തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം തിരികെ വേണം എന്നാവശ്യപ്പെട്ട് മലയരയ മഹാസഭ സുപ്രീം കോടതിയെ സമീപിക്കുന്നു. അയ്യപ്പൻ മലയരയനായിരുന്നെന്നും അയ്യപ്പന്റെ സമാധി സ്ഥലമായിരുന്നു ശബരിമലയും തങ്ങളുടെ ആചാരങ്ങളുമെല്ലാം ബ്രാഹ്മണർ തട്ടിപ്പറിക്കുകയായിരുന്നെന്ന് എെക്യമലയരയ മഹാസഭ ജനറൽ സെക്രട്ടറി പി.കെ സജീവ് വ്യക്തമാക്കി. ചരിത്രത്തെ വിസ്മരിക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്നും ഒരു ഓൺലെെൻ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. വളർത്തച്ചനായ പന്തളം രാജാവിനെ കുറിച്ച് പറയുന്നവർ എന്ത് കൊണ്ട് അയ്യപ്പന് ജന്മം നൽകിയവരെ കുറിച്ച് മിണ്ടുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
''ശബരിമലയിൽ സ്ത്രീ പുരുഷ അന്തരം മലയരയ മഹാസഭ കാണുന്നില്ല. മലയരയ സമുദായത്തിൽപ്പെട്ട സ്ത്രീയായിരുന്നു ശബരി. സമുദായത്തിൽപ്പെട്ട യുവതികൾ നിലവിൽ ശബരിമലയിൽ പോകാറില്ല. ആരെങ്കിലും പോകുന്നതിന് സമുദായം എതിരുമല്ല. കാരണം ഒരു പരിഷ്‍കൃത സമൂഹത്തിലാണ് നമ്മൾ ജീവിക്കുന്നത്"'- പി.കെ സജീവ് വ്യക്തമാക്കി. ശബരിമലയിലേയും കരിമലയിലേയും നടത്തിപ്പുകാർ തങ്ങളായിരുന്നുവെന്നും 1902ൽ തന്ത്രി കുടുംബം ഇത് അട്ടിമറിച്ച് അധികാരം സ്ഥാപിക്കുകയായിരുന്നുവെന്ന് സജീവ് നേരത്തെ വ്യക്തമാക്കിയിരുന്നു.