ഇസ്താംബുൾ: മാദ്ധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ മൃതദേഹത്തിന്റെ ശരീരഭാഗങ്ങൾ ഈസ്താംബുളിലെ സൗദി കോൺസുലേറ്റിന് സമീപത്തു നിന്ന് ലഭിച്ചതായി സ്കൈ ന്യൂസ് പുറത്തുവിട്ടു. വികൃതമാക്കപ്പെട്ടനിലയിൽ ഖഷോഗിയുടെ മുഖം അടക്കമുള്ള ശരീരഭാഗങ്ങളാണ് സൗദി കോൺസുൽ ജനറലിൻറെ വീടിന് സമീപമുള്ള പൂന്തോട്ടത്തിൽ നിന്ന് ഇന്നലെ കണ്ടെടുത്തത്. സൗദി കോൺസുലേറ്റില്‍ നിന്ന് 500 മീറ്റർ അകലെയാണ് കോൺസുൽ ജനറലിന്റെ വീട് സ്ഥിതി ചെയ്യുന്നത്. സമീപത്തെ കിണറിൽ നിന്നാണ് ശരീരഭാഗങ്ങൾ ലഭിച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
സൽമാൻ ഖഷോഗിയുടെ മകനെ കണ്ടു
റിയാദ്: കൊല്ലപ്പെട്ട അറബ് മാദ്ധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ മകനുമായി സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ ഇന്നലെ കൂടിക്കാഴ്ച നടത്തി. റിയാദിൽ വച്ച് നടന്ന ഇരുവരുടെയും കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഇന്നലെ സൗദി പുറത്തുവിട്ടു. സൽമാനുനേരെ തുറിച്ചു നോക്കി നിൽക്കുന്ന ഖഷോഗിയുടെ മകൻ സലാഹ് ബിൻ ജമാൽ ഖഷോഗിയുടെ ചിത്രങ്ങൾ ഏറെ ചർച്ചയായിരുന്നു. സലാഹിന്റെ സഹോദരൻ സഹലും സൗദി രാജാവ് സൽമാനും ഒപ്പമുണ്ടായിരുന്നു. ഖഷോഗിയുടെ മരണത്തിൽ രാജകുടുംബം അനുശോചനം രേഖപ്പെടുത്തിയതായി സൗദി വ്യക്തമാക്കി. കഴിഞ്ഞ ദിവസം മുഹമ്മദ് ബിൻ സൽമാൻ സലാഹിനെ ഫോണിൽ ബന്ധപ്പെട്ട് കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ചിരുന്നു. സൗദി ഭരണകൂടത്തെ ചൊടിപ്പിച്ച ഖഷോഗിയുടെ റിപ്പോർട്ടുകളെ തുടർന്ന് മകൻ സലാഹിന് സൗദി യാത്രാവിലക്ക് ഏർപ്പെടുത്തിയിരിക്കുകയായിരുന്നു. കഴിഞ്ഞ ഒരു വർഷമായി രാജ്യം വിട്ട് പുറത്തുപോകാനും അനുമതിയില്ലായിരുന്നു.