ന്യൂഡൽഹി: സി.ബി.ഐയിലെ അധികാരപ്പോര് രൂക്ഷമായതിന് പിന്നാലെ ഡയറക്ടർ അലോക് കുമാർ വർമയെ തത്‌സ്ഥാനത്ത് നിന്ന് നീക്കി. അഴിമതി കേസിൽ പ്രതിയായ സി.ബി.ഐ സ്പെഷ്യൽ ഡയറക്ടർ രാകേഷ് അസ്താനയോട് നിർബന്ധിത അവധിയിൽ പോകാനും സർക്കാർ നിർദ്ദേിശിച്ചു. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ഈ തീരുമാനങ്ങൾ ഉണ്ടായത്. അലോക് വർമയ്ക്ക് പകരം നാഗേശ്വർ റാവുവിന് ഡയറക്ടറുടെ താൽക്കാലിക ചുമതല നൽകി. ഒഡിഷ കേഡറിൽ നിന്നുള്ള 1986 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് റാവു. റാവുവിനോട് അടിയന്തരമായി ചുമതല ഏറ്റെടുക്കാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്.
രണ്ട് കോടി രൂപ കൈക്കൂലി നൽകിയെന്ന വ്യവസായിയുടെ പരാതിയിലാണ് അസ്താനയ്ക്കെതിരെ സി.ബി.ഐ കേസെടുത്തത്. വ്യവസായി മോയിൻ ഖുറേഷിയുമായി ബന്ധപ്പെട്ട അഴിമതിക്കേസ് അസ്താനയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കവെ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് കേസ്. എന്നാൽ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അസ്താന ഇന്നലെ ഡൽഹിയെ ഹൈക്കോടതിയെ സമീപിച്ചു. അസ്താനയെയെ തിങ്കളാഴ്ചവരെ അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവിട്ട ഡൽഹി ഹൈക്കോടതി, കേസിൽ അന്വേഷണം തുടരുന്നതിന് തടസമില്ലെന്നും വ്യക്തമാക്കി. കേസിലെ മൊബൈൽ ഫോൺ ഉൾപ്പടെയുള്ള ഇലക്ട്രോണിക് രേഖകൾ സംരക്ഷിക്കണമെന്നും കോടതി പറഞ്ഞു. ലോക് കുമാർ വർമ്മയിൽ നിന്നും ജോയിന്റ് ഡയറക്ടർ എ.കെ ശർമ്മയിൽ നിന്നും ഹൈക്കോടതി പ്രതികരണം തേടിയിട്ടുണ്ട്. ഹർജി തിങ്കളാഴ്ച വീണ്ടും കോടതി പരിഗണിക്കും.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ഹൈദരാബാദിലെ വ്യവസായി സതീഷ് സന അറസ്റ്റിലായതോടെയാണ് അസ്താനയ്ക്കെതിരെ ആരോപണമുയർന്നത്. ഖുറേഷിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിൽ പ്രതിയാകാതിരിക്കാൻ രാകേഷ് അസ്താനയ്ക്ക് രണ്ട് കോടി രൂപ കൈക്കൂലി നൽകിയെന്ന് സന മൊഴി നൽകുകയായിരുന്നു. 2017 ഡിസംബർ മുതൽ 10 മാസമായാണ് തുക നൽകിയത്. ദുബായ് കേന്ദ്രീകരിച്ചുള്ള ഇടനിലക്കാരനായ മനോജ് പ്രസാദ് വഴിയാണ് ഇടപാട് നടന്നത്. സനയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മനോജ് പ്രസാദിനെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. ഡയറക്ടർ അലോക് വർമ്മയെ കുടുക്കാനായി വ്യാജമൊഴി രേഖപ്പെടുത്തിയതിന് ഡിവൈ.എസ്.പി ദേവേന്ദർകുമാറിനെയും സി.ബി.ഐ അറസ്റ്റുചെയ്തിട്ടുണ്ട്. ഖുറേഷി അഴിമതി കേസ് അട്ടിമറിക്കാൻ ഡയറക്ടർ അലോക് വർമ്മ ശ്രമിച്ചെന്ന് അസ്താന വിജിലൻസ് കമ്മിഷന് നൽകിയ പരാതിക്ക് ബലം കിട്ടാനാണ് വ്യാജ മൊഴിയുണ്ടാക്കിയത്.