anil
അനിൽ അംബാനി

ന്യൂഡൽഹി: ടെലികോം നെറ്ര്‌വർക്ക് മാനേജ്മെന്റ് സംബന്ധിച്ച ഉഭയകക്ഷി കരാർ ലംഘിച്ച കേസിൽ സ്വീഡിഷ് കമ്പനിയായ എറിക്‌സണ് അനിൽ അംബാനിയുടെ റിലയൻസ് കമ്മ്യൂണിക്കേഷൻസ് (ആർകോം) ഡിസംബർ 15നകം 550 കോടി രൂപ നൽകണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. 12 ശതമാനം പലിശയും നൽകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പണം നൽകാൻ സാവകാശം വേണമെന്ന അംബാനിയുടെ അപേക്ഷ കോടതി നിരസിച്ചു.

ആർകോമിന്റെ ടെലികോം പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നത് എറിക്‌സണാണ്. ഉപകരണങ്ങളുടെ വാടകയിനത്തിൽ നൽകാനുള്ള പേമെന്റിൽ ആർകോം വീഴ്‌ച വരുത്തിയതോടെ എറിക്‌സൺ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. 1,150 കോടി രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു അത്. സെപ്‌തംബർ 30നകം തുക നൽകണമെന്നും ട്രൈബ്യൂണൽ വിധിച്ചിരുന്നു. 550 കോടി രൂപ കൂടി ആർകോം നൽകാനുണ്ടെന്നും തിരിച്ചടവ് മനഃപൂർവം മുടക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് എറിക്‌സൺ സുപ്രീം കോടതിയിൽ എത്തിയത്.

38ഓളം ബാങ്കുകളിലായി 40,000 കോടി രൂപയുടെ കടബാദ്ധ്യതയുള്ള ആർകോം ടെലികോം ബിസിനസിൽ നിന്ന് പിൻവാങ്ങിയിരുന്നു. ആസ്‌തികൾ ജ്യേഷ്‌ഠൻ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്‌ട്രീസിന് വില്‌ക്കാനും തീരുമാനിച്ചു. ഇതിലൂടെ ലഭിക്കുന്ന പണത്തിൽ നിന്ന് എറിക്‌സണുള്ള കടം വീട്ടാമെന്ന് അനിൽ അംബാനി വാദിച്ചെങ്കിലും കോടതി അനുവദിച്ചില്ല. ടെലികോം മന്ത്രാലയത്തിന്റെ അനുവാദം വൈകുന്നതിനാൽ ആസ്‌തി കൈമാറ്റം നടന്നിട്ടില്ല.

എന്നാൽ, മീഡിയ ബിസിനസിലെ ആസ്‌തി കൈമാറ്റത്തിലൂടെ 5,000 കോടി രൂപ ആർകോമിന് ലഭിച്ചിട്ടുണ്ടെന്നും ടെലികോം മന്ത്രാലയത്തിന്റെ പേരുപറഞ്ഞ് മനഃപൂർവം പേമെന്റ് വൈകിക്കുകയാണെന്നും എറിക്‌സൺ വാദിച്ചു. ഇതംഗീകരിച്ചാണ് കോടതി പലിശ സഹിതം തുക നൽകാൻ ഉത്തരവിട്ടത്.