കോട്ടയം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതിയുടെ വിധിക്ക് അനുകൂലമായി പോസ്റ്റിട്ട വിദ്യാർത്ഥിനിയെ മർദ്ദിച്ച സംഭവത്തിൽ വെെക്കത്ത് സി.പി.എം- ആർ.എസ്.എസ് സംഘർഷം. മർദ്ദനമേറ്റ വിദ്യാർത്ഥിക്ക് പിന്തുണയുമായി വെെകീട്ട് സി.പി.എം സമ്മേളനം നടത്തിയിരുന്നു. പിന്നാലെ മർദ്ദിച്ച യുവാവിന്റെ വീട്ടിലേക്ക് മാർച്ചും സി.പി.എം സംഘടിപ്പിച്ചിരുന്നു. ഇത് കഴിഞ്ഞ് തിരിച്ച് വരുന്നതിനിടെയാണ് സി.പി.എം- ആർ.എസ്.എസ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. പ്രദേശത്ത് സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് വെെക്കം താലൂക്കിൽ ബി.ജെ.പി ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.