alorukkam

തിരുവനന്തപുരം : മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടിയ ഇന്ദ്രൻസിനെ സംസഥാന ചലച്ചിത്ര അക്കാദമി അപമാനിച്ചതായി സംവിധായകൻ വി.സി. അഭിലാഷ്. ഇന്ദ്രൻസിന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടി കൊടുത്ത 'ആളൊരുക്കം' കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ നിന്ന് ഒഴിവാക്കിയതിലാണ് ചിത്രത്തിന്റെ സംവിധായകൻ കുടിയായ അഭിലാഷിന്റെ പ്രതികരണം. ദേശിയ പുരസ്കാര വേദിയിൽ നിന്ന് നേരിടേണ്ടി വന്നതിലും വലിയ അപമാനമാണിതെന്നും സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചു.

ദേശിയ​​-സംസ്ഥാന പുരസ്കാരങ്ങൾ ഉൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ വാരിക്കൂട്ടിയ "ആളൊരുക്കം" നിരവധി രാജ്യാന്തര ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ കേരളത്തിന്റെ സ്വന്തം ചലച്ചിത്ര മേളയായ ഐ.എഫ്.എഫ്.കെയിൽ നിന്ന് വിചിത്രമായ കാരണങ്ങൾ പറഞ്ഞ് ചിത്രത്തെ ഒഴിവാക്കുകയായിരുന്നു. ദേശീയ പുരസ്കാരം നേടിയ 'ആളൊരുക്കം' മേളയിൽ നിന്ന് ഒഴിവാക്കിയതിന്റെ കാരണം ചോദിച്ച മാദ്ധ്യമങ്ങളോട് സാമൂഹ്യ പ്രസക്തിക്കുള്ള അവാർഡായിരുന്നു അത് എന്നാണ് ജൂറിയുടെ വിശദീകരണം.

ഐ.എഫ്.എഫ്.കെ വലിയൊരു സ്വപ്നമായിരുന്നു. അത്ര മോശം സിനിമയാണോ ഇത്. ഗുരുതുല്ലുരായ സംവിധായകർ വരെ ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായമാണ്. ദേശീയ പുരസ്കാരം നേടാത്തപ്പോൾ വന്ന മെസേജുകൾ ഇപ്പോൾ കാപട്യമായി തോന്നുന്നു. സിനിമയെ മാത്രമല്ല ദേശീയ​-സംസ്ഥാന പുരസ്കാര ജേതാവായ ഇന്ദ്രൻസിനെ കുടിയാണ് അപമാനിച്ചത്. സാമൂഹിക പ്രസക്തിക്ക് നമ്മുടെ മേളയിൽ പ്രസക്തിയില്ലേ. ആളൊരുക്കത്തിൽ പറഞ്ഞ ആ സാമൂഹിക പ്രസക്തമായ വിഷയം ഐ.എഫ്.എഫ്.കെ. പ്രേക്ഷകരെങ്കിലും കാണണ്ടേ ? ആരെങ്കിലും ഈ വിചിത്രമായ തീരുമാനം തിരുത്തിയെങ്കിലെന്ന് പ്രത്യാശിക്കുന്നതായും അഭിലാഷിന്റെ ഫേസ്ബുക്ക് കുറിപ്പിലുണ്ട്.

വി.സി. അഭിലാഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ :

ആളൊരുക്കം കാണാനാവസരം കിട്ടിയവർ -ഗുരുതുല്യരായ സംവിധായകർ പോലും- പറഞ്ഞത്
ഈ സിനിമയ്ക്ക് കിട്ടിയില്ലെങ്കിൽ മറ്റേത് സിനിമയ്ക്ക് ഐഎഫ്എഫ്കെയിൽ അവസരം കിട്ടുമെന്നാണ് ..!

ഇത്തവണ സിനിമകളുടെ എണ്ണം കൂടിയിട്ടും,നവാഗതർക്ക് പ്രാധാന്യം ഉണ്ടായിട്ടും-അങ്ങനെയൊന്നും ഉൾപ്പെടുത്താനാനാവാത്ത അത്ര
മോശം സിനിമയായിരുന്നോ ഇത് ?

''ദേശീയ അവാർഡ് വാങ്ങിയ ആളൊരുക്കം എന്ത് കൊണ്ട് ഇത്തവണ മേളയിൽ ഉൾപ്പെടുത്തിയില്ല?''- എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അത് സാമൂഹിക പ്രസക്തിയ്ക്കുള്ള അവാർഡാണ് വാങ്ങിയത് എന്നാണ് ജൂറിയുടെ വിശദീകരണം!

സാമൂഹിക പ്രസക്തിയ്ക്ക് നമ്മുടെ മേളയിൽ പ്രസക്തിയില്ലേ?

ആളൊരുക്കത്തിൽ പറഞ്ഞ ആ സാമൂഹിക പ്രസക്തമായ വിഷയം IFFK പ്രേക്ഷകരെങ്കിലും കാണണ്ടേ ?

വേദനയോടെ പറയട്ടെ..

ദേശീയ പുരസ്‌കാര വേദിയിൽ നേരിടേണ്ടി വന്ന അപമാനത്തേക്കാൾ വലുതാണ് ഇത്.

ഇത് വരെയും കയ്യിലെത്താത്ത ആ ദേശീയ
പുരസ്കാരത്തെ ഓർത്ത്, അന്ന് ആശ്വാസമേകി വന്ന പല സന്ദേശങ്ങളും
ഇപ്പോൾ കാപട്യം പോലെ തോന്നിക്കുന്നു!

എല്ലാവരും ഇന്നോളം പാടിപ്പുകഴ്ത്തിയ ആളൊരുക്കം അപമാനിക്കപ്പെട്ടിരിക്കുന്നു!

സമ്മാനങ്ങൾ കൊണ്ടും സെൽഫികൾ കൊണ്ടും ഈ ദിവസങ്ങളിൽ സ്നേഹം കൊണ്ട് മൂടപ്പെട്ട ഇന്ദ്രൻസേട്ടൻ അപമാനിക്കപ്പെട്ടിരിക്കുന്നു!

കഴിഞ്ഞ തവണ ചലച്ചിത്ര മേളയിൽ ഉൾപ്പെടുത്താതെ ഒഴിവാക്കപ്പെട്ട ഒരു സിനിമയ്ക്ക് ഇതേ അക്കാദമിയുടെ മറ്റൊരു ജൂറി മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡ് നൽകിയത് പോലെ വിചിത്രമായ ഈ തീരുമാനം അവർ തിരുത്തുമോ ?

അറിയില്ല..

ആരെങ്കിലും പ്രതികരിച്ചിരുന്നെങ്കിൽ...
അവർ തിരുത്തിയിരുന്നെങ്കിൽ.. !!!