devaswam-board-president

തിരുവനന്തപുരം: ആരെതിർത്താലും ശബരിമലയിലെ ആചാരങ്ങൾ തെറ്റില്ലെന്ന യുവമോർച്ച നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത തിുരുവിതാംദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ വിവാദത്തിൽ. സംഭവം വിവാദമായതോടെ പദ്മകുമാർ ഫേസ്ബുക്ക് അക്കൗണ്ട് നീക്കം ചെയ്തു. യുവമോർച്ച ആലപ്പുഴ ജില്ലാ സെക്രട്ടറി പ്രമോദ് കാരക്കാടിന്റെ പോസ്റ്റ് ഷെയർ ചെയ്താണ് പദ്മകുമാർ വിവാദത്തിൽപ്പെട്ടത്.

ഞാൻ ഇരുന്ന് ഉരുകുകയാ എന്നായിരുന്നു ഫേസ്ബുക്കിൽ നിലവിലെ ശബരിമല സാഹചര്യങ്ങളോടുള്ള പദ്മകുമാറിന്റെ ഫേസ്ബുക്ക് കമന്റ്. ആരെതിർത്താലും ആചാരങ്ങൾ തെറ്റില്ല. അത് അയ്യപ്പസ്വാമിയുടെ അനുഗ്രഹമാണ് എന്ന അടിക്കുറുപ്പോടെ പ്രമോദ് ഇട്ട പോസ്റ്റാണ് പദ്മകുമാർ ഷെയർ ചെയ്തത്. അതേസമയം, ശബരിമലയിൽ ആർ.എസ്.എസും ബി.ജെ.പിയും സംഘർഷത്തിന് നേതൃത്വം നൽകുന്നുവെന്ന് മുഖ്യമന്ത്രി അടക്കമുള്ളവർ പറയുമ്പോഴാണ് പദ്മകുമാറിന്റെ വിവാദ ഫേസ്ബുക്ക് ഷെയറിംഗ്. ശബരിമലയിൽ രാഷ്ട്രീയം കളിക്കുന്ന ബി.ജെ.പിക്ക് ചൂട്ടുപിടിക്കരുതെന്നാണ് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ പദ്മകുമാറിനെതിരെയുള്ള ഇപ്പോഴത്തെ വിമർശനം. അതേസമയം, ഞാൻ ഇരുന്ന് ഉരുകുകയാണെന്ന ഫേസ്ബുക്ക് കമന്റിന് താഴെ വരുന്ന ചോദ്യത്തിനും പദ്മകുമാർ മറുപടി നൽകുന്നുണ്ട്.