smriti-irani

ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്ത്. ആർത്തവ രക്തം നിറഞ്ഞ സാനിറ്ററി നാപ്കിനുമായി നിങ്ങൾ സുഹൃത്തുക്കളുടെ വീട്ടിലേക്ക് പോകുമോയെന്ന് സ്മൃതി ഇറാനി ചോദിച്ചു. മുംബയിൽ സംഘടിപ്പിച്ച യംഗ് തിങ്കേഴ്സ് കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. താനിപ്പോഴും ഒരു ക്യാബിനെറ്റ് മന്ത്രിയാണെന്നും ആയതിനാൽ സുപ്രീം കോടതി വിധിയെ മറികടക്കാനില്ലെന്നും അവർ കൂട്ടിച്ചേർത്തു.

പ്രാർത്ഥിക്കാൻ എല്ലാവർക്കും അവകാശമുണ്ടെന്നാണ് താൻ വിശ്വസിക്കുന്നത്. അതോടൊപ്പം അശുദ്ധമാക്കാൻ ആർക്കും അവകാശമില്ലെന്നും താൻ വിശ്വസിക്കുന്നു. ഇതാണ് അംഗീകാരവും ആദരവും തമ്മിലുള്ള വ്യത്യാസം- സ്മൃതി ഇറാനി പറഞ്ഞു.

കുറച്ചു കാലം മുമ്പ് അന്ധേരിയിലെ പ്രസിദ്ധമായ ഒരു ക്ഷേത്രത്തിൽ പോയപ്പോൾ താൻ അകത്തു പ്രവേശിക്കാതെ പുറത്തു തന്നെ നിന്നുവെന്നും തന്റെ മകനാണ് തനിക്കു പകരം വഴിപാടുകളും മറ്റു ചടങ്ങുകളും നിർവഹിച്ചതെന്നും താൻ പുറത്തു നിന്നു പ്രാർഥിച്ചതേയുള്ളൂവെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു

കഴിഞ്ഞ ആഴ്ച ശബരിമല പ്രവേശനത്തിനായി എത്തിയ യുവതി ഉപയോഗിച്ച നാപ്കിൻ കൈവശം വച്ചത് തികച്ചും നിർഭാഗ്യകരമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു. ശബരിമല സ്‌ത്രീ പ്രവേശന വിഷയത്തെ സംബന്ധിച്ച് ഏറെ വിവാദങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന.