മലയാളത്തിലെ താരസംഘനയായ അമ്മയ്ക്കെതിരെ വീണ്ടും രൂക്ഷവിമർശനവുമായി നടി റിമ കല്ലിങ്കൽ. അമ്മ എന്ന സംഘടന പൂർണമായും പുരുഷ മാഫിയയാമെന്നും മോഹൻലാലും മമ്മൂട്ടിയും കൃത്യമായ നിലപാട് എടുത്തിരുന്നെങ്കിൽ കാര്യങ്ങൾ മാറി മറിഞ്ഞേനെയെന്നും റിമ വ്യക്തമാക്കി. ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സംഘടനയ്ക്കെതിരെ റിമ തുറന്നടിച്ചത്. ഈ വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉയർന്ന് വരുമ്പോൾ അമ്മയിലെ അംഗങ്ങൾ എല്ലാം മോഹൻലാൽ എന്ന വ്യക്തിക്ക് പിന്നിൽ ഒളിക്കുകയാണെന്നും റിമ പറഞ്ഞു.
''വിവാദ വിഷയങ്ങളിൽ ദുൽഖർ സൽമാനെ പോലെയുള്ളവരെ പോലെ ഇരു ഭാഗത്തും നിൽക്കാൻ ഇല്ലെന്ന് പറഞ്ഞ് കെെ കഴുകാൻ ഞങ്ങൾക്കാവില്ല. എക്കാലത്തും അക്രമിക്കപ്പെട്ട നടിക്കൊപ്പം ഉറച്ച് നിൽക്കും. ഒരാൾക്കൊപ്പം നിൽക്കുമ്പോൾ വേറൊരാൾക്ക് എതിരെ നിൽക്കേണ്ടി വരുമല്ലോ എന്ന് പറഞ്ഞ് മാറി നിൽക്കാൻ ഞങ്ങൾക്ക് കഴിയില്ല. "- ഹിന്ദി സിനിമയുടെ പ്രചാരണത്തിനിടെ ഇക്കാര്യത്തിൽ ദുൽഖർ നൽകിയ പ്രതികരണം സംബന്ധിച്ച് ചോദ്യത്തിന് മറുപടിയായി റിമ പറഞ്ഞു.