തിരുവനന്തപുരം: ശബരിമല വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അയ്യപ്പന് മുന്നിൽ തോറ്റെന്ന് രാഹുൽ ഈശ്വർ. ഇനിയെങ്കിലും ഇക്കാര്യത്തിൽ നിലപാട് മാറ്റാൻ മുഖ്യമന്ത്രി തയ്യാറാവാണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജയിൽ മോചിതനായതിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പിണറായി സർക്കാർ നിരീശ്വരവാദികളുടെയും അവിശ്വാസികളുടെയും മാത്രം സർക്കാരായി ചുരുങ്ങിയെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു. ശബരിമലയിൽ ആരും അതിക്രമിച്ച് കയറാതെ ഭക്തർ നോക്കിയതിൽ അതിയായ സന്തോഷമുണ്ട്. തനിക്കെതിരെ പൂർണമായും കള്ളക്കേസാണ്. പൊലീസ് ആരോപിക്കുന്ന സമയത്ത് താൻ പമ്പയിലല്ല, സന്നിധാനത്ത് ആയിരുന്നു. വിശ്വാസിയായ തന്റെ മുത്തശ്ശിയെ അറസ്റ്റ് ചെയ്‌ത് നീക്കുന്നതും വിശ്വാസിയല്ലാത്ത രഹ്ന ഫാത്തിമയെ പോലീസ് അകമ്പടിയോടെ മല കയറ്റുന്നതും അന്യായമാണ്""- രാഹുൽ വ്യക്തമാക്കി.
നവംബർ അഞ്ചിന് വീണ്ടും നട തുറക്കുമ്പോൾ സമാധാനപരമായ പ്രാർത്ഥനായോഗമുണ്ടാകുമെന്നും ഗാന്ധിയൻ മാർഗത്തിൽ പ്രതിഷേധം മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഉൾപ്പെടെ ഓർഡിനൻസിനെ കുറിച്ച് ചിന്തിക്കണമെന്നും വിഷയത്തിൽ രാഷ്ട്രീയമില്ലെന്നും രാഹുൽ വ്യക്തമാക്കി.