sharanya

മറഡോണ എന്ന സിനിമ കണ്ടവരാരും ചിത്രത്തിലെ നായികയായ ആശ എന്ന കഥാപാത്രത്തെ മറക്കില്ല. പുതുമുഖം ശരണ്യ ആർ.നായർ ആയിരുന്നു ആ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഒറ്റ ചിത്രം കൊണ്ട് തന്നെ ഹോംനഴ്സായ ആശ മലയാളികളുടെ മനസിൽ ഇടംപിടിച്ചു. ഇപ്പോഴിതാ ശരണ്യ മറ്റൊരു ചിത്രത്തിൽ നായികയാവുകയാണ്. നവാഗതനായ ജാക്കി എസ്.കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 2 സ്റ്റേറ്റ്സ് എന്ന സിനിമയിലാണ് ശരണ്യ നായികയാകുന്നത്. തീവണ്ടി എന്ന സിനിമയിലൂടെ ശ്രദ്ധേയനായ മനുവാണ് നായകനാകുന്നത്.

പൂർണമായും കോമഡിക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രം ഒരു എന്റർടെയ്നറാണ്. ഗ്രാമത്തിന്റേയും നഗരത്തിന്റേയും പശ്ചാത്തലത്തിലാണ് സിനിമ മുന്നോട്ട് പോകുന്നത്. നഗരത്തിൽ ജീവിക്കുന്ന ശരണ്യയുടെ കഥാപാത്രമായ സുഷിതയും മനു അവതരിപ്പിക്കുന്ന ഹരിയും തമ്മിലുള്ള പ്രണയമാണ് സിനിമയുടെ ഇതിവൃത്തം. മുകേഷ്,​ വിജയരാഘവൻ,​ ഇന്ദ്രൻസ് തുടങ്ങിയവർക്കൊപ്പം പുതുമുഖങ്ങളും സിനിമയിലെത്തുന്നുണ്ട്.ചിത്രത്തിന്റെ പൂജ നാളെ പരവൂർ അംബേകർ പാർക്കിൽ നടക്കും. എറണാകുളം,​ പൊള്ളാച്ചി,​ വാഗമൺ എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന സിനിമ അടുത്ത വർഷം ഫെബ്രുവരിയോടെ തിയേറ്ററുകളിൽ എത്തിക്കാനാണ് ആലോചിക്കുന്നത്.

ചിത്രത്തിന്റെ കഥ കേട്ടപ്പോൾ ഇഷ്ടമായെന്നും ഈ സിനിമ സ്വീകരിക്കാതിരുന്നാൽ മണ്ടത്തരമായി പോകുമെന്നും ശരണ്യ കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു. മറഡോണയിലെ ആശയെ പോലയല്ല ഈ കഥാപാത്രമെന്നും തനിക്ക് ലഭിക്കുന്ന വേറിട്ട വേഷമായിരിക്കും ഇതെന്നും ശരണ്യ പറഞ്ഞു. താൻ ഏറെ ആവേശഭരിതയാണെന്നും ശരണ്യ കൂട്ടിച്ചേർത്തു.