1. സി.ബി.ഐയ്ക്കുള്ളിലെ അധികാര തർക്കവും തമ്മിലടിയും രൂക്ഷമാകുന്നു. സി.ബി.ഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയത് ചോദ്യം ചെയ്ത് അലോക് വർമ്മ സുപ്രീംകോടതിയിൽ. ഹർജി കോടതി മറ്റന്നാൾ പരിഗണിക്കും. അതിനിടെ, അലോക് വർമ്മയെ ഡയറക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയത് റഫാൽ അന്വേഷണം അട്ടിമറിക്കാൻ എന്ന് പ്രശാന്ത് ഭൂഷൺ. അലോക് വർമ്മ റഫാൽ രേഖകൾ ആവശ്യപ്പെട്ടിരുന്നു.
2. താൽക്കാലിക ചുമതല നൽകിയ നാഗേശ്വര റാവുവിന് എതിരെയും കേസുകളുണ്ട്. നാഗേശ്വര റാവുവിന്റെ നിയോഗം അസ്താനയെ രക്ഷിക്കാൻ എന്നും ആരോപണം. അതിനിടെ, അസ്താനയ്ക്ക് എതിരായ കേസ് അന്വേഷിക്കുന്ന അജയ് ബസിയെ പോർട്ട് ബ്ലയറിലേക്ക് സ്ഥലം മാറ്റി. അലോക് വർമ്മയെ ഡയറക്ടർ സ്ഥാനത്ത് നിന്നു നീക്കിയത് ഇന്നലെ രാത്രി. രാകേഷ് അസ്താനയ്ക്ക് എതിരെയും ഇന്നലെ ചേർന്ന അപ്പോയിന്റ്‌മെന്റ് കമ്മിറ്റിയിൽ നടപടി
3. അസ്താനയോട് അവധിയിൽ പോകാൻ നിർദ്ദേശം. സി.ബി.ഐ മേധാവിയുടേയും ഉപമേധാവിയുടേയും ഓഫീസുകൾ അടച്ചു പൂട്ടി. പ്രധാനമന്ത്രി ഇടപെട്ടിട്ടും കടുത്ത നിലപാട് തുടരുന്ന സി.ബി.ഐ ഡയറക്ടർ അലോക് വർമ്മയ്ക്ക് എതിരെ രാകേഷ് അസ്താന ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. അറസ്റ്റ് ഒഴിവാക്കണം എന്ന അസ്താനയുടെ ഹർജി അടുത്ത തിങ്കളാഴ്ച പരിഗണിക്കും എന്ന് അറിയിച്ച കോടതി, അതുവരെ അറസ്റ്റ് പാടില്ലെന്നും നിർദ്ദേശിച്ചു
4. മുല്ലപ്പെരിയാർ പ്രശ്നപരിഹാരത്തിന് വഴി തുറന്ന് കേന്ദ്ര സർക്കാർ. പുതിയ ഡാം നിർമ്മിക്കാനുള്ള സാധ്യതാ പഠനത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി. കേന്ദ്ര സർക്കാരിന്റെ പച്ചക്കൊടി, കേരളത്തിന്റെ ഏറെ നാളായുള്ള ആവശ്യത്തിന്. ഉപാധികളോടെ ആണ് മന്ത്രാലത്തിലെ ഉന്നതതല സമിതി വിവര ശേഖരണം നടത്താൻ പഠനാനുമതി നൽകിയത്. 53.22 മീറ്റർ ഉയരത്തിൽ അണക്കെട്ടിനുള്ള സാധ്യത സംസ്ഥാനം പരിശോധിക്കും
5. എന്നാൽ കേരളവും തമിഴ്നാടും സമവായം ഉണ്ടാക്കി വേണം പുതിയ അണക്കെട്ട് നിർമ്മിക്കാൻ എന്ന് നിർദ്ദേശം. തമിഴ്നാടിന്റെ അനുമതി ഉണ്ടെങ്കിൽ മാത്രമേ പുതിയ ഡാമിന് അനുമതി നൽകൂ എന്നും പരിസ്ഥിതി മന്ത്രാലയം. കൂടാതെ ഡാമിനായി ഏകദേശം 50 ഹെക്ടർ വനഭൂമിയും കേരളം കണ്ടെത്തേണ്ടി വരും. ഇതുമായി ബന്ധപ്പെട്ട പഠനത്തിന് നേരത്തെ വനം പരിസ്ഥിതി മന്ത്രാലയം രണ്ട് തവണ അനുമതി നിഷേധിച്ചിരുന്നു
