തിരുവനന്തപുരം: വിശ്വാസികളെ ക്രിമിനലുകളായി ചിത്രീകരിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് ഭക്തരോടുള്ള പോരാട്ടമാണെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കെ.സുധാകരൻ. ശബരിമലയിൽ നല്ല അന്തരീക്ഷമുണ്ടാക്കേണ്ട മുഖ്യമന്ത്രി പ്രകോപനപരമായി സംസാരിച്ച് എരിതീയിൽ എണ്ണയൊഴിക്കുകയാണ്. എല്ലാവരേയും അപമാനിക്കുന്ന ഭാഷയാണ് മുഖ്യമന്ത്രിയുടേത്. രമ്യമായി പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാതെ ബി.ജെ.പിക്കാർക്ക് രംഗത്തെത്താൻ അവസരമൊരുക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. നാസ്തികരുടെ പെരുമാറ്റവും സ്വഭാവവുമുള്ള മുഖ്യമന്ത്രിക്ക് കോടിക്കണക്കിന് വിശ്വാസികളുടെ ആചാരം സംരക്ഷിക്കാനുള്ള വികാരം ഉൾക്കൊള്ളാനാവുന്നില്ലെന്നും അനുരഞ്ജനത്തിലൂടെയും നിയമപരമായും പരിഹാരമുണ്ടാക്കുകയാണ് വേണ്ടതെന്നും ഇന്ദിരാഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ക്ഷേത്രത്തെയും വിശ്വാസത്തെയും അപമാനിച്ച് ശബരിമലയെ തകർക്കാനുള്ള രഹസ്യ അജണ്ടയാണ് സർക്കാരിനുള്ളത്. ഒറ്റപ്പെട്ട അക്രമം ഉയർത്തിക്കാട്ടി ക്ഷേത്രത്തിന്റെ പ്രശസ്തി തകർക്കാനാണ് ഗൂഢശ്രമം. സർക്കാർ നടപടികൾ ആചാരങ്ങൾ സംരക്ഷിക്കാനല്ല. ശബരിമലയുടെ മഹത്വം താഴ്‌ത്തിക്കെട്ടാൻ നീചമായ മനസുള്ളവർക്കേ കഴിയൂ. സുപ്രീംകോടതിയുടെ എല്ലാ ഉത്തരവുകളും ഇതേ ബഹുമാനത്തോടെ നടപ്പാക്കുമോ. മറ്റൊരു ദേവാലയത്തെക്കുറിച്ചുള്ള ഉത്തരവ് ഏകപക്ഷീയമായി നടപ്പാക്കാതെ മാസങ്ങളായി ചർച്ച നടത്തുകയാണ്. ഹൈവേകളിലെ കള്ളുഷാപ്പ് നിരോധനം, കണ്ണൂർ മെഡിക്കൽകോളേജ് ഫീസ് തിരികെനൽകൽ, നഴ്സുമാരുടെ ശമ്പളവർദ്ധന എന്നീ ഉത്തരവുകളൊന്നും നടപ്പാക്കിയിട്ടില്ല. കള്ളുഷാപ്പുകൾ സംരക്ഷിക്കാൻ ഹൈവേകളുടെ പേരുമാറ്റുകയാണ് ചെയ്തത്. അവിശ്വാസികളുടെ കൈയിൽ ക്ഷേത്രഭരണം നിലനിൽക്കില്ല. ഉത്തരവ് നടപ്പാക്കാൻ നവോത്ഥാനത്തെ കൂട്ടുപിടിക്കുന്ന മുഖ്യമന്ത്രി, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നടത്തിയ പ്രക്ഷോഭം ഏതാണെന്ന് വ്യക്തമാക്കണം. ഏതുകാലത്തും നവോത്ഥാനപ്രക്ഷോഭങ്ങൾ നടത്തിയത് കോൺഗ്രസാണ്. കോൺഗ്രസ് നടത്തിയ നവോത്ഥാനപ്രക്ഷോഭങ്ങളുടെ പിതൃത്വം സി.പി.എം ഏറ്റെടുക്കേണ്ട.
സുപ്രീം കോടതി ഉത്തരവ് മറികടക്കാൻ കേന്ദ്രസർക്കാരിന് നിയമനിർമ്മാണം നടത്താമെന്നിരിക്കെ, ബി.ജെ.പി ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. രണ്ട് സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രശ്നമാണെങ്കിലേ നിയമനിർമ്മാണത്തിന് നിയമസഭ പ്രമേയം പാസാക്കേണ്ടതുള്ളൂ. ഒരു ക്ഷേത്രത്തിന്റെ വിഷയമായതിനാൽ ഇതിന്റെ ആവശ്യമില്ല. ബി.ജെ.പി, ഹനുമാൻസേനാ പ്രവർത്തകരാണ് അക്രമം നടത്തിയത്. സി.പി.എമ്മുകാർ അക്രമം നടത്തിയിട്ടില്ല. സന്നിധാനത്ത് അക്രമമല്ല, പ്രതിരോധം മാത്രമാണുണ്ടായത്. ശബരിമല ഉത്തരവിനെതിരായ പ്രക്ഷോഭത്തിൽ കോൺഗ്രസ് പിന്നോട്ടുപോയിട്ടില്ല. പക്ഷേ, ബി.ജെ.പിക്ക് തുല്യമായ റോൾ എടുത്തില്ല - കെ.സുധാകരൻ പറഞ്ഞു.