oil
ക്രൂഡോയിൽ

ന്യൂഡൽഹി: ഡോളറിനെതിരെ രൂപ റെക്കാഡ് താഴ്‌ചയിലേക്ക് വീണതോടെ, ഇന്ത്യയുടെ ക്രൂഡോയിൽ വാങ്ങൽച്ചെലവ് കുതിച്ചുയരുന്നു. ക്രൂഡോയിൽ വില നേട്ടത്തിലേറുന്നതും തിരിച്ചടിയാവുകയാണ്. 2017-18ൽ 8,800 കോടി ഡോളർ ചെലവഴിച്ച് 220 മില്യൺ ടൺ ക്രൂഡോയിലാണ് ഇന്ത്യ വാങ്ങിയത്. നടപ്പുവർഷം (2018-19) വാങ്ങൽച്ചെലവ് 42 ശതമാനം വർദ്ധിച്ച് 12,500 കോടി ഡോളറാകുമെന്നും ഇറക്കുമതി 229 മില്യൺ ടണ്ണാകുമെന്നും പെട്രോളിയം പ്ളാനിംഗ് ആൻഡ് അനാലിസിസ് സെൽ (പി.പി.എ.സി) വ്യക്തമാക്കി.

ഈവർഷം ക്രൂഡോയിൽ ഇറക്കുമതിച്ചെലവ് 10,500 കോടി ഡോളറായി വർദ്ധിക്കുമെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തിയിരുന്നത്. എന്നാൽ, അന്താരാഷ്‌ട്ര വില ഉയർന്നതും രൂപ തകർന്നതും കണക്കുകളെ തകിടംമറിച്ചു. കഴിഞ്ഞവർഷം ബാരലിന് 56.39 ഡോളർ നിരക്കിലാണ് ഇന്ത്യ ക്രൂഡോയിൽ വാങ്ങിയത്. ഈവർഷം ഇത് ബാരലിന് 65 ഡോളറായിരിക്കുമെന്നാണ് കേന്ദ്രം വിലയിരുത്തിയത്. പക്ഷേ, രാജ്യാന്തര വില ഉയർന്നതോടെ കണക്കുകൾ മാറി. ഇറക്കുമതി ചെലവ് ബാരലിന് 77.88 ഡോളറായിരിക്കുമെന്നാണ് പുതിയ നിഗമനം.

ഡോളറിനെതിരെ രൂപയുടെ മൂല്യം ഈ വർഷം ശരാശരി 65 ആയിരിക്കുമെന്നും ആദ്യം കണക്കുകൂട്ടിയിരുന്നു. പുതിയ വിലയിരുത്തൽ പ്രകാരം മൂല്യം 72.22 രൂപയാണ്. ഇതും ഇറക്കുമതി ചെലവേറാൻ കളമൊരുക്കും. ക്രൂഡോയിൽ വിലയും ഇറക്കുമതിച്ചെലവും ഏറിയതിനാൽ രാജ്യത്ത് പെട്രോൾ, ഡീസൽ വിലകളും പുതിയ ഉയരത്തിലാണുള്ളത്. ഇന്ധനവിലക്കുതിപ്പ് പിടിച്ചുനിറുത്താനായി, ഈമാസം നാലിന് കേന്ദ്ര സർക്കാർ എക്‌സൈസ് നികുതി ലിറ്ററിന് ഒന്നര രൂപ കുറച്ചിരുന്നു.

$14,000 കോടി

2011-12 മുതൽ 2013-14 വരെ ക്രൂഡോയിൽ ഇറക്കുമതി ചെലവ് പ്രതിവർഷം 14,000 കോടി ഡോളറായിരുന്നു. പിന്നീട്, കഴിഞ്ഞവർഷം വരെ ചെലവ് 10,000 കോടി ഡോളറിൽ താഴെ നിന്നു. ഈ വർഷം ചെലവ് വീണ്ടും 10,000 കോടി ഡോളർ കടക്കും.

$12,500 കോടി

ഈ വർഷം ക്രൂഡോയിൽ ഇറക്കുമതിച്ചെലവ് 12,500 കോടി ഡോളറായിരിക്കുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ. 2016-17ൽ 7,000 കോടി ഡോളറും 2017-18ൽ 8,800 കോടി ഡോളറുമായിരുന്നു ചെലവ്.

214 മില്യൺ ടൺ

2016-17ൽ 214 മില്യൺ ടൺ ക്രൂഡോയിൽ ഇന്ത്യ വാങ്ങി. കഴിഞ്ഞവർഷം വാങ്ങിയത് 220 മില്യൺ ടൺ. ഈ വർഷം ഇത് 229 മില്യൺ ടണ്ണിലെത്തും.

ഉപഭോഗം കൂടി

വില ഉയർന്നിട്ടും ഇന്ധന ഉപഭോഗത്തിന് ഇന്ത്യയിൽ കുറവില്ല. ഈ വർഷം ഏപ്രിൽ-സെപ്‌തംബറിൽ ഉപഭോഗം 113 മില്യൺ ടൺ. വർദ്ധന 5.8 ശതമാനം. 2017ലെ സമാന കാലയളവിൽ ഉപഭോഗം 106.8 മില്യൺ ടണ്ണായിരുന്നു.

വിദേശ ധനശേഖരം താഴേക്ക്

ക്രൂഡോയിൽ ഉൾപ്പെടെയുള്ള, ഇറക്കുമതിക്ക് ചെലവേറിയതോടെ ഇന്ത്യയുടെ വിദേശ നാണയ ശേഖരം കൊഴിയുകയാണ്. ഒക്‌ടോബർ 12ന് സമാപിച്ച ആഴ്‌ചയിൽ 514 കോടി ഡോളറാണ് നഷ്‌ടം. ശേഖരം 39,446 കോടി ഡോളറായും താഴ്‌ന്നു.

ഒരു ഡോളർ കൂടിയാൽ

100 ഡോളർ നഷ്‌ടം!

ക്രൂഡോയിൽ വിലയിൽ ഒരു ഡോളർ വർദ്ധനയുണ്ടായാൽ ഇന്ത്യയുടെ കറന്റ് അക്കൗണ്ട് കമ്മിയിലുണ്ടാകുന്ന വർദ്ധന 100 കോടി ഡോളറാണ്. കഴിഞ്ഞ സാമ്പത്തിക വർഷം ജി.ഡി.പിയുടെ 1.9 ശതമാനം (4,870 കോടി ഡോളർ) ആയിരുന്നു കറന്റ് അക്കൗണ്ട് കമ്മി. ഈ വർഷം ഇത് ജി.ഡി.പിയുടെ 2.8 ശതമാനം (7,200 കോടി ഡോളർ) ആയിരിക്കുമെന്നാണ് വിലയിരുത്തൽ.