secretariat

തിരുവനന്തപുരം: ചട്ടങ്ങൾ കാറ്റിൽപറത്തി സെക്രട്ടേറിയറ്റിൽ യോഗ്യത ഇല്ലാത്തവരെ ലിഫ്റ്റ് ഓപ്പറേറ്റർമാരായി നിയമിക്കാൻ നീക്കമെന്ന് ആക്ഷേപം. താഴ്ന്ന വിഭാഗം ജീവനക്കാരിൽ നിന്ന് തസ്തിക മാറ്റം വഴിയാണ് ലിഫ്റ്റ് ഓപ്പറേറ്റർമാരെ നിയമിക്കുന്നത്. പത്താംക്ലാസോ അതിന് തുല്യതയോ പാസ് ആണ് കുറഞ്ഞ യോഗ്യത. എന്നാൽ, അതില്ലാത്ത മൂന്നുപേരെ നിയമിക്കാനാണ് നീക്കം നടക്കുന്നത്. ഇതിന് കൂട്ടുനിൽക്കാത്തതിന്റെ പേരിലാണ് പൊതു ഭരണ പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തുനിന്ന് ബിശ്വനാഥ് സിഹ്നയ്ക്ക് സ്ഥാന ചലനം ഉണ്ടായതെന്നാണ് സെക്രട്ടേറിയറ്റിലെ സംസാരം.

2014ലാണ് സംസ്ഥാന സർക്കാരിന്റെ പൊതുഭരണ (എച്ച്) വകുപ്പ് ലിഫ്റ്റ് ഓപ്പറേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചത്. ഫുൾ ടൈം സ്വീപ്പർമാരുൾപ്പെടെയുള്ളവരിൽ നിന്നുള്ള അപേക്ഷയുടെ അടിസ്ഥാനത്തിൽ ലിസ്റ്റ് തയ്യാറാക്കി 2015 മാർച്ച് 23 ന് പ്രസിദ്ധീകരിച്ചു. മൂന്നുവർഷമായിരുന്നു ലിസ്റ്റിന്റെ കാലാവധി.

1961ലെ ഉത്തരവ് പ്രകാരം ലിഫ്റ്റ് ഓപ്പറേറ്റർമാർ പത്താംക്ലാസ് പാസാവണമെന്നില്ലായിരുന്നു. 2016ൽ യോഗ്യത പത്താം ക്ലാസ് പാസ് ആക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു.

ഇപ്പോഴുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുമ്പോൾ നിലവിലെ പട്ടികയിൽ പത്താംക്ലാസ് പാസായവരെ മാത്രമേ നിയമിക്കാൻ കഴിയൂ എന്നാണ് മുൻ പൊതുഭരണ സെക്രട്ടറിയുൾപ്പെടെയുള്ളവർ നിലപാടെടുത്തത്. എന്നാൽ, അത് മറികടന്ന് നിയമനം നടത്താനാണ് നീക്കം നടക്കുന്നതെന്നാണ് ആക്ഷേപം.