തിരുവനന്തപുരം: കാറപകടത്തിൽ മരിച്ച വയലിൻ മാന്ത്രികൻ ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്‌മി സംസാരിച്ചു തുടങ്ങിയതായി ആശുപത്രി അധികൃതർ അറിയിച്ചു. കഴിഞ്ഞ മാസമുണ്ടായ അപകടത്തിൽ ലക്ഷ്‌മിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ബാലഭാസ്കറിനൊപ്പം പിഞ്ചു മകൾ തേജസ്വിനി ബാലയും മരിച്ചിരുന്നു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ലക്ഷ്‌മിയെ തീവ്രപരിചരണ വിഭാഗത്തിൽ നിന്ന് റൂമിലേക്ക് മാറ്റിയിട്ടുണ്ട്. പരിക്കുകൾ ഭേദമായി വരികയാണെന്നും മുറിവുകൾ ഉണങ്ങാൻ അൽപം കൂടി സമയമെടുക്കുമെന്നും ഡോക്ടർമാർ പറഞ്ഞു. ലക്ഷ്‌മിയെ കാണാൻ നിരവധി ആളുകൾ എത്തുന്നതിനാൽ തന്നെ ചികിത്സയ്ക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഇപ്പോൾ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആരെയെങ്കിലും കാണുകയോ സംസാരിക്കണമോയെന്ന് ലക്ഷ്‌മി ആവശ്യപ്പെടുകയാണെങ്കിൽ മാത്രമേ സന്ദർശകരെ അനുവദിക്കുന്നുള്ളൂ. ബാലഭാസ്കറിന്റേയും മകളുടേയും മരണത്തെ കുറിച്ച് പിന്നീടാണ് ലക്ഷ്‌മിയെ അറിയിച്ചത്. യാഥാർത്ഥ്യങ്ങളോട് ലക്ഷ്‌മി ഇപ്പോൾ പൊരുത്തപ്പെട്ടു വരികയാണ്.