6. ശബരിമല സ്ത്രീപ്രവേശന വിധിയിലെ പുനപരിശോധനാ ഹർജികൾ പരിഗണിക്കാം എന്ന സുപ്രീകോടതി തീരുമാനത്തിൽ നിയമവിദഗ്ദ്ധർക്ക് ഇടയിൽ രണ്ട് അഭിപ്രായം. പുനപരിശോധനാ ഹർജികളുടെ അടിസ്ഥാനത്തിൽ തുറന്ന കോടതിയിൽ വാദം കേട്ട് മുൻ ഉത്തരവ് റദ്ദാക്കിയത് ഒരിക്കൽ മാത്രം. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് രജ്ഞൻ ഗോഗോയി തുറന്ന കോടതിയിൽ വാദം കേട്ട സൗമ്യാ കേസിലെ പുനപരിശോധന ഹർജിയിൽ അടക്കം മുൻ ഉത്തരവുകൾ സുപ്രീകോടതി അംഗീകരിച്ചതാണ് ചരിത്രം
7. ഭരണഘടനയുടെ 137ാം ചട്ട പ്രകാരം പാർലമെന്റ് പാസാക്കിയ നിയമം അടക്കം പുനപരിശോധിക്കാൻ സുപ്രീകോടതിയ്ക്ക് കഴിയും. അതിന്റെ അടിസ്ഥാനത്തിലാണ് സ്വന്തം വിധികൾ സുപ്രീകോടതി വീണ്ടും പരിശോധിക്കുന്നത്. 1966ലും 2002ലെ രൂപ അശോക് ഹൂഡ കേസിലും പുനപരിശോധനാ ഹർജികൾ നൽകുന്നതിനെ കുറിച്ച് കൃത്യമായ വിധി ന്യായം ഉണ്ട്. ഇത് പ്രകാരം വിധി പറഞ്ഞ ജസ്റ്റിസുമാർ അവരുടെ ചേമ്പറിൽ ഹർജികൾ പരിശോധിക്കും
8. ഇതിനായി മുതിർന്ന അഭിഭാഷകൻ വിധിയിലെ നിയമപ്രശ്നങ്ങൾ ചൂണ്ടികാട്ടി ഹർജി നൽകണം. പുനപരിശോധനാ ഹർജി പരിഗണിക്കുന്ന സമയം അഭിഭാഷകനോ പ്രതികളോ വാദികളോ ചേമ്പറിൽ ഉണ്ടാകില്ല. ചേമ്പർ വിട്ട് തുറന്ന് കോടതിയിലേയ്ക്ക് ഒരിക്കൽ വിധി പറഞ്ഞ കേസ് വീണ്ടും പരിഗണിക്കുന്നത് അത്യാപൂർവ്വം. ശബരിമല കേസിലെ പുനപരിശോധന ഹർജികളുടെ ലക്ഷ്യം കോടതി പരിശോധിക്കും. പന്ത്രണ്ട് വർഷം നീണ്ട വാദത്തിൽ പറഞ്ഞത് ആവർത്തിക്കുകയാണ് ഹർജിക്കാർ ചെയ്യുന്നതെങ്കിൽ അത് കടുത്ത വിമർശനത്തിനും ഇടയാക്കും
9. റഷ്യയും ആയുള്ള ആണവ കരാറിൽ നിന്ന് അമേരിക്ക പിന്മാറാനുള്ള തീരുമാനത്തിൽ തർക്കം നിലനിൽക്കെ, ഇരു രാജ്യങ്ങളിലെയും നേതാക്കൾ തമ്മിൽ കൂടിക്കാഴ്ച നടത്താൻ സാധ്യത. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുഡിനും തമ്മിൽ നവംബർ രണ്ടിന് പാരീസിൽ വച്ച് കൂടിക്കാഴ്ച നടത്തും എന്ന് വിവരം. ഒന്നാം ലോക മഹായുദ്ധത്തിൻന് അറുതി വരുത്തിയതിന്റെ നൂറാം വാർഷികം ആഘോഷിക്കുന്ന ചടങ്ങിൽ ആയിരിക്കും ഇരുവരുടേയും കൂടിക്കാഴ്ച
10. ഡൊണാൾഡ് ട്രംപ് ചൈനീസ് പ്രസിഡന്റുമായും കൂടിക്കാഴ്ച നടത്തും. അർജന്റൈൻ തലസ്ഥാനമായ ബ്യൂണസ് എറിസിൽ വച്ച് കൂടിക്കാഴ്ച നടക്കുക നവംബർ 30, ഡിസംബർ 1 ദിവസങ്ങളിൽ. വൈറ്റ് ഹൗസ് വൃത്തങ്ങളാണ് ഇതു സംബന്ധിച്ച വിവരം പുറത്തു വിട്ടത്. എന്നാൽ കൂടിക്കാഴ്ച സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ വ്യക്തമായിട്ടില്ല