അഞ്ചു വയസിനും 18 വയസിനും ഇടയ്ക്ക് പ്രായമുള്ള കുട്ടികൾക്കായി വനിതാ ശിശു വികസന വകുപ്പ് ഏർപ്പെടുത്തിയ ഉജ്ജ്വലബാല്യം അവാർഡിന് 2018 വർഷത്തേക്ക് പരിഗണിക്കുന്നതിന് അപേക്ഷ/നോമിനേഷനുകൾ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം എന്നീ മേഖലകളിൽ അസാധാരണ കഴിവ് പ്രകടിപ്പിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. 2018 സെപ്തംബർ 30ന് അഞ്ചു വയസ് കഴിഞ്ഞവരും 18 വയസ് പൂർത്തിയാകാത്തവരുമായ കുട്ടികൾക്കാണ് അപേക്ഷിക്കാൻ അർഹത. നേരിട്ട് അപേക്ഷിക്കുകയോ അർഹരായ കുട്ടികളെ കണ്ടെത്തുന്ന സംഘടനകൾ/വ്യക്തികൾ എന്നിവർക്ക് നോമിനേഷൻ സമർപ്പിക്കുകയോ ചെയ്യാം. നിശ്ചിതഫോറം പൂരിപ്പിച്ചു അതത് ജില്ലാ ശിശു സംരക്ഷണ ഓഫീസുകളിലാണ് നൽകേണ്ടത്.
ഏത് മേഖലയിലാണോ കുട്ടി മികവ് പുലർത്തുന്നത് അതിൽ അസാധാരണമായ കഴിവ് ഉണ്ടായിരിക്കണം. ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പ് അപേക്ഷയോടൊപ്പം ഹാജരാക്കണം. കുട്ടിക്കുണ്ടെന്ന് അവകാശപ്പെടുന്ന കഴിവ് പത്രങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതോ ആ മേഖലയിലെ വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തിയതോ ആയിരിക്കണം. രേഖകളുടെ പകർപ്പ് അപേക്ഷയോടൊപ്പം ഹാജരാക്കണം. വിശദവിവരങ്ങൾ, അപേക്ഷാഫോറത്തിന്റെ മാതൃക എന്നിവ അതത് ജില്ലാ ശിശു സംരക്ഷണ ഓഫീസുകളിലും സാമൂഹ്യനീതി വകുപ്പിന്റെ വെബ്‌സൈറ്റായ www.sjd.kerala.gov.in ലും ലഭിക്കും.
എച്ച്.ഡി.സി & ബി.എം (ആഗസ്റ്റ് 2018) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
സംസ്ഥാന സഹകരണ യൂണിയന്റെ ആഭിമുഖ്യത്തിൽ 2018 ആഗസ്റ്റ് മാസം നടത്തിയ എച്ച്.ഡി.സി & ബി.എം ന്യൂ സ്‌കീം, ഓൾഡ് സ്‌കീം പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം സഹകരണ പരിശീലന കോളേജിലെ ഗൗരീകൃഷ്ണ. ബി.വി (രജി നം. 83) ഒന്നാം റാങ്ക് നേടി, തൃശൂർ സഹകരണ പരിശീലന കോളേജിലെ രേഷ്മ. എം.എം (രജി നം. 707) മീര ഹരിദാസ്. എ (രജി നം. 684) എന്നിവർ യഥാക്രമം രണ്ടും മൂന്നും റാങ്കുകൾ നേടി. കൂടുതൽ വിവരങ്ങൾ അതതു സഹകരണ പരിശീലന കോളേജുകളിലും www.kicmaasckerala.in വെബ്‌സൈറ്റിലും ലഭിക്കുമെന്ന് സംസ്ഥാന സഹകരണ യൂണിയൻ കേന്ദ്ര പരീക്ഷാ ബോർഡ് സെക്രട്ടറി അറിയിച്ചു.
ഡി.എൽ.ഇ.ഡി അറബിക്, ഉറുദു പരീക്ഷാഫലം
2018 ജൂണിൽ നടത്തിയ ഡി.എൽ.ഇ.ഡി അറബിക്, ഉറുദു പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഭവൻ വെബ്‌സൈറ്റിൽ (www.keralapareekshabhavan.in) ഫലം ലഭ്യമാണ്.
ഓഫീസ് അറ്റന്റന്റ് : അന്യത്രസേവനം
കേരള രാജ്ഭവനിലെ ഓഫീസ് അറ്റന്റന്റ് തസ്തികയിലെ ഒഴിവ് അന്യത്രസേവന വ്യവസ്ഥയിൽ നികത്തുന്നതിനുള്ള പാനൽ തയ്യാറാക്കുന്നതിന് ഗവൺമെന്റ് സെക്രട്ടേറിയറ്റിലെയും മറ്റ് സർക്കാർ വകുപ്പുകളിലെയും സമാന ശമ്പള സ്‌കെയിലിലുള്ള (ശമ്പള സ്‌കെയിൽ : 16500 35,700) ഉദ്യോഗസ്ഥരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. നിയമനത്തിന് പരിഗണിക്കുന്നതിന് താത്പര്യമുള്ളവർ 31ന് മുമ്പ് അപേക്ഷകൾ ഉചിതമാർഗേണ പൊതുഭരണ (പൊളിറ്റിക്കൽ) വകുപ്പിൽ സമർപ്പിക്കണം.
പ്രളയം: ബാങ്കേഴ്സ് സമിതി അംഗീകരിച്ച ആശ്വാസപദ്ധതികൾക്ക്
നവംബർ 15 നകം അർഹത ഉറപ്പാക്കണം
പ്രളയബാധിതമായ 1259 വില്ലേജുകളിലെ വായ്പാ ഇടപാടുകാർക്ക് സംസ്ഥാനതല ബാങ്കേഴ്സ് സമിതി അംഗീകരിച്ച ആശ്വാസ പദ്ധതികൾക്കായി നവംബർ 15ന് മുമ്പ് ബാങ്കുകളുമായി ബന്ധപ്പെട്ട് അർഹത ഉറപ്പാക്കണം.
ആശ്വാസപദ്ധതികൾ നടപ്പാക്കേണ്ട അവസാന തീയതി നവംബർ 30 ആയതിനാലാണ് അർഹത ഉറപ്പാക്കി അപേക്ഷകൾ നൽകി റിസർവ് ബാങ്ക് നിഷ്‌കർഷിച്ച അവസാനതീയതിക്ക് മുമ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കേണ്ടത്.
ഈ പദ്ധതികളുടെ ആനുകൂല്യം വ്യാവസായിക വാണിജ്യ വായ്പകൾക്കും കാർഷിക,ഭവന, വിദ്യാഭ്യാസ വായ്പകൾക്കും ലഭ്യമാണ്. റിസർവ് ബാങ്ക് വ്യവസ്ഥകൾക്ക് വിധേയമായുള്ള വായ്പ പുനഃക്രമീകരണവും, മോറട്ടോറിയം ഉൾപ്പെടെയുള്ള ഇളവുകളും, പുതിയ വായ്പയും ലഭ്യമാകുന്നതിന് അർഹതപ്പെട്ടവർ അതത് ബാങ്കുകളിൽ അപേക്ഷിക്കണമെന്നും സംസ്ഥാനതല ബാങ്കേഴ്സ് സമിതി അറിയിച്ചു.
ഐക്യരാഷ്ട്ര സഭാ ദിനാചരണം: ഇന്ന് യു.എൻ. പതാക ഉയർത്തണം
ഐക്യരാഷ്ട്ര സഭാ ദിനമായി ആചരിക്കുന്ന ഇന്ന് (ഒക്ടോബർ 24) സംസ്ഥാനത്തെ ദേശീയ പതാക ഉയർത്തുന്ന എല്ലാ കെട്ടിടങ്ങളിലും ഇതിനോടൊപ്പം യു.എൻ. പതാകയും ഉയർത്തണമെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചു. രാജ്ഭവൻ, നിയമസഭാ മന്ദിരം, ഹൈക്കോടതി എന്നിവിടങ്ങളിൽ യു.എൻ. പതാക ഉയർത്തേണ്ടതില്ല.
പ്രവാസി ഡിവിഡന്റ് പദ്ധതി നടത്തിപ്പിന് അനുമതി
പ്രവാസി ഡിവിഡന്റ് പദ്ധതി നടത്തിപ്പിന് കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിന് അനുമതി നൽകി ഉത്തരവായി.
നാട്ടിൽ തിരിച്ചെത്തുന്ന പ്രവാസികൾക്ക് ഒരു നിശ്ചിത വരുമാനം ലഭിക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. പ്രവാസി വിദേശത്തായിരിക്കുമ്പോൾ ഒരു നിശ്ചിത തുക പ്രവാസി ക്ഷേമ ബോർഡ് മുഖേന നിക്ഷേപിക്കുകയും മൂന്ന് വർഷത്തിന് ശേഷം പ്രവാസിക്കോ അയാളുടെ അവകാശിക്കോ നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ നിശ്ചിത തുക മാസവരുമാനമായി നൽകുകയുമാണ് ലക്ഷ്യം.
നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായി നിക്ഷേപം സ്വീകരിക്കുന്നതിനും കിഫ്ബിക്കു കൈമാറ്റം ചെയ്യുന്നതിനും 1955 ലെ ദ ട്രാവൻകൂർ കൊച്ചിൻ ലിറ്റററി സൈന്റിഫിക് ആൻഡ് ചാരിറ്റബിൾ സൊസൈറ്റീസ് രജിസ്‌ട്രേഷൻ ആക്ട് പ്രകാരം ബോർഡ് ഒരു സൊസൈറ്റിക്ക് രൂപം നൽകണമെന്ന് ഉത്തരവിൽ പറയുന്നു. പദ്ധതി നടപ്പാക്കുന്നതിനുള്ള സർക്കാർ വിഹിതം ബജറ്റിൽ നോർക്ക വകുപ്പിന്റെ പ്രവാസി ക്ഷേമത്തിനായുള്ള പദ്ധതിയായി ഉൾപ്പെടുത്തും. പദ്ധതി ഏറ്റെടുത്തു നടത്തുന്നതിന് 2008 ലെ പ്രവാസി കേരളീയരുടെ ക്ഷേമ ആക്ടിൽ ആവശ്യമായ ഭേദഗതി ഓർഡിനൻസിലൂടെ നടത്തുമെന്നും ഉത്തരവിൽ പറയുന്നു.
'കടലറിവുകളും നേരനുഭവങ്ങളും' : കെ.സി.എച്ച്.ആർ സെമിനാർ സംഘടിപ്പിച്ചു
സമകാലീനവും ചരിത്രപരവുമായ സാമൂഹ്യപ്രസക്ത വിഷയങ്ങളിൽ അവബോധം വളർത്തുക എന്ന ലക്ഷ്യത്തോടെ കേരള ചരിത്ര ഗവേഷണ കൗൺസിലിന്റെ പ്രതിമാസ ചർച്ചകൾക്കും നിരൂപണങ്ങൾക്കും സംവാദങ്ങൾക്കും തുടക്കമായി.
പരമ്പരയിലെ ആദ്യ സെമിനാർ 'കടലറിവുകളും നേരനുഭവങ്ങളും' എന്ന വിഷയത്തിൽ കേശവദാസപുരം കെ.സി.എച്ച്.ആർ അനക്സിൽ സംഘടിപ്പിച്ചു. സെമിനാറിൽ കടലും കടലിനോട് മല്ലിടുന്ന മനുഷ്യരുടെ ജീവിതവും, പരമ്പരാഗത അറിവുകളും പ്രതിപാദിച്ചു കൊണ്ട് റോബർട്ട് പനിപ്പിള്ള (ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ്) അദ്ദേഹത്തിന്റെ 'കടലറിവുകളും നേരനുഭവങ്ങളും' എന്ന പുസ്തകത്തെ ആധാരപ്പെടുത്തി വിഷയാവതരണം നടത്തി. എ.ജെ. വിജയൻ വിഷയത്തോട് പ്രതികരിച്ച് സംസാരിച്ചു. കെ.സി.എച്ച്.ആർ, ചെയർപേഴ്സൺ പ്രൊഫ: മൈക്കിൾ തരകൻ അദ്ധ്യക്ഷത വഹിച്ചു. റിസർച്ച് അസിസ്റ്റന്റ് എബി തോമസ് സ്വാഗതവും, പബ്ലിക്കേഷൻ അസിസ്റ്റന്റ് സന്ധ്യ എസ്.എൻ നന്ദിയും പറഞ്ഞു.
ആരോഗ്യ ഇൻഷ്വറൻസ്: പെൻഷൻകാരുടെ വിവര ശേഖരണം തുടങ്ങി
സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നടപ്പിലാക്കുന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിലേക്ക് സംസ്ഥാന സർവീസ് പെൻഷൻകാരുടെ വിവരശേഖരണം തുടങ്ങി. വിശദവിവരങ്ങൾക്ക് ട്രഷറിയെ സമീപിക്കുകയോ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് (www.medisep.kerala.gov.in) സന്ദർശിക്കുകയോ, സഹായ കേന്ദ്രത്തിലെ 18004251857 എന്ന ടോൾ ഫ്രീ നമ്പറിൽ (രാവിലെ 10.15 മുതൽ വൈകിട്ട് 5.15 വരെ) വിളിക്കുകയോ ചെയ്യണം.
ഗൈഡ് പരിശീലന കോഴ്സിന് അപേക്ഷിക്കാം
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) നടത്തുന്ന സംസ്ഥാനതല/പ്രാദേശികതല ഗൈഡ് പരിശീലന കോഴ്സിലേക്ക് 29 വരെ അപേക്ഷിക്കാം. വെബ്‌സൈറ്റ്: www.kittsedu.org