ആലപ്പുഴ: ശബരിമല വിഷയത്തിൽ കോൺഗ്രസിനെയും ബി.ജെ.പിയേയും രൂക്ഷമായി വിമർശിച്ച് ഭരണ പരിഷ്കരണ കമ്മിഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ. സംസ്ഥാനസർക്കാരിനെ തകർക്കാൻ ബി.ജെ.പിയും കോൺഗ്രസും കെെകോർക്കുകയാണെന്നും ബി.ജെ.പി കോൺഗ്രസിന്റെ ബി ടീമായി മാറിയെന്നും വി.എസ് പറഞ്ഞു. പുന്നപ്ര- വയലാർ രക്തസാക്ഷിത്വ വാരാചാരണത്തിന്റെ സമാപന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുന്നതിനിടെയാണ് വി.എസിന്റെ പ്രതികരണം. ശബരിമല വിഷയത്തിൽ ബി.ജെ.പി പറയുന്നത് കോൺഗ്രസ് ഏറ്റുപാടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
''കോൺഗ്രസ് അതിന്റെ ഏറ്റവും ദുർബലാവസ്ഥയിൽ ആണിന്നുള്ളത്. മതനിരപേക്ഷതയുടെയും ദേശീയ പ്രസ്ഥാനത്തിന്റെയും പാരമ്പര്യമുള്ള കോൺഗ്രസിൽ നിന്നും ഹിന്ദു വർഗീയ കക്ഷിയായ ബി.ജെ.പിയിലേക്ക് നേതാക്കളടക്കം ഒഴുകുകയാണ്. മൃദുഹിന്ദുത്വ സമീപനം കൊണ്ട് കോൺഗ്രസ് ഗതിപിടിക്കില്ല''- വി.എസ് പറഞ്ഞു.
''ശബരിമല വിഷയം ആദ്യം എല്ലാവരും പിന്തുണച്ചതാണ്.എന്നാൽ ഒരു കലക്ക് കലക്കിയാൽ പത്ത് വോട്ട് നേടാം എന്ന വക്രബുദ്ധിയുടെ അടിസ്ഥാനത്തിൽ ബി.ജെ.പി മലക്കം മറിഞ്ഞതോടെ കോൺഗ്രസും പിന്നലെ പോയതാണ്. ചരിത്രത്തിലെ ഏറ്റവും വലിയ ആചാരലംഘനമാണ് ശ്രീനാരായണ ഗുരുവിന്റെ അരുവിപ്പുറം പ്രതിഷ്ട. അത് നടന്ന മണ്ണിൽ നിന്ന് ആചാരം മാറ്റാൻ സമ്മതിക്കില്ലെന്ന് പറയാൻ രമേശ് ചെന്നിത്തലയ്ക്ക് നാണമില്ലേ?. ഗുരുവായൂർ, വൈക്കം സത്യാഗ്രഹങ്ങൾ നടത്തിയത് കോൺഗ്രസായിരുന്നു എന്ന് ഇപ്പോഴത്തെ കെ.പി.സി.സിക്കാർക്ക് അറിയാമോ?"- വി.എസ് ചോദിച്ചു.