തിരുവനന്തപുരം:ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും സമർപ്പിക്കേണ്ട റിപ്പോർട്ടിനെക്കുറിച്ച് ഇന്ന് ചേർന്ന ദേവസ്വംബോർഡ് യോഗം ചർച്ചചെയ്തില്ല. പ്രശ്നത്തിൽ സുപ്രീം കോടിതിയിൽ സമർപ്പിക്കപ്പെട്ടിട്ടുള്ള റിവ്യൂഹർജികൾ നവംബർ 13 ന് പരിഗണിക്കുന്ന സാഹചര്യത്തിലാണ് ചർച്ച ഒഴിവാക്കിയത്. 13ന് ഹർജികൾ പരിഗണിക്കുമ്പോൾ ദേവസ്വം ബോർഡിന്റെ വാദങ്ങൾ കോടതിയിൽ ഉന്നയിക്കാൻ അവസരമുണ്ട്. അതിനാൽ നിയമവിദഗ്ദ്ധരുമായി വിശദമായചർച്ചയ്ക്ക് ശേഷം തുടർനടപടി മതിയെന്ന നിലപാടാണ് ബോർഡിന്.
ബോർഡ് റിവ്യുഹർജി നൽകില്ലെന്നും നിലവിലെ സാഹചര്യങ്ങൾ വിശദമാക്കി സുപ്രീംകോടതിയിലും ഹൈക്കോടതിയിലും റിപ്പോർട്ട് സമർപ്പിക്കുമെന്നുമാണ് കഴിഞ്ഞ ദിവസം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ വ്യക്തമാക്കിയത്. റിപ്പോർട്ടിന്റെ കരട് രൂപത്തെക്കുറിച്ച് ഡെൽഹിയിലെ നിയമവിദഗ്ദ്ധരുമായി ബോർഡ് ഭാരവാഹികൾ ചർച്ച നടത്തുകയും ചെയ്തു. ഇന്നലത്തെ യോഗത്തിന്റെ പ്രധാന അജണ്ടയും ഇതായിരുന്നു.
രാവിലെ 10 ന് നിശ്ചയിച്ചയോഗം തുടങ്ങിയത് ഒന്നര മണിക്കൂറോളം വൈകിയാണ്.ഇതിനിടയിലാണ് ഹർജികൾ പരിഗണിക്കുന്നത് സംബന്ധിച്ച സുപ്രീംകോടതിയുടെ തീരുമാനം പുറത്തുവന്നത്. അതോടെയാണ് റിപ്പോർട്ടിനെക്കുറിച്ചുള്ള ചർച്ച മാറ്രിയത്.ശബരിമലയിലെ വികസന പ്രവർത്തനങ്ങളുടെ പുരോഗതിയെക്കുറിച്ചും ടെണ്ടർ സംബന്ധിച്ച് തർക്കമുള്ള വിഷയങ്ങളുമാണ് ഇന്നലെ ചർച്ചചെയ്തതെന്ന് അറിയുന്നു.ഇന്നും ബോർഡ് യോഗം തുടരും.ഡെൽഹിയിലെ അഭിഭാഷകരിൽ നിന്ന് ലഭിക്കുന്ന നിയമോപദേശം കൂടി ഇന്നത്തെ യോഗത്തിൽ പരിഗണിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കും.