റിയാദ്: മാദ്ധ്യമപ്രവർത്തകനായ ജമാൽ ഖഷോഗിയുടെ കൊലപാതകത്തിന് പിന്നിലെ ബുദ്ധികേന്ദ്രം സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന്റെ വിശ്വസ്തനായിരുന്ന സൗദ് അൽ ഖതാനിയെന്ന് റിപ്പോർട്ട്. സൽമാന്റെ സോഷ്യൽ മീഡിയ പേജുകൾ നിയന്ത്രിച്ചിരുന്ന ഖതാനി സ്കൈപ്പിലൂടെയാണ് ഖഷോഗിയെ കൊല്ലാൻ നിർദ്ദേശം നൽകിയതെന്ന് തുർക്കിയിലെ ഇന്റലിജൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഖഷോഗിയും ഖതാനിയും പലപ്പോഴും സ്കൈപ്പിലൂടെ വഴക്കിടുകയും തർക്കത്തിലേർപ്പെടുകയും ചെയ്തിട്ടുണ്ട്. തർക്കം രൂക്ഷമായതോടെ ഖഷോഗിയെ വധിക്കാൻ ഖതാനി ആവശ്യപ്പെടുകയായിരുന്നു എന്നാണ് വിവരം. 'ആ നായയുടെ തലയെനിക്ക് വേണം' എന്ന് ഖതാനി ആക്രോശിച്ചതായി തുർക്കിയിലെ ഇന്റലിജൻസ് വിഭാഗം പറയുന്നു. ഖതാനിയെയും മറ്റ് നാല് ഉദ്യോഗസ്ഥരെയും സൽമാൻ രാജാവ് പുറത്താക്കി. കഴിഞ്ഞ മൂന്ന് വർഷമായി മുഹമ്മദ് ബിൻ സൽമാനെടുത്ത പല തീരുമാനങ്ങൾക്കും പിന്നിൽ‌ ഖതാനിക്ക് നിർണായക പങ്കുണ്ടായിരുന്നു. അഴിമതിയാരോപിച്ച് പ്രമുഖരടക്കം നൂറോളം പേരുടെ കൂട്ട അറസ്റ്റ് ആസൂത്രണം ചെയ്തതും ഖതാനിയുടെ ബുദ്ധിയാണെന്നാണ് പുറത്തുവന്ന വിവരം. അതേസമയം ആരോപണങ്ങൾക്ക് മറുപടി പറയാൻ ഖതാനി തയ്യാറായിട്ടില്ല. എന്നാൽ ഖഷോഗിയെ കസ്റ്റഡിയിലെടുത്തതിലും കൊലപ്പെടുത്തിയതിലും കിരീടാവകാശിക്ക് പങ്കില്ലെന്നാണ് സൗദി ഭരണകൂടം പറയുന്നത്. ഖഷോഗിയുടെ കൊലപാതകത്തിന് പിന്നാലെ ഖതാനി കസ്റ്റഡിയിലായിരുന്നതായും പിന്നീട് പദവികളിൽ നിന്ന് പുറത്താക്കുകയായിരുന്നുവെന്നും സൗദി വൃത്തങ്ങൾ പറയുന്നു. എന്നാൽ ഇദ്ദേഹം വീട്ടുതടങ്കലിലാണോ എന്നും സംശയമുണ്ട്.