crime

ആറ്റിങ്ങൽ: എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വിനീഷിന്റെ ആറ്റിങ്ങൽ കോരാണിയിലുള്ള വീടിന് ഒരുസംഘം ആക്രമികൾ അടിച്ചുതകർത്തു. പതിനഞ്ചോളം പേരടങ്ങുന്ന സംഘമാണ് ഇന്നലെ രാത്രി ആക്രമണം നടത്തിയത്. വീടിന്റെ മുൻവശത്തെ വാതിൽ പൊളിച്ച് അകത്ത് കയറിയ സംഘം ജനലുകളും ടിവിയും ഫാനും മറ്റും തകർത്തു. വീടിന് പുറത്ത് നിർത്തിയിട്ടിരുന്ന ഏതാനും ബൈക്കുകളും കേടുപാട് വരുത്തി. ശബ്ദം കേട്ട് നാട്ടുകാർ എത്തിയപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു.

സംഭവ സമയം വിനീഷിന്റെ അമ്മയും അച്ഛനും മാത്രമാണ് ഉണ്ടായിരുന്നത്. മറ്റൊരു മുറിയിൽ കഴിഞ്ഞിരുന്ന ഇവർ അടിച്ചുതകർക്കുന്ന ശബ്ദം കേട്ട് വാതിൽ തുറക്കാത്തതിനാൽ ആക്രമികളിൽ നിന്ന് രക്ഷപ്പെട്ടു. കേസെടുത്ത ആറ്റിങ്ങൽ പൊലീസ് ആക്രമികൾക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

സി.പി.എം ഇടയ്‌കോട് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും സി.പി.എം ആറ്റിങ്ങൽ ഏര്യാ കമ്മിറ്റി അംഗവുമാണ് വിനീഷിന്റെ അച്ഛൻ വാരിജാക്ഷൻ. മുദാക്കൽ പഞ്ചായത്ത് , ചിറയൻകീഴ് ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ മുൻ പ്രസിഡന്റുമാണ് വിനീഷിന്റെ അമ്മ അംബിക. സഹോദരൻ വിനീത് ഡി.വൈ.എഫ്.ഐ ഇടയ്‌ക്കോട് മേഖല സെക്രട്ടറിയാണ്.