khashogi

ഇസ്താംബുൾ:മാദ്ധ്യമ പ്രവർത്തകൻ ജമാൽ ഖഷോഗിയുടെ കൊലപാതകം സൗദി കോൺസുലേറ്റിൽ വച്ചുണ്ടായ വാക്കുതർക്കത്തെ തുടർന്ന് അവിചാരിതമായി സംഭവിച്ചതാണെന്ന സൗദിയുടെ അവകാശവാദം തുർക്കി പ്രസിഡന്റ് തയിപ് എർദോഗൻ തള്ളി. ദിവസങ്ങൾക്ക് മുമ്പേ ആസൂത്രണം ചെയ്ത് നടപ്പാക്കിയ ക്രൂരമായ കൊലപാതകമാണതെന്നും അതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും എർദോഗൻ ഇന്നലെ തുർക്കി പാർലമെന്റിൽ പറഞ്ഞു. കുറ്റക്കാരെന്നു സംശയിക്കുന്ന 18 പേരെ കുറ്റവിചാരണ ചെയ്യാൻ തുർക്കിക്ക് വിട്ടു നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഖഷോഗിയുടെ മൃതദേഹം എവിടെയെന്ന് സൗദി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇത് എല്ലാവരുടെയും മനസിൽ ഉയരുന്ന ചോദ്യമാണ്. ഖഷോഗി കൊല്ലപ്പെട്ട് മണിക്കൂറിനുള്ളിൽ ഇസ്താംബുൾ വിട്ട 15 പേർ സുരക്ഷാ, ഇന്റലിജൻസ് ഫോറൻസിക് ഉദ്യോഗസ്ഥരായിരുന്നു. വെള്ളിയാഴ്ച കോൺസുലേറ്റിലെത്തിയ ഖഷോഗിയെ ചൊവ്വാഴ്ച വരാൻ പറഞ്ഞ് തിരിച്ചയച്ചു. അതുകൊണ്ട് അദ്ദേഹം ചൊവ്വാഴ്ച ഉച്ചയോടെ കോൺസുലേറ്റിൽ എത്തുമെന്ന് സൗദി അധികൃതർക്ക് വ്യക്തമായി അറിയാമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മൃതദേഹം തദ്ദേശീയന് കൈമാറിയെന്ന് സൗദി പറയുന്നു, ആരാണത്? ചോദ്യങ്ങൾ ചോദിക്കാൻ തുർക്കിക്ക് അധികാരമുണ്ടെന്ന് സൗദി മറക്കരുത്. സൗദി രാജാവിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നില്ല പക്ഷേ, സ്വതന്ത്രമായ അന്വേഷണമാണ് വേണ്ടതെന്നും എർദോഗൻ പറഞ്ഞു.

ഖഷോഗിയെ കൊലപ്പെടുത്തിയെന്നു വിശ്വസിക്കപ്പെടുന്ന സംഘത്തിലെ ഒരാൾ ഖഷോഗിയുടെ വേഷത്തിൽ പുറത്തേക്കുവന്നതായി സി.സി ടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. കോൺസുലേറ്റിൽ വച്ചല്ല ഖഷോഗി കൊല്ലപ്പെട്ടതെന്നു വരുത്താനാണ് ഇത്തരം ശ്രമം നടത്തിയതെന്നാണ് പൊലീസ് നിഗമനം.