bindu-mother

കോഴിക്കോട്: ശബരിമല ദർശനത്തിന് പോയ കോഴിക്കോട് ചേവായൂരിൽ വാടക വീട്ടിൽ താമസിക്കുന്ന ബിന്ദുവിന്റെ മാതാപിതാക്കൾ ശബരീശനോടും അയ്യപ്പഭക്തരോടും മാപ്പപേക്ഷിച്ച് രംഗത്ത്. അയ്യപ്പ ഭക്തർക്കുണ്ടായ മനോവിഷമത്തിൽ തങ്ങൾ ഏറെ ദു:ഖിതരാണ്. മകൾ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി താൻ മല ചവിട്ടുമെന്നും ബിന്ദുവിന്റെ അമ്മ തങ്കമ്മ അറിയിച്ചു. മണ്ഡലകാലത്തിന് മുൻപ് നവംബർ 5ന് നട തുറക്കുമ്പോൾ മലചവിട്ടി അയ്യനെ ദർശിക്കാനാണ് തങ്കമ്മ ഉദ്ദേശിക്കുന്നത്. അതേസമയം പ്രായാധിക്യം കാരണം ബിന്ദുവിന്റെ അച്ഛൻ വാസു മലചവിട്ടില്ല, പകരം വീട്ടിൽ പ്രാർത്ഥന നടത്തും.

കോഴിക്കോട് അദ്ധ്യാപികയായി ജോലി നോക്കുന്ന ബിന്ദു പോലീസിന്റെ സഹായത്തോടെ തിങ്കളാഴ്ചയാണ് ശബരിമലയ്ക്ക് പുറപ്പെട്ടത്. അയ്യപ്പഭക്തരുടെ പ്രതിഷേധത്തിനൊടുവിൽ ഇവർ യാത്ര അവസാനിപ്പിച്ച് തിരിച്ച് പോരുകയായിരുന്നു. എന്നാൽ ദർശനത്തിന് പോയി തിരിച്ചെത്തിയപ്പോൾ വീട് ഒഴിയണമെന്ന് ഉടമസ്ഥൻ ആവശ്യപ്പെട്ടു. കുറേ ആളുകൾ വീട്ടിലേക്ക് പ്രകടനം നടത്തുകയും വീട്ടിൽ നിന്ന് ഇവരെ ഇറക്കി വിട്ടില്ലെങ്കിൽ വീട് അടിച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോൾ ഗത്യന്തരമില്ലാതെയാണ് ഉടമ ഒഴിയാൻ ആവശ്യപ്പെട്ടത്.