'
അഷറഫ് പരുങ്ങി.

എസ്.പിയുടെ കണ്ണുകൾ കൂർത്തു. തന്റെ പേഴ്സണൽ കംപ്യൂട്ടറിൽ ടയർ സാജൻ എന്ന കൊടും കുറ്റവാളിയുടെ ഫയൽ ഉണ്ടെന്ന് അയാൾ ഓർത്തു.
''സത്യം പറയാതിരുന്നാൽ നീ ഇനിയും മേടിക്കും.'
എസ്.പി വീണ്ടും കൈ ഓങ്ങി.

''സത്യമാ സാറേ.. ഞങ്ങൾക്ക് ഒന്നും അറിയില്ല. അതേക്കുറിച്ച് സാജേട്ടൻ വിളിച്ചു. ഞങ്ങള് കൂടെ പോന്നു.'
''ഒരിക്കൽ പോലും ക്വട്ടേഷൻ തന്ന ആളെക്കുറിച്ച് സാജൻ പറഞ്ഞില്ലേ?'
''ഇല്ല.... 'സാർ' എന്നു മാത്രം പറഞ്ഞിരുന്നു.

''സാർ...' ആ വാക്ക് അരുണാചലം മനസ്സിലിട്ടു ചതച്ചു.
ഏത് സാറ്?
''ങ്ഹാ എന്നിട്ട് ?'
അഷറഫ് കൃത്യം ചെയ്തത് എങ്ങനെയെന്ന് വ്യക്തമായി പറഞ്ഞു.
''അപ്പോൾ നിങ്ങളാണ് കൊടിതോരണങ്ങളും ബാനറുമെല്ലാം നശിപ്പിച്ചത്. അല്ലേ?'
''അതെ... അങ്ങനെ ചെയ്യണമെന്നാണ് പറഞ്ഞിരുന്നത്.'
''ആര്?'
''സാറ് എന്നു പറഞ്ഞയാൾ.'
അരുണാചലം കനപ്പിച്ചു മൂളി.
അയാൾ പറഞ്ഞത് സത്യമാണെന്ന് എസ്.പിക്ക് ഉറപ്പായിരുന്നു.

അയാൾ മറ്റുള്ളവരെയും ചോദ്യം ചെയ്തു. പക്ഷേ അഷറഫിൽ നിന്നു കിട്ടിയതിൽ കൂടുതൽ വിവരമൊന്നും കിട്ടിയില്ല....
അടുത്ത ദിവസം പത്തനംതിട്ടയിൽ വിദ്യാർത്ഥികൾ പഠിപ്പുമുടക്കി പ്രതിഷേധ ദിനം ആചരിച്ചു.
സത്യന്റെ മൃതദേഹം കോളേജിൽ പൊതുദർശനത്തിനു വച്ചശേഷം വീട്ടിൽ കൊണ്ടുവന്നു.

ജനസാഗരമായിരുന്നു അവിടെ.
അതിനിടെ പടിക്കൽ ഒരു ബുള്ളറ്റ് ബൈക്ക് വന്നുനിന്നു. അതിൽ ഒരു ഹെൽമറ്റ് ധാരി ആയിരുന്നു... (തുടരും)