ചേർത്തല: ജലന്ധർ രൂപതയിലെ വൈദികൻ ഫാ.കുര്യാക്കോസ് കാട്ടുതറ ദുരൂഹസാഹചര്യത്തിൽ മരണമടഞ്ഞതോടെ, മുൻ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നിലപാടെടുത്ത ചേർത്തല സ്വദേശികളായ സിസ്റ്റർമാർ അനുപമയുടെയും ആനി റോസിന്റെയും കുടുംബാംഗങ്ങൾ ഭീതിയിലായി. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന് ഇരുവരും നേരത്തേതന്നെ ബന്ധുക്കളോടും പൊതു സമൂഹത്തോടും വെളിപ്പെടുത്തിയിരുന്നു.
ചേർത്തല പള്ളിപ്പുറം കേളമംഗലത്തുവെളി കെ.എം.വർഗീസിന്റെ മകളാണ് അനുപമ. തണ്ണീർമുക്കം 13-ാം വാർഡ് ഇടത്തിൽ ആന്റണിയുടെയും വത്സമ്മയുടെയും മകളാണ് ആനിറോസ്. ബിഷപ്പിനെതിരെ നിലപാടെടുക്കുകയും പൊലീസിൽ മൊഴി നൽകുകയും ചെയ്തതോടെ മാസങ്ങൾക്കു മുമ്പ് ഇരുവരുടെയും വീട്ടുകാർക്കെതിരെ ബിഷപ്പിന്റെ സഹായികൾ പരാതി നൽകി കേസിൽ കുടുക്കാൻ ശ്രമിച്ചിരുന്നതായി വിമർശനമുയർന്നിരുന്നു.