ന്യൂഡൽഹി: ഉത്‌സവകാലം വിരുന്നെത്തും മുമ്പേ, ഇന്ത്യയിൽ സ്‌മാർട് ഫോണുകളുടെ വില്‌പന പുതിയ ഉയരത്തിലെത്തി. ജൂലായ് - സെപ്‌തംബർ പാദത്തിൽ 4.4 കോടി സ്‌മാർട് ഫോണുകളുടെ റെക്കാഡ് വില്‌പനയാണ് നടന്നത്. ഫീച്ചർ ഫോണുകൾ ഉൾപ്പെടെ മൊത്തം 8.8 ഫോണുകളും കഴിഞ്ഞപാദത്തിൽ വിറ്റഴിക്കപ്പെട്ടു. 27 ശതമാനം മാർക്കറ്റ് വിഹിതവുമായി ചൈനീസ് കമ്പനി ഷവോമിയാണ് സെപ്‌തംബർ പാദത്തിൽ ഒന്നാമതെത്തിയത്. സാംസംഗ് (23 ശതമാനം), വിവോ (പത്തു ശതമാനം), മൈക്രോമാക്‌സ് (ഒമ്പത് ശതമാനം), ഓപ്പോ (എട്ട് ശതമാനം) എന്നിവയാണ് യഥാക്രമം തൊട്ടുപിന്നിലുള്ളത്.
ഇക്കൂട്ടത്തിലെ ഏക ഇന്ത്യൻ ബ്രാൻഡാണ് മൈക്രോമാക്‌സ്. രണ്ടു വർഷത്തിന് ശേഷമാണ് മൈക്രോമാക്‌സ് വീണ്ടും ടോപ് 5ൽ എത്തുന്നത്. ആകർഷകമായ ഓഫറുകളാൽ ദസറ - ദീപാവലി ഉത്‌സവകാലം നിറയുമെന്നതിനാൽ വില്‌പന പുതിയ റെക്കാഡ് കുറിക്കുമെന്നാണ് കമ്പനികളുടെ വിലയിരുത്തൽ.