1. ശബരിമലയെ സംഘർഷ ഭൂമിയാക്കാൻ സർക്കാർ ഉദ്ദേശിക്കുന്നില്ല എന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിശ്വാസികൾക്ക് ശബരിമലയിൽ എത്താൻ സൗകര്യം ഒരുക്കാനാണ് സർക്കാർ ശ്രമം. 302 കോടി രൂപയാണ് സൗകര്യം ഒരുക്കാൻ ചിലവിട്ടത്. സർക്കാരോ പൊലീസോ വിശ്വാസികളെ തടയാൻ തയ്യാറായിട്ടില്ല. പന്തൽകെട്ടി നടത്തിയ സമരത്തെ പോലും സർക്കാർ എതിർത്തിട്ടില്ല. സമരത്തിന്റെ രീതി മാറിയതോടെ ആണ് സർക്കാർ ഇടപെട്ടത് എന്നും പിണറായി മാദ്ധ്യമങ്ങളോട്.
2. കോടതി വിധി അട്ടിമറിക്കാൻ പരികർമ്മികൾ ശ്രമിച്ചു. ക്ഷേത്രം തുറക്കാനും അടയ്ക്കാനുമുള്ള അധികാരം ദേവസ്വം ബോർഡിന്. ക്ഷേത്രം ദേവസ്വം ബോർഡിന്റെ സ്വത്ത്, മറ്റാർക്കും അവകാശമില്ല. ശബരിമലയെ അക്രമികളുടെ കേന്ദ്രം ആക്കാം എന്ന് ആരും വ്യാമോഹിക്കേണ്ട. ശബരിമലയെ കേന്ദ്രീകരിക്കുന്ന ക്രിമിനലുകളെ പുറത്താക്കും. ആർക്കും ദർശനം നടത്താവുന്ന തരത്തിൽ ശബരിമലയെ മാറ്റും. ശബരിമലയിൽ ശാന്തിയും സമാധാനവുമാണ് ആവശ്യം. വനിതാ ഉദ്യോഗസ്ഥരുടെ പ്രായം പരിശോധിച്ച ജീവനക്കാരുടെ നടപടി ദേവസ്വം ബോർഡ് പരിശോധിക്കണം എന്നും മുഖ്യൻ
3. ജാതിയും മതവും നോക്കി ഉദ്യോഗസ്ഥരെ ശബരിമലയിൽ നിയോഗിക്കാൻ കഴിയില്ല. പൊലീസിനെ പോലും വർഗീയവത്കരിക്കാൻ ശ്രമം നടക്കുന്നു. ഉദ്യോഗസ്ഥർ ദർശനം നടത്തിയത് പോലും ഹീനമായി ദുർവ്യാഖ്യാനം ചെയ്യപ്പെട്ടു. പ്രതിഷേധം സംഘപരിവാറിന്റെ അജണ്ട. ഇതിനു പിന്നിൽ വൻ ഗൂഢാലോചന നടന്നു. ഇതിന് തെളിവാണ് നവമാദ്ധ്യമങ്ങളിലൂടെ ഉള്ള ശബ്ദസന്ദേശങ്ങൾ. ദർശനത്തിന് എത്തിയ സ്ത്രീകൾക്ക് കണ്ണീരോടെ മടങ്ങേണ്ടി വന്നു. ഇവർക്ക് എതിരെ സംഘപരിവാറിന്റെ ഭാഗത്ത് നിന്നുണ്ടായത് തെറി അഭിഷേകവും ആക്രമണവും. സ്ത്രീകൾക്ക് മാത്രമല്ല മാദ്ധ്യമങ്ങൾക്കും നേരെ ആക്രമണം ഉണ്ടായി. വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്തം സർക്കാരിന് എന്നും പിണറായി
4. യുവതികൾ വന്നാൽ സർക്കാർ സംരക്ഷണം നൽകും. ശബരിമലയെ മുൻ നിറുത്തി ചിലർ രാഷ്ട്രീയ നേട്ടത്തിന് ശ്രമിക്കുന്നു. കോൺഗ്രസ് ഇതിന് കൂട്ടു നിൽക്കരുത്. ആദ്യ ഘട്ടത്തിൽ വിധി നടപ്പാക്കണം എന്നാണ് എല്ലാവരും വാദിച്ചത്. ബി.ജെ.പിയുമായുള്ള കൂട്ട് കോൺഗ്രസിനെ തകർക്കും. എന്തുകൊണ്ട് ബി.ജെ.പിയും കോൺഗ്രസും കോടതിയെ സമീപിക്കുന്നില്ല എന്നും മുഖ്യന്റെ ചോദ്യം. അതേസമയം, മുഖ്യമന്ത്രിയുടെ വാദങ്ങൾക്ക് നാളെ മറുപടി പറയും എന്ന് പന്തളം കൊട്ടാരം പ്രതിനിധി.
5. ശബരിമലയിലും പരിസര പ്രദേശങ്ങളിലും സ്ഥിതി അതീവ ഗുരുതരം എന്ന് സ്‌പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയെ അറിയിച്ചു. ശബരിമലയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിധി നടപ്പാക്കുന്നതിന് എതിരെ സന്നിധാനത്ത് സംരക്ഷകർ എന്ന പേരിൽ കുറച്ചാളുകൾ നില ഉറപ്പിച്ചിരിക്കുന്നതായി റിപ്പോർട്ടുകൾ ഉണ്ട്. മണ്ഡലകാലത്തിനായി അടുത്ത മാസം നട തുറന്നാൽ അക്രമത്തിലും തിരക്കിലും പെട്ട് തീർത്ഥാടകർക്കും പൊലീസിനും ജീവാപായം ഉണ്ടാകാം എന്നും സ്‌പെഷ്യൽ കമ്മിഷണർ ഹൈക്കോടതിയെ അറിയിച്ചു
6. രാജ്യ വ്യാപകമായി പടക്കങ്ങളും പടക്ക നിർമ്മാണവും നിരോധിക്കണം എന്ന ഹർജി സുപ്രീംകോടതി തള്ളി. ഉപാധികളോടെ പടക്കങ്ങൾ വിൽക്കാൻ സുപ്രീംകോടതി അനുമതി നൽകി. ഇനി മുതൽ മലിനീകരണം കുറഞ്ഞ പടക്കങ്ങൾക്ക് മാമ്രേ അംഗീകാരം നൽകൂ. ദീപാവലി ആഘോഷങ്ങൾക്ക് രാത്രി എട്ട് മുതൽ പത്ത് വരെയും ക്രിസ്തുമസ്, പുതുവർഷ ആഘോഷങ്ങൾക്ക് രാത്രി 11.55 മുതൽ 12.30 വരെയും മാമ്രേ പടക്കങ്ങൾ പൊട്ടിക്കാൻ അനുമതിയുള്ളു. ഓൺലൈൻ വ്യാപാരം കോടതി പൂർണമായും നിരോധിച്ചു
7. സിനിമാ മേഖലയിലെ ലൈംഗിക അതിക്രമങ്ങൾ സംബന്ധിച്ച പരാതികൾ കൈകാര്യം ചെയ്യാൻ പ്രത്യേകം സമിതി രൂപീകരിക്കണം എന്ന് ആവശ്യപ്പെട്ട് വിമൻ ഇൻ സിനിമ കളക്ടീവ് സമർപ്പിച്ച ഹർജികളിൽ ഫെഫ്കയ്ക്കും, ഫിലിം ചേംബറിനും ഹൈക്കോടതി നോട്ടീസ് അയച്ചു. ഡബ്ല്യൂ.സി.സിക്ക് വേണ്ടി രമ്യ നമ്പീശനാണ് ഹർജി സമർപ്പിച്ചത്. സമാന ആവശ്യത്തിൽ അമ്മയ്ക്ക് എതിരെ നൽകിയ ഹർജിക്ക് ഒപ്പം പുതിയ ഹർജിയും പിന്നീട് പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
8. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ നിലപാട് തിരുത്തി കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. ശബരിമലയിൽ എല്ലാവർക്കും ആരാധന നടത്താനുള്ള അവകാശമുണ്ട്. എന്നാൽ അവിടെ അശുദ്ധമാക്കരുതെന്ന് എന്ന് സ്മൃതി ഇറാനി. കേന്ദ്രമന്ത്രി ആയതിനാൽ തനിക്ക് സുപ്രീംകോടതി വിധിയെ സംബന്ധിച്ച് പറയുന്നതിന് പരിമിതികൾ ഉണ്ടെന്നും സ്മൃതി.
9. ശബരിമല ദർശനത്തിന് എത്തിയ യുവതിക്ക് വാടക വീട്ടിലും ജോലി സ്ഥലത്തും വിലക്ക് നേരിടേണ്ടി വരുന്നതായി പരാതി. കോഴിക്കോട്ട് നിന്ന് ശബരിമല ദർശനത്തിനു പോയ ബിന്ദു തങ്കം കല്ല്യാണിക്കാണ് ഭീഷണി നേരിടേണ്ടി വരുന്നത്. കസബ പൊലീസെത്തി ബിന്ദുവിനെയും സുഹൃത്തുകളെയും താമസിക്കുന്ന ഫ്ളാറ്റിൽ നിന്ന് മാറ്റി. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജോലി ചെയ്തിരുന്ന സ്‌കൂളിലേക്ക് വരേണ്ടെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞതായും ബിന്ദു.
10. ഗാനഗന്ധർവ്വന്റെ സ്വര മാധുരിയിൽ പിപ്പലാന്ത്രി എന്ന ചിത്രത്തിലെ ആദ്യ ഗാനം എത്തി. യേശുദാസിന്റെ അനശ്വര ഗാനങ്ങളുടെ ശ്രേണിയിലേക്ക് മറ്റൊരു ഗാനം കൂടി എത്തുന്നു എന്നാണ് വാനം മേലെ കാറ്റ് എന്ന ഗാനത്തിന്റെ ആദ്യ പ്രതികരണങ്ങൾ സൂചിപ്പിക്കുന്നത്. ജോസ് തോന്നിയാമലയുടെ വരികൾക്ക് ഷാന്റി ആന്റണിയാണ് സംഗീതം നൽകിയിരിക്കുന്നത്. സ്ത്രീ സംരക്ഷണത്തിനും പ്രകൃതി സംരക്ഷണത്തിനും ഊന്നൽ നൽകിക്കൊണ്ട് ഒരുക്കിയ ചിത്രമാണ് പിപ്പലാന്ത്രി.
11. ജോജു ജോർജ്ജ് വേറിട്ട മേക്കോവറിൽ എത്തുന്ന ചിത്രം ജോസഫിന് വിജയാശംസകളുമായി മോഹൻലാൽ. ടീസർ പങ്കുവെച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിന് കീഴെ ഓൾ ദ ബെസ്റ്റ് പാപ്പൻ എന്നാണ് മോഹൻലാൽ കുറിച്ചത്. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥനായാണ് ജോജു ചിത്രത്തിലെത്തുന്നത്. ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മാൻ വിത് സ്‌കാർ എന്ന ടാഗ് ലൈനിൽ എത്തുന്ന സിനിമ വ്യത്യസ്തമായൊരു കുറ്റാന്വേഷണ കഥയാണ് പറയുന്നത്.