കണ്ണൂർ: പ്രളയക്കെടുതി നേരിടാൻ യു.എ.ഇയിൽ നിന്നുള്ള സഹായം തേടിയത് സംബന്ധിച്ച ചർച്ചകൾക്കിടെ കേരളീയരെ നാണംകെട്ടവരെന്നു വിളിച്ച് അപമാനിച്ച റിപ്പബ്ളിക് ടി.വിയുടെ മാനേജിംഗ് ഡയറക്ടറും മാദ്ധ്യമ പ്രവർത്തകനുമായ അർണാബ് ഗോസ്വാമിക്കെതിരേ കേസ്. സി.പി.എം കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി.ശശിയാണ് കേസ് ഫയൽ ചെയ്തത്. കണ്ണൂരിലെ പീപ്പിൾസ് ലോ ഫൗണ്ടേഷന്റെ ചെയർമാനെന്ന നിലയിൽ കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് (ഒന്ന്)കോടതിയിലാണ് കേസ് ഫയൽ ചെയ്തത്.
പ്രളയ ദുരിതത്തിലകപ്പെട്ട കേരളത്തിന് യു.എ.ഇയിൽനിന്ന് 700 കോടി രൂപ സഹായധനമായി ലഭിക്കുമെന്ന് വാർത്തയുമായി ബന്ധപ്പെട്ട വിവാദത്തിൽ റിപ്പബ്ലിക് ടിവി ചാനലിൽ അർണബ് ഗോസ്വാമി അപകീർത്തികരമായ പരാമർശം നടത്തിയെന്നാണ് പരാതി. പ്രളയത്തിൽ നിന്നും നീന്തി കരകയറിയ മലയാളികളെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ സർക്കാരും ബന്ധപ്പെട്ടവരും ശ്രമിക്കുമ്പോൾ അവരെ സഹായിക്കരുതെന്ന് അർണാബ് ആഹ്വാനം ചെയ്തതെന്ന് പരാതിയിൽ ആരോപിക്കുന്നു. യു.എ.ഇ സ്വമേധയാ സഹായം വാഗ്ദാനം ചെയ്തുവെന്നും അതിനവരെ അഭിനന്ദിക്കുന്നുവെന്നും ആഗസ്റ്റ് 18ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നുവെന്ന് പി.ശശി പരാതിയിൽ ചൂണ്ടിക്കാട്ടി.
അർണാബിന്റെ പ്രസ്താവനയെ തുടർന്ന് മലയാളികൾ റിപ്പബ്ളിക് ടി.വിയുടെ ഫേസ്ബുക്ക് പേജിൽ വരുന്ന പോസ്റ്റുകൾക്ക് താഴെ ശക്തമായി പ്രതിഷേധിച്ചിരുന്നു. അർണാബിന്റെ പരാമർശത്തിനെതിരെ നടൻ അജു വർഗീസും രംഗത്തെത്തിയിരുന്നു.