നോയിഡ: പേടിഎം സ്ഥാപകൻ വിജയ് ശേഖർ ശർമയുടെ വ്യക്തിവിവരങ്ങൾ ചോർത്തി 20 കോടി രൂപ തട്ടാൻ ശ്രമിച്ച കേസിൽ വിജയ് ശേഖറിന്റെ പ്രൈവറ്റ് സെക്രട്ടറി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. പത്തു വർഷമായി വിജയ്‌യുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവർത്തിക്കുന്ന സോണിയ ധവാൻ, സോണിയയുടെ ഭർത്താവും റിയൽ എസ്റ്റേറ്റ് ബിസിനസുകാരനുമായ രൂപക് ജെയിൻ, സഹപ്രവർത്തകൻ ദേവേന്ദർ കുമാർ എന്നിവരെയാണ് നോയിഡ പൊലീസ് അറസ്റ്റ് ചെയ്തത്. തന്റെ ലാപ്ടോപ്, മൊബൈൽ ഫോൺ, ഓഫീസ് കമ്പ്യൂട്ടർ എന്നിവിടങ്ങളിൽ സൂക്ഷിച്ചിരുന്ന വ്യക്തിവിവരങ്ങൾ ചോർത്തിയ സോണിയയും മറ്റു രണ്ടു പേരും ചേർന്ന് 20 കോടി രൂപ ആവശ്യപ്പെട്ടെന്നാണ് വിജയ് പൊലീസിനു നൽകിയ പരാതി. സംഭവവുമായി ബന്ധപ്പെട്ട് കൊൽക്കത്ത സ്വദേശിയായ രോഹിത് ചോമൽ എന്നൊരാളെ കൂടി പിടികൂടാനുണ്ടെന്നും ഇയാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.
തട്ടിപ്പ് ഇങ്ങനെ
2010 ലാണ് വിജയ് പേടിഎം സ്ഥാപിക്കുന്നത്. പേഴ്സണൽ സെക്രട്ടറി ആയതിനാൽ വിജയ്‌യുടെ ലാപ്ടോപ്പും മൊബൈൽഫോണുമെല്ലാം സോണിയ കൈകാര്യം ചെയ്തിരുന്നു. ഇതിൽ നിന്നാണ് സോണിയ വിജയ്‌യെ കുറിച്ചുള്ള വ്യക്തി-സാമ്പത്തിക വിവരങ്ങൾ ചോർത്തിയത്. ചോർത്തിയ വിവരങ്ങൾ സോണിയ, കൊൽക്കത്ത സ്വദേശിയായ രോഹിത് ചോമൽ എന്നയാൾക്ക് കൈമാറി. ഭർത്താവും രൂപക് ജെയിനും സഹപ്രവർത്തകനായ ദേവേന്ദർ കുമാറും സഹായത്തിനുണ്ടായിരുന്നു. ഏഴുവർഷം മുമ്പ് പേടിഎമ്മിൽ ചേർന്ന ദേവേന്ദർ അഡ്മിനിസ്‌ട്രേഷൻ വിഭാഗത്തിലെ സീനിയർ മാനേജരാണ്.
സെപ്തംബർ ഇരുപതിനാണ് പണം ആവശ്യപ്പെട്ടു കൊണ്ട് വിജയ്‌യുടെ മൊബൈലിലേക്ക് ആദ്യ കാൾ എത്തുന്നത്. ചോമലാണ് ഫോൺ വിളിച്ചത്. പിന്നീട് വിജയ്‌യുടെ സഹോദരൻ അജയ് ശേഖറിനെയും വിളിച്ചു. വ്യക്തി വിവരങ്ങൾ കൈവശമുണ്ടെന്നും അവ പുറത്തുവിടാതിരിക്കാൻ 20 കോടി രൂപ തരണമെന്നും ആവശ്യപ്പെട്ടു. ഒക്ടോബറിൽ വീണ്ടും ചോമൽ ഇരുവരെയും വിളിച്ചു. തുടർന്ന് ഒക്ടോബർ 15ന് ചോമലിന്റെ അക്കൗണ്ടിലേക്ക് വിജയ് 2 ലക്ഷം രൂപ നിക്ഷേപിച്ചു. പത്തുകോടി രൂപ കൂടി തയ്യാറാക്കി വയ്ക്കാനും ചോമൽ ആവശ്യപ്പെട്ടിരുന്നു
ഏതു തരത്തിലുള്ള വിവരങ്ങളാണ് കൈവശമുള്ളതെന്നും എങ്ങനെയാണ് ലഭിച്ചതെന്നും ചോമലിനോട് തങ്ങൾ ചോദിച്ചിരുന്നുവെന്ന് അജയ് പറഞ്ഞു. തുടർന്നാണ് സോണിയയും അവരുടെ ഭർത്താവും ദേവേന്ദ്ര കുമാറുമാണ് പദ്ധതിക്കു പിന്നിലെന്ന് തിരിച്ചറിഞ്ഞത്. അതോടെ പൊലീസിനെ സമീപിക്കുകയായിരുന്നുവെന്നും അജയ് പറഞ്ഞു.