മലയാള സിനിമാ ലോകത്തിന് ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനായിരുന്നു ലോഹിതദാസ്. സിനിമകൾ മാത്രമല്ല, നടീനടന്മാരെയും ലോഹി സിനിമയ്ക്ക് സമ്മാനിച്ചു. മലയാള സിനിമാ രംഗത്ത് അദ്ദേഹം ഉണ്ടാക്കിയ വിടവ് ഇപ്പോഴും അടയാതെ കിടക്കുകയാണ്. ലോഹിതദാസിന്റെ മരണത്തിന് ശേഷം ഒന്പത് വർഷം പിന്നിടുന്പോൾ, ലോഹിതദാസ് ഭാര്യ സിന്ധു ലോഹിതദാസ് കൗമുദി ടി.വിയുടെ സ്ട്രെയിറ്റ് ലൈൻ പരിപാടിയിൽ മനസ് തുറക്കുകയാണ്.
മലയാള സിനിമയിലെ സൂപ്പർ നടന്മാരായ മമ്മൂട്ടിയും മോഹൻലാലുമൊക്കെ ലോഹിതദാസിന്റെ മരണത്തിന് ശേഷം വിളിക്കുകയോ വിവരങ്ങൾ അന്വേഷിക്കുകയോ ചെയ്തോ എന്ന ചോദ്യത്തിന് അവരൊക്കെ വിളിക്കാറുണ്ടെന്ന് സിന്ധു പറഞ്ഞു. മോഹൻലാലിനും മമ്മൂട്ടിക്കുമെല്ലാം സ്നേഹമുണ്ട്. ദിലീപിന്റെ കരിയറിൽ തന്നെ ബ്രേക്കായ സിനിമയായിരുന്നു സല്ലാപം. ദിലീപ് പലപ്പോഴും വന്നിട്ടുണ്ട്. പിന്നെ അവരൊക്കെ തിരക്കുള്ള നടന്മാരല്ലേ. ലോഹിതദാസും അങ്ങോട്ടും പോയിട്ടുണ്ടാകില്ല. അതിനെ വൈകാരികമായി കാണാൻ ആഗ്രഹിക്കുന്നില്ലെന്നും സിന്ധു പറഞ്ഞു.
ലോഹിതദാസ് നിലനിന്നത് പ്രേക്ഷകർക്ക് വേണ്ടിയാണ്. തന്റെ സിനിമകൾ പ്രേക്ഷകർക്ക് വേണ്ടി ഒരുക്കി. അതിന് വേണ്ടി കഥാപാത്രങ്ങളെ ഉപയോഗിക്കുകയാണ് അദ്ദേഹം ചെയ്തത്. ആരിൽ നിന്നും ഒരു നന്ദിയും അദ്ദേഹം പ്രതീക്ഷിച്ചിട്ടില്ല. തന്റെ കഥാപാത്രങ്ങൾക്ക് ചേരുന്നവരെ നോക്കിയാണ് അദ്ദേഹം അഭിനേതാക്കളെ നിശ്ചയിച്ചത്. അമരത്തിൽ മമ്മൂട്ടിയെ നിശ്ചയിച്ചതു പോലെയാണ് കിരീടത്തിൽ മോഹൻലാലിനെ നിശ്ചയിച്ചത്. ഈ രണ്ടു നടന്മാരും ഒരു ഇലയുടെ അകവും പുറവുമാണ് - സിന്ധു പറഞ്ഞു